Asianet News MalayalamAsianet News Malayalam

'ഹൈ ഡോസ് മരുന്നുകളാണ് അവര്‍ കുത്തിവച്ചത്'; മരണത്തിന് മുന്‍പ് അച്ഛന്‍ അനുഭവിച്ച വേദനയെക്കുറിച്ച് ആര്യ

'രണ്ട് വര്‍ഷത്തോളം അച്ഛന്‍ കഷ്ടപ്പെട്ടു. ഓര്‍മ്മ നഷ്ടപ്പെട്ടു. എന്നെയും അച്ഛന് ഓര്‍മ്മയില്ലായിരുന്നു. ഇടയ്ക്ക് കോമ സ്‌റ്റേജിലേക്ക് പോകും. ഹൈ ഡോസ് മരുന്നുകളാണ് അവര്‍ അച്ഛന് കുത്തിവച്ചുകൊണ്ടിരുന്നത്...'

arya breaks down when remembering her father in bigg boss 2
Author
Thiruvananthapuram, First Published Jan 10, 2020, 11:45 PM IST

ബിഗ് ബോസ് മലയാളം വേദിയില്‍ തങ്ങള്‍ കടന്നുവന്ന ശ്രമകരമായ വഴികളെക്കുറിച്ചും നൊമ്പരപ്പെടുത്തിയ അനുഭവങ്ങളെക്കുറിച്ചും പലരും പറഞ്ഞിരുന്നു. സ്വന്തം ജീവിതം വിവരിക്കാനുള്ള നിര്‍ദേശം ആര്യയ്ക്കാണ് ഇന്ന് ബിഗ് ബോസ് നല്‍കിയത്. വിവാഹജീവിതത്തെക്കുറിച്ചും അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് ആര്യ പ്രധാനമായും പറഞ്ഞത്. അതില്‍ത്തന്നെ അച്ഛനുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും മരണത്തിന് മുന്‍പ് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന വേദനകളെക്കുറിച്ചും പറയവെ ആര്യ പലപ്പോഴും വിതുമ്പി.

'ഗള്‍ഫില്‍ ഒരു ജോലി ചെയ്തിരുന്നു അച്ഛന്‍ മുന്‍പ്. അതിനിടെ വീണ് പരുക്കേറ്റു. ഒരു വശം തളര്‍ന്നതുപോലെയായി. അച്ഛന്റെ സമ്പാദ്യമൊക്കെ അവിടുത്തെ ആശുപത്രിയില്‍ തന്നെ ചിലവായി. പിന്നീട് അച്ഛന്‍ നാട്ടിലെത്തി. ഒരു സുഹൃത്തിന്റെ പരിചയത്തില്‍ അപ്പോള്‍ ആരംഭിച്ച ഒരു ഹോസ്പിറ്റലില്‍ അക്കൗണ്ട്‌സ് മാനേജരായി ജോലി കിട്ടി. എന്നാല്‍ അനാരോഗ്യം അച്ഛനെ വിട്ടുപോയില്ല. ഒരിക്കല്‍ ഞാന്‍ മസ്‌കറ്റില്‍ ഒരു ഷോയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. തിരികെ റൂമിലെത്തിയപ്പോള്‍ ഫോണ്‍ കോള്‍ വന്നു. അച്ഛന് ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചെന്ന വിവരം അറിയിക്കാനായിരുന്നു അത്. പെട്ടെന്ന് നാട്ടിലെത്തി. ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ മൂന്ന് ലക്ഷം വേണമായിരുന്നു. എന്റെ കൈയില്‍ ആകെ 50,000 രൂപയേ ഉണ്ടായിരുന്നുള്ളൂ. പരിപാടിക്ക് പോയപ്പോള്‍ ഗിഫ്റ്റ് കിട്ടിയ ഐഫോണ്‍ വിറ്റ് ആകെ ഒരു ലക്ഷമാക്കി. പിന്നീട് മറ്റുള്ളവരോട് കടം വാങ്ങിയാണ് അന്ന് അച്ഛന്റെ ഡിസ്ചാര്‍ജ് സാധ്യമാക്കിയതെന്നും ആര്യ പറഞ്ഞു.

