പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വലിയ വീട്ടില്‍ തുടര്‍ച്ചയായി 100 ദിവസം കഴിയേണ്ടിവരുന്ന വ്യത്യസ്തരായ ഒരുകൂട്ടം മനുഷ്യര്‍. ഭാഷാ, ദേശ ഭേദമന്യെ ടെലിവിഷന്‍ കാണികള്‍ ഏറ്റെടുത്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ യുഎസ്പി ഇതാണ്. കാണികളെ സംബന്ധിച്ച് ദിവസം ഒന്നോ ഒന്നരയോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കാഴ്ചാനുഭവമാണ് ബിഗ് ബോസ്. എന്നാല്‍ ഇതിന്റെ പിന്നണിയില്‍ എങ്ങനെയായിരിക്കും? എന്തായിരിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്? 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 70 ക്യാമറകളാണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഉള്ളത്. അതില്‍ നിന്ന് ഒരു മണിക്കൂറിലേക്കോ ഒന്നര മണിക്കൂറിലേക്കോ ദൃശ്യങ്ങള്‍ ചുരുക്കിയെടുക്കുന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞ ജോലിയാണ്? ഷോ ഡയറക്ടര്‍ ഹാഫിസ് ഷംസുദ്ദീന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സുനിത ദേവദാസിനോട് സംസാരിക്കുന്നു.

ഇതിനുപിന്നില്‍ മാസങ്ങളോളമുള്ള അധ്വാനമുണ്ട്. ഒരുപാട് നാളെടുത്താണ് മത്സരാര്‍ഥികളെ തീരുമാനിച്ചത്. അതിനായി ഒരുപാട് പേരെ ഓഡിഷന്‍ ചെയ്തിരുന്നു. പിന്നണിയില്‍ 300-350 പേര്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹാഫിസ് പറയുന്നു. 'കാരണം 24 മണിക്കൂര്‍ ഷൂട്ട് ആണ്. സാധാരണയുള്ള ഷൂട്ടുകളൊക്കെ രാത്രിയില്‍ പാക്കപ്പ് ആവാറാണ് പതിവെങ്കില്‍ ബിഗ് ബോസില്‍ പാക്കപ്പ് എന്ന് പറയുന്ന ഒരു സംഭവം 100 ദിവസം കഴിഞ്ഞിട്ടേ ഉള്ളൂ. 100 ദിവസം കഴിഞ്ഞിട്ടേ പിസിആറിന് പാക്കപ്പ് ഉള്ളൂ. അതുകൊണ്ട് തന്നെ പകലും രാത്രിയും ഇവിടെ ക്രൂ ഉണ്ട്. പല ഷിഫ്റ്റുകളിലായി 300-350 പേര്‍ ജോലി ചെയ്യുന്നുണ്ട്. 

ബിഗ് ബോസില്‍ ഒരു സംഭവം നടന്നുകഴിഞ്ഞാല്‍ അത് മറച്ചുവെക്കാന്‍ ബുദ്ധിമുട്ടാണ്. മറ്റ് എന്തെങ്കിലും ഷൂട്ട് ചെയ്താല്‍ എഡിറ്റ് ചെയ്ത് കളഞ്ഞാല്‍ ആരും കാണില്ലെന്ന് പറയാം. പക്ഷേ ബിഗ് ബോസില്‍ അത് പറ്റില്ല. കാരണം ഒരു സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടായിരിക്കും ചിലപ്പൊ നമ്മള്‍ ആ സംഭവത്തെപ്പറ്റി സംസാരിക്കുക. 24 മണിക്കൂര്‍ ഷൂട്ട് ചെയ്യുന്നതില്‍ പ്രേക്ഷകരെ കാണിക്കാനായി ഉള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കിയിട്ടാണ് എഡിറ്റ് ചെയ്യുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ സ്‌റ്റോറി ലൈന്‍ ഒന്നുമില്ല. നമുക്ക് അങ്ങനെ ചെയ്യാന്‍ പറ്റില്ല. ഈ ഷോയ്ക്ക് റീടേക്ക് ഇല്ല. മത്സരാര്‍ഥികള്‍ ചെയ്യുന്നതിനനുസരിച്ച് കൂടെ പോവുക എന്നേയുള്ളൂ. ടാസ്‌കും കാര്യങ്ങളുമൊക്കെ പ്ലാന്‍ ചെയ്യാം. പക്ഷേ ടാസ്‌കുകളോട് അവര്‍ എങ്ങനെ റിയാക്ട് ചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാന്‍ പറ്റില്ല. 

"