ബിഗ് ബോസ്സിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ് ലക്ഷ്വറി പോയന്റ് ടാസ്‍ക്കും എവിക്ഷൻ ഘട്ടവും. ഒന്ന് നേട്ടങ്ങളുടേത് ആണെങ്കില്‍ മറ്റൊരു നഷ്‍ടത്തിന്റെയും പ്രതീകമാണ്. അതുകൊണ്ട് തന്നെ സംഘര്‍ഷങ്ങളും രൂക്ഷമായ ഏറ്റുമുട്ടലുകളും സ്വാഭാവികം. കഴിഞ്ഞ കോയിൻ ടാസ്‍ക്കുമായി ബന്ധപ്പെട്ട ഒരു ഘട്ടത്തില്‍ ആര്യക്ക് ഒരു സ്വിച്ച് പോയന്റ് കിട്ടിയിരുന്നു. സ്വിച്ച് പോയന്റ് കൊണ്ട് എന്തു ചെയ്യാമെന്ന് ഇന്നാണ് മോഹൻലാല്‍ വ്യക്തമാക്കിയതും ആര്യ അത് ഉപയോഗിച്ചതും.

ഒന്നുങ്കില്‍ ഭരിക്കാം അല്ലെങ്കില്‍ ജയിലില്‍ പോകാം എന്നതാണ് സ്വിച്ച് പോയന്റ് കൊണ്ടുള്ള ഗുണം എന്ന് മോഹൻലാല്‍ പറഞ്ഞു. അതിന്റെ മാര്‍ഗ്ഗങ്ങളും മോഹൻലാല്‍ തന്നെ വിശദീകരിച്ചു. ക്യാപ്റ്റൻസിയെ കുറിച്ചാണ് മോഹൻലാല്‍ ആദ്യം സൂചിപ്പിച്ചത്. ക്യാപ്റ്റൻസിക്കായി ഏറ്റവും കൂടുതല്‍ പോയന്റ് ലഭിച്ചത് യഥാക്രമം പാഷാണം ഷാജി, മഞ്ജു പത്രോസ്, പ്രദീപ് ചന്ദ്രൻ എന്നിവര്‍ക്കാണ്. ഏറ്റവും കുറവ് പോയന്റ് ലഭിച്ച് ജയിലില്‍ പോകാൻ സാധ്യതയുള്ളത് യഥാക്രമം രജിത് കുമാറും ജസ്‍ലയുമാണ്. പാഷാണം ഷാജിയെ മാറ്റി ക്യാപ്റ്റൻസിക്കായി മത്സരിക്കാം, അല്ലെങ്കില്‍ രജിത് കുമാറിനോ ജസ്‍ലയ്‍ക്കോ പകരമായി ജയില്‍ പോകുകയോ ചെയ്യാം എന്നതാണ് ആര്യക്ക് സ്വിച്ച് പോയന്റ് കൊണ്ടു കിട്ടാവുന്ന കാര്യങ്ങള്‍ എന്ന് മോഹൻലാല്‍ വ്യക്തമാക്കി.

ആര്യ ഏത് കാര്യമാണ് തെരഞ്ഞെടുക്കുക. അത് ആര്യ പറയും മുമ്പേ മോഹൻലാല്‍ ഇടവേളയെടുത്തു. അതുകൊണ്ടു തന്നെ ആര്യ പിരിമുറക്കത്തിലായി. ആരാധകര്‍ ആകാംക്ഷയിലും. ആര്യ എന്താകും തെരഞ്ഞെടുക്കുകയെന്നത് എന്ന് അറിയാൻ മോഹൻലാലും ആകാംക്ഷയിലായിരുന്നുവെന്ന് വേണം കരുതാൻ.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടെന്ന പോലെ ആര്യ എടുത്ത തീരുമാനം ജയിലില്‍ പോകാനായിരുന്നു. രജിത് കുമാറിന് പകരം ജയിലില്‍ പോകുന്നുവെന്നാണ് ആര്യ പറഞ്ഞത്. രജിത്തിന്റെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. അദ്ദേഹം മരുന്നൊക്കെ കഴിക്കുന്നുണ്ട്. വിശ്രമത്തിന്റെ ആവശ്യമുണ്ട്. ജയില്‍വാസം കുറച്ച് സമ്മര്‍ദ്ദമുള്ളതാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും എല്ലാം. അതുകൊണ്ട് അദ്ദേഹത്തിന് പകരം ഞാൻ പോകാം. തീരുമാനത്തെ കുറിച്ച് ആര്യ വിശദീകരിച്ചു.

ആര്യയുടെ തീരുമാനത്തെ കുറിച്ചുള്ള രജിത് കുമാറിന്റെ പ്രതികരണവും മോഹൻലാല്‍ ചോദിച്ചു. ബുദ്ധിയുടെ സൂക്ഷ്‍മതയാണ്, അതേസമയം സ്‍നേഹത്തിന്റെയും എന്ന് രജിത് കുമാര്‍ പറഞ്ഞു. ആര്യ ആ തീരുമാനം മാത്രമാണ് എടുക്കുകയെന്ന് തനിക്ക് അറിയാമെന്നും രജിത് കുമാര്‍ പറഞ്ഞു. അപ്പോള്‍ ബുദ്ധിയുണ്ട്, സ്‍നേഹവുമുണ്ട് എന്ന് മോഹൻലാല്‍ പറഞ്ഞു. ഒപ്പം കയ്യിലെ പരുക്കുമെന്നും മോഹൻലാല്‍ പറഞ്ഞു. താൻ ഇങ്ങനെയൊക്കെയാണെങ്കിലും ജയിലില്‍ പോയിരിക്കുമെന്നും രജിത് കുമാര്‍ പറഞ്ഞു. ആര്യ ബന്ധങ്ങള്‍ക്ക് ഒക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ് എന്ന് വീണാ നായര്‍ പറഞ്ഞു.