ബിഗ്  ബോസ് സീസണ്‍ ഏഴാം ആഴ്ചയിലേക്ക് കടക്കുകയാണ്. ഇതുവരെയുള്ള സമവാക്യങ്ങളില്‍ നിന്നെല്ലാ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. രജിത്തിനെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുന്നുവോ എന്ന വിഷയത്തില്‍ രജിതിന്‍റെ വാദങ്ങളും മറ്റുള്ളവര്‍ പറഞ്ഞതും മോഹന്‍ലാല്‍ കേട്ടു. ഇരു ഗ്രൂപ്പുകളായി നിന്നവരോടെല്ലാം പ്രശ്നങ്ങള്‍ മനസിലാക്കാന‍് ഉതകുന്ന തരത്തിലായിരുന്നു മോഹന്‍ലാല്‍ സംസാരിച്ചത്.

സ്വയം തിരിച്ചറിയുകയും തിരുത്തുകയും ചെയ്ത് ബിഗ് ബോസ് വീട്ടില്‍ എല്ലാവരും ഒത്തൊരുമയോടെ പോകണമെന്നായിരുന്നു ലാലിന്‍റെ ഉപദേശം. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അതിന്‍റെ മാറ്റങ്ങള്‍ ആ ദിവസം തന്നെ കണ്ടുതുടങ്ങുകയും ചെയ്തു. ബിഗ് ബോസ് കോയിന്‍ കളക്ട് ചെയ്യുന്ന കഴിഞ്ഞ ടാസ്കില്‍ ആര്യക്ക് ലഭിച്ച ആ സ്വിച്ചിങ് പോയിന്‍റ് ഉപോയഗിച്ച് രജിത് കുമാറിന്‍റെ ജയില്‍ വാസം ഏറ്റെടുക്കാന്‍ ആര്യ തയ്യാറായി. രജിത്തേട്ടന് കൈക്ക് മുറിവുള്ളതിനാലും പിന്നെ ചില മാറ്റങ്ങള്‍ വേണമെന്നുള്ളതുകൊണ്ടുമാണ് അങ്ങനെ ചെയ്തതെന്നായിരുന്നു ആര്യ പറഞ്ഞത്. അത്തരത്തില്‍ ബിഗ് ബോസ് വീട്ടില്‍ മഞ്ഞുരക്കം തുടങ്ങിയിരിക്കുന്നു എന്നുവേണം കരുതാന്‍.

അതിന് അടുത്ത കാരണം പുതിയ ക്യാപ്റ്റന്‍സി ടാസ്കാണ്. പുതിയ ടാസ്കില്‍ മത്സരിച്ചത് പാഷാണം ഷാജിയും മഞ്ജുവും പ്രദീപുമായിരുന്നു. മത്സരത്തില്‍ ക്യാപ്റ്റനാകാന്‍ നല്‍കിയ ടാസ്ക് രസകരമായിരുന്നു. ഫൈബര്‍ ഗ്ലാസുകള്‍ നിരത്തിവച്ച് അതിന്‍റെ പിരമിഡ് ഉണ്ടാക്കണം. ആ സമയത്ത് ബാക്കിയുള്ള സോഫ്റ്റ് സ്മൈലി ബോളുകള്‍ ഉപയോഗിച്ച് എറിഞ്ഞ് കപ്പ് താഴെയിടാന്‍ ശ്രമിക്കണം. എന്നാല്‍ മത്സരിക്കുന്ന ആളെ സഹായിക്കാന്‍ രണ്ടുപേരെ സഹായിയായി വിളിക്കാം. ഏറുകളില്‍ നിന്ന് കപ്പ് പിരമിഡിനെ രക്ഷിക്കാന്‍ മാത്രമേ അവര്‍ക്ക് സാധിക്കൂ.

ഈ ടാസ്കില്‍ പാഷാണം ഷാജി വിശ്വാസതയോടെ വിളിച്ച് രജിത്തിനെയും വീണയെയുമായിരുന്നു. പലരും പലവട്ടം എറിഞ്ഞിടാന്‍ ശ്രമിച്ചിട്ടും രജിത്തും വീണയും ഒരു കപ്പിന് പോലും കൊള്ളിക്കാന്‍ ആരും സമ്മതിച്ചില്ല. ഇടയ്ക്കിടെ സമ്മതിക്കില്ല... എന്നെ കൊല്ലണം എന്നൊക്കെ രജിത് പറയുന്നുണ്ടായിരുന്നു. വാശി കേറി ഇപ്പോ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഫുക്രു എറിഞ്ഞെങ്കിലും പിരമിഡ് തകര്‍ക്കാനായില്ല. മഞ്ജുവും പിരമിഡ് പൂര്‍ത്തിയാക്കിയെങ്കിലും കുറഞ്ഞ സമയത്തില്‍ പൂര്ത്തിയാക്കിയ പാഷാണം ഷാജിയെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഷാജി ക്യാപ്റ്റനാകുന്നത്.