ബിഗ് ബോസ് ഹൗസില്‍ നടക്കുന്നതിനെ കുറിച്ചല്ലാതെ പുറത്തു നടക്കുന്നതും, ഉള്ളതുമായ ഒന്നിനെ കുറിച്ചും ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ചകള്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി ബിഗ് ബോസ് ഹൗസിലെ ചര്‍ച്ചകളില്‍ കൂടുതലും ബിഗ് ബോസ് ഹൗസിന് പുറത്തുള്ള ഒരാളെ കുറിച്ചാണ്. മത്സരാര്‍ത്ഥിയായ സുജോയുടെ സുഹൃത്ത് സഞ്ജനയാണ് വലിയ ചര്‍ച്ചകളില്‍ ഇടം നേടുന്നത്. സുജോയുടെ സുഹൃത്ത് പവന്‍ ബിഗ് ബോസില്‍ എത്തിയതു മുതലായിരുന്നു പുറത്തുള്ള സഞ്ജനയുടെ പേര് വീട്ടില്‍ ചര്‍ച്ചയായത്. 

സുജോയുടെ കാമുകിയാണ് സഞ്ജനയെന്ന് പവന്‍ പറയുകയും അതിനെ ചെറുത്ത് സുജോ രംഗത്തുവരികയും ചെയ്തു. വലിയ തര്‍ക്കങ്ങള്‍ക്കും ബിഗ് ബോസ് ഹൗസ് സാക്ഷിയായി. ഇതിന് പിന്നാലെ സഞ്ജനയും പ്രതികരണവുമായി എത്തി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടും സഞ്ജന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ തന്‍റെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകളെ കുറിച്ചും വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയും സഞ്ജന ഇന്‍സ്റ്റഗ്രാമിലൂടെ രംഗത്തെത്തി. 

ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് സഞ്ജന. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജന ചില കാര്യങ്ങള്‍ പറയുന്നത്. 'ഞാനും സുജോയും തമ്മില്‍ എട്ട് മാസമായി അടുത്ത ബന്ധത്തിലാണ്.  ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാം അത് അറിയാവുന്നതാണ്. ഞങ്ങള്‍ ഭാവിയില്‍ വിവാഹം ചെയ്യാനും ആലോചിച്ചിരുന്നു. ഷോയില്‍ പങ്കെടുക്കാന്‍പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ഒരുമിച്ചാണ് പുതുവത്സരം ആഘോഷിച്ചത്. 

ഞാന്‍ വഞ്ചിക്കപ്പെട്ടതായും അപമാനിക്കപ്പെട്ടതായും എനിക്ക് തോന്നുന്നു. ഷോയില്‍ ഞാന്‍ കാമുകിയാണെന്ന് പറയണോ വേണ്ടയോ എന്നത് സുജോയുടെ കാര്യമാണ്. പക്ഷെ, ആരാണ് സഞ്ജന എന്ന് ചോദിച്ച് അലസാന്‍ഡ്രയെ കെട്ടിപ്പിടിച്ചത് കണ്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. അപ്പോള്‍ എനിക്ക് ഞാന്‍ വഞ്ചിക്കപ്പെട്ടതായും അപമാനിക്കപ്പെട്ടതായും തോന്നുന്നുവെന്നും സഞ്ജന പറയുന്നു.  

അലസാന്‍ഡ്രയുമായി സുജോ പ്രണയത്തിലായെങ്കില്‍ എനിക്ക് പ്രശ്നമില്ല. പക്ഷെ, എന്തിനാണ് എന്‍റെ വിശ്വാസ്യതയെയും ഇഷ്ടത്തെയും തകര്‍ത്തുകൊണ്ട് അത് ചെയ്യുന്നത്. ഷോയ്ക്ക് പുറത്തുവന്നാല്‍ ഞാന്‍ അത് ചോദിക്കും. ഷോയിലേക്ക് പോകും മുമ്പ് വാരാന്‍ സാധ്യതയുള്ള റൂമറുകളെയും വാര്‍ത്തകളെയും കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്നേക്കാള്‍  ചേര്‍ച്ചയുള്ള ഒരു മലയാളി ക്രിസ്ത്യന്‍ കുട്ടിയെ കിട്ടിയാല്‍ എങ്ങനെയിരിക്കും?, ചോദ്യത്തിന് ഐ ലവ് യു എന്നായിരുന്നു മറുപടി നല്‍കിയത്.