ഇടയ്ക്ക് 'ബഡായി ബംഗ്ലാവ്' നിര്‍ത്താന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ പേടിയായി. മറ്റൊന്നും അറിയുമായിരുന്നില്ല. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ബുട്ടീക്ക് തുടങ്ങിയാലോ എന്ന് ആലോചിച്ചു. എന്നാല്‍ അതിനുള്ള പണം ഉണ്ടായിരുന്നില്ല. പണയം വെക്കാന്‍ വീടിന്റെ ആധാരം തരാമെന്ന് പറഞ്ഞ് ഒപ്പം നിന്ന ആളായിരുന്നു അച്ഛന്‍, ആര്യ പറഞ്ഞു.

പിന്നീട് കടുത്ത അനാരോഗ്യത്തെയും അസുഖങ്ങളെയും തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ആശുപത്രിവാസം നടത്തേണ്ടിവന്ന അച്ഛനെക്കുറിച്ചും ആര്യ പറഞ്ഞു. 'തലച്ചോറില്‍ രക്തം കട്ടപിടിച്ച അവസ്ഥയില്‍ അച്ഛനെ വീണ്ടും ആശുപത്രിയില്‍ ആക്കേണ്ടിവന്നു. രണ്ട് വര്‍ഷത്തോളം അച്ഛന്‍ കഷ്ടപ്പെട്ടു. ഓര്‍മ്മ നഷ്ടപ്പെട്ടു. എന്നെയും അച്ഛന് ഓര്‍മ്മയില്ലായിരുന്നു. ഇടയ്ക്ക് കോമ സ്‌റ്റേജിലേക്ക് പോകും. ഹൈ ഡോസ് മരുന്നുകളാണ് അവര്‍ അച്ഛന് കുത്തിവച്ചുകൊണ്ടിരുന്നത്. അതൊന്നും അച്ഛന്റെ അപ്പോഴത്തെ ശാരീരികാവസ്ഥയില്‍ താങ്ങാന്‍ പറ്റുന്നതായിരുന്നില്ല'. ഏറെ ബുദ്ധിമുട്ടി ഡിസ്ചാര്‍ജ് വാങ്ങിയിട്ട് അച്ഛന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്കുതന്നെ അദ്ദേഹത്തെ മാറ്റിയെന്നും ആര്യ പറഞ്ഞു. 

മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയില്വര്‍ എന്ന അവസ്ഥയില്‍ എത്തിയിരുന്നു അപ്പോഴേക്കും അച്ഛന്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം മാത്രം നടന്നിരുന്നു. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞ് ബോധം വീണു. പിന്നാലെ ഡയാലിസിസ് മാത്രം നടത്തിയാല്‍ മതിയെന്ന അവസ്ഥയിലേക്കുമെത്തി. എന്നാല്‍ ഒരിക്കല്‍ ഡയാലിസിസിന് കൊണ്ടുചെന്നപ്പോള്‍ ആന്‍ജിയോഗ്രാം ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചെന്നും പിന്നീട് അച്ഛനെ ജീവനോടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നും വിതുമ്പിക്കൊണ്ട് ആര്യ പറഞ്ഞു. ഒരു വര്‍ഷത്തോളം അമ്മ ആശുപത്രിയില്‍ തന്നെയായിരുന്നു. ഷൂട്ടും ഹോസ്പിറ്റലുമായി ആയിരുന്നു എന്റെ ജീവിതം. ഏറെനാള്‍ അച്ഛന് വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നു. വെള്ളം പോലും കുടിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു അവസാനം അച്ഛന്‍. പേടിച്ച് ഞാന്‍ ആ മുറിയിലേക്ക് കയറാതെയായി. കാരണം അച്ഛന്‍ വെള്ളം ചോദിച്ചാല്‍ കൊടുക്കാന്‍ പറ്റില്ലായിരുന്നു. ഡോക്ടര്‍മാര്‍ അങ്ങനെ പറഞ്ഞിരുന്നു. അവസാനം ഒരു ദിവസം അവര്‍ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. അമ്മ തിരികെ വന്ന് എന്നോട് പറഞ്ഞു, അച്ഛനെ അവസാനമായി കണ്ടോളാന്‍ പറഞ്ഞെന്ന്. 'അച്ഛന്‍ എപ്പോഴും കൂടെയുണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്', ആര്യ വിതുമ്പലോടെ പറഞ്ഞുനിര്‍ത്തി. 

Follow Us:
Download App:
  • android
  • ios