മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് വാശിയേറിയ മത്സരത്തിന്റേതാണ്. ഓരോരുത്തരും ഒന്നാം സ്ഥാനത്തിനു വേണ്ടി മാത്രം മത്സരിക്കുന്നു. ഇണക്കങ്ങളും പിണക്കങ്ങളും കയ്യാങ്കളിയുമൊക്കെ ഉണ്ടാകുന്നു. അതിനിടയില്‍ ചില സന്തോഷ നിമിഷങ്ങളുമുണ്ട്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാൻ ലാലേട്ടൻ നടത്തിയ നീക്കങ്ങളും ചെറിയ ഗെയിമും മത്സരത്തിന്റെ ഭാഗമാണെങ്കില്‍ പോലും മത്സരാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷം കുറയ്‍ക്കുന്നതായിരുന്നു.

സിനിമയിലെ സംഭാഷണങ്ങള്‍ ഉപയോഗിച്ചുള്ള ചെറിയൊരു ഗെയിമായിരുന്നു ഇന്ന് ലാലേട്ടൻ നടത്തിയത്. നേരത്തെ എഴുതിവച്ചവയില്‍ നിന്ന് തെരഞ്ഞെടുത്ത ഓരോ സംഭാഷണം ഓരോരുത്തര്‍ക്കും കൊടുക്കും. അത് തെരഞ്ഞെടുക്കപ്പെടുന്നവര്‍ പറയണം. അതില്‍ ആര്യക്ക് കിട്ടിയ സംഭാഷണം പ്രശസ്‍തമായ ഒന്നായിരുന്നു. വെയര്‍ എവര്‍ യു ഗോ, അയാം ദെയര്‍ എന്ന വന്ദനത്തിലെ സംഭാഷണമായിരുന്നു ആര്യക്ക് കിട്ടിയത്.

ആരോടാണ് ആ ഡയലോഗ് പറയുന്നത് എന്ന് മോഹൻലാല്‍ ചോദിച്ചു. എല്ലാവരോടും എന്ന് ആര്യ പറഞ്ഞു. അത് പറ്റില്ല എന്നും പള്ളീല്‍പ്പോയി പറഞ്ഞാല്‍ മതിയെന്നും മോഹൻലാല്‍ വ്യക്തമാക്കിയപ്പോള്‍ ആര്യ ഒരാളെ തെരഞ്ഞെടുത്തു.

വീണാ നായരോടാണ് പറയുന്നത് എന്ന് വ്യക്തമാക്കി. എന്തുകൊണ്ടാണ് വീണാ നായര്‍ എന്ന് മോഹൻലാല്‍ ചോദിച്ചു. വീണാ നായര്‍ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് ആര്യ പറഞ്ഞു.  വീണാ നായരുമായി വര്‍ഷങ്ങളായുള്ള ഫ്രണ്ട്ഷിപ്പാണ്, അത് ഇനിയും തുടരും എന്ന് ഉറപ്പുണ്ട് എന്നും അതിനാല്‍ ഡയലോഗ് പറയുന്നുവെന്നും ആര്യ പറഞ്ഞു.

അങ്ങനെതന്നെ തുടരട്ടെയെന്നു മോഹൻലാല്‍ ആശംസിച്ചു.