ഒന്നാം സീസണ്‍ ബിഗ് ബോസ് മുതല്‍ തന്നെ ബിഗ് ബോസ് ഹൗസിലെ പ്രണയങ്ങള്‍ ചര്‍ച്ചാവിഷയമാണ്. വെറും ചര്‍ച്ച മാത്രമല്ല, മറിച്ച് ബിഗ് ബോസ് ആദ്യ സീസണില്‍ തന്നെ മാതൃകാ ദമ്പതിമാരെ സൃഷ്ടിക്കാന്‍ ബിഗ് ബോസ് ഷോയ്ക്ക് സാധിച്ചു. എന്നാല്‍ രണ്ടാം സീസണില്‍  പ്രണയങ്ങളൊന്നും അത്രകണ്ട് പൂത്തുലഞ്ഞില്ല. പേളിഷ് പ്രണയം പോലെ ആത്മാര്‍ത്ഥതയുള്ളതാണോ സീസണ്‍ രണ്ടിലെ പ്രണയങ്ങള്‍ എന്ന് പലപ്പോഴും പ്രേക്ഷകര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

അലസാന്‍ഡ്ര -സുജോ പ്രണയം മറ്റൊരു രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു. സുജോയ്ക്ക് പുറത്ത് കാമുകിയുണ്ടെന്ന് സുജോയുടെ സുഹൃത്ത് കൂടിയായ പവന്‍ വീട്ടിനുള്ളില്‍ വെളിപ്പെടുത്തിയതോടെ ചര്‍ച്ചയായി. അതുപോലെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രണയകഥ പ്രദീപും രേഷ്മയും തമ്മിലുള്ളതായിരുന്നു. ഇരുവരുടെയും പ്രണയവും ചര്‍ച്ചയായി വരുന്നതിനിടയിലായിരുന്നു ദയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. സ്ട്രാറ്റജിയുടെ  ഭാഗമായാണെങ്കിലും ഇല്ലെങ്കിലും ഇത്തരം കഥകളുടെ രസച്ചരടുകള്‍ പൊട്ടുന്നതായിരുന്നു പുതിയ സംഭവവികാസങ്ങള്‍. നാല് പേര്‍ കണ്ണിന് അസുഖം ബാധിച്ച് പുറത്തായതോടെ ഇത്തരം കഥകള്‍ തന്നെ അവസാനിക്കുകയും ചെയ്തു.

എന്നാല്‍ രസകരമായ മറ്റൊരു സൗഹൃദമാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍  മുളപൊട്ടിയിരിക്കുന്നത്. കുറച്ചുനാളുകള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും എലീനയുടെയും ഫുക്രുവിന്‍റെയും സൗഹൃദം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പ്രണയമെന്ന ആരോപണമില്ലെങ്കിലും ഇരുവരുടെയും സൗദൃദത്തെ രസകരമായാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്‍റുകളില്‍ നിന്ന് വ്യക്തമാകും.

ഇന്നലത്തെ എപ്പിസോഡില്‍ ഈ സൗഹൃദത്തിന്‍റെ രസകരമായ ചില കാഴ്ചകളുണ്ടായിരുന്നു. പാഷാണം ഷാജി എലീനയോട് കാപ്പിയിട്ടുതരാന്‍ ആവശ്യപ്പെട്ടതു മുതലാണ് കഥ തുടങ്ങുന്നത്. എലീന കാപ്പിയിട്ട വന്നപ്പോള്‍ ഷാജി കുളിക്കുകയായിരുന്നു. തിരികെ വന്നപ്പോള്‍ ടീപോയില്‍ വച്ച കാപ്പി ഷാജി കുടിക്കുകയും ചെയ്തു. എന്നാല്‍ താനൊരു കാപ്പി തരാന്‍ പറഞ്ഞിട്ട് തന്നില്ലെന്ന് പരാതി പറഞ്ഞ് ഷാജി എലീനയെ ചൂടാക്കാന്‍ തുടങ്ങി. ഇങ്ങനെ പറഞ്ഞാല്‍ തനിക്ക് സങ്കടമാകുമെന്ന് എലീന പറഞ്ഞിട്ടും ഫുക്രുവും ഷാജിക്കൊപ്പം ചേര്‍ന്നു.

എന്നാല്‍ ഇതിനൊക്കെ ശേഷം എലീനയെ സമാധാനിപ്പിക്കുന്ന രംഗങ്ങളാണ് ഏറെ രസകരം. കുസൃതിയും കൗശലവും നിറച്ച് എലീനയോട് സംസാരിക്കുന്ന ഫുക്രുവും, തന്‍റെ സൗഹൃദം പറയുന്ന എലീനയുമായിരുന്നു രംഗങ്ങളില്‍. 'ഞാന്‍ മറ്റുള്ളവര്‍ പോയപ്പോഴൊന്നും കരഞ്ഞിട്ടില്ല, സുരേഷേട്ടന്‍ പോയപ്പോള്‍ കരഞ്ഞത് തനിക്ക് അടുപ്പമുള്ള ഏകയാള‍് പോയതുകൊണ്ടാണ്, അതിന് ശേഷം ആരുമില്ലാത്തോണ്ട് താനുമായി കമ്പനിയായി" - എലീന പറഞ്ഞു. നിന്‍റെ പ്രായത്തിലുള്ള വേറെ ആരും  ഇല്ലാത്തതുകൊണ്ടാണോ എന്നോട് സൗഹൃദത്തിന് വന്നതെന്ന് ഫുക്രു എലീനയോട് ചോദിച്ചു. അല്ലെടാ തന്നോടെനിക്ക് പ്രേമമായതുകൊണ്ടാണ് എന്നായിരുന്നു എലീന പറഞ്ഞത്. സീരിയസാണോ എന്ന് ചോദിച്ചപ്പോള്‍ അതെ, നീയും പ്രേമിച്ചോ എന്ന് പറഞ്ഞു. അടുക്കളയിലുണ്ടായിരുന്ന മഞ്ജുവിനോട് ഇവളെന്നെ വീട്ടില്‍ നിന്ന് ഇറക്കിവീടീക്കും എന്ന് ഫുക്രു പറഞ്ഞു. എന്നേ വീട്ടില്‍ കേറ്റത്തില്ലാലോ എന്നായിരുന്നു എലീന മറുപടി പറഞ്ഞത്.