ഓരോ മത്സരാര്‍ഥിയുടെയും പ്രകടനം തന്നെയാണ് ബിഗ് ബോസ്സിന്റെ പ്രധാന ആകര്‍ഷണം. മത്സരാര്‍ഥികള്‍ മികവ് കാട്ടുമ്പോള്‍ തന്നെ മികച്ച ടാസ്‍കുകളുമായി ബിഗ് ബോസും സജീവമാകുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ബിഗ് ബോസില്‍ ഉണ്ടാകുകയും ചെയ്യുന്നു. പക്ഷേ സമീപ ദിവസങ്ങളില്‍ ബിഗ് ബോസ് ആരാധകരെ സങ്കടത്തിലാക്കുന്നത് ചില മത്സരാര്‍ഥികളുടെ അഭാവമാണ്. ഇന്നത്തെ ദിവസം ഒരു മത്സരാര്‍ഥി പോലുമില്ലാതെയുള്ള അപൂര്‍വ രംഗവും ബിഗ് ബോസ് വീട്ടില്‍ കണ്ടു.

കണ്ണിന് അസുഖം പിടിക്കുന്നതാണ് മത്സരാര്‍ഥികള്‍ക്ക് പ്രതിസന്ധിയാകുന്നത്. ബിഗ് ബോസ് വീട്ടില്‍ കണ്ണ് രോഗം ഓരോരുത്തര്‍ക്കും മാറിമാറി വരുന്നു. ചില മത്സരാര്‍ഥികളാകട്ടെ വലിയ ശ്രദ്ധ ചെലുത്തുന്നുമുണ്ട്. കണ്ണിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് അഞ്ചുപേരെ കഴിഞ്ഞ ആഴ്‍ച ബിഗ് ബോസ് മാറ്റിത്താമസിപ്പിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സ ആവശ്യമായതിനെ തുടര്‍ന്ന് നാലുപേരെ സ്വന്തം വീടുകളിലേക്കും പറഞ്ഞയച്ചു. പവൻ മാത്രമാണ് ബിഗ് ബോസ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്ന് ദയാ അശ്വതിയെയും എലീനയെയും ചികിത്സയ്‍ക്കായി മാറ്റിത്താമസിപ്പിച്ചു. അതേസമയം എല്ലാവര്‍ക്കും ഇന്ന് പരിശോധന നടത്തുകയും ചെയ്‍തു. പ്രധാന വാതിലിലൂടെ എല്ലാവരെയും പരിശോധനയ്‍ക്കായി ബിഗ് ബോസ് പുറത്തേയ്‍ക്ക് വിളിപ്പിച്ചു. എല്ലാവരും പോയപ്പോള്‍ അനാഥമായ ബിഗ് ബോസ് വീടും പ്രേക്ഷകരെ കാട്ടി.  വര്‍ദ്ധിച്ച ഉത്സാഹത്തോടെ തിരിച്ചെത്തിയ മത്സരാര്‍ഥികള്‍ കണ്ടത് വൃത്തിയാക്കിയ ബിഗ് ബോസ് വീടായിരുന്നു.