മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ പുതുമയുടെ വസന്തം തീര്‍ത്ത ബിഗ്ബോസ് രണ്ടാം സീസണിലേക്ക് കടക്കുകയാണ്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് ഹൗസിലേക്കെത്തുന്ന പതിനേഴ് മത്സരാര്‍ത്ഥികള്‍ ആരെന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് അവസാനമാകുകയാണ്. കിരീടപ്രതീക്ഷകളുമായെത്തുന്ന 17 പേരും വിവിധ രംഗങ്ങളില്‍ പ്രശസ്‍തരായവരാണ്. ബിഗ് ബോസ് പട്ടം സ്വന്തമാക്കാൻ തന്നെ കച്ചകെട്ടി എത്തുകയാണ് മിനിസ്‍ക്രീൻ താരം എലീന പടിക്കല്‍.

മിനിസ്‌ക്രീനിലൂടെ സുപരിചിതയായ എലീന പടിക്കല്‍ അവതാരക എന്ന നിലയിലും പ്രശസ്‍തയാണ്. സീരിയല്‍ താരം, അവതാരക എന്ന നിലകളില്‍ ശോഭിച്ച എലീന ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. 2017ലെ ജനപ്രിയ നടിക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷന്‍ പുരസ്‌കാരം എലീനയ്ക്ക് ലഭിച്ചിട്ടുണ്ട്.

മികച്ച ടെലിവിഷന്‍ അഭിനേത്രിയ്ക്കുള്ള തിക്കുറിശ്ശി പുരസ്‌കാരം, മികച്ച ടെലിവിഷന്‍ അവതാരകയ്ക്കുള്ള അറ്റ്ലസ് ടെലിവിഷന്‍ പുരസ്‌കാരം എന്നിവയും എലീനയെ തേടിയെത്തിയിട്ടുണ്ട്. മിനിസ്ക്രീനിനൊപ്പം സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയപ്പോഴെല്ലാം സഹിഷ്‍ണുതയോടെ പെരുമാറിയും എലീന കൈയ്യടി നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലില്‍ നയന എന്ന കഥാപാത്രമായി എത്തിയ എലീന സ്വതസിദ്ധമായ അഭിനയം കൊണ്ടു കുടുംബ സദസ്സുകള്‍ക്കു പ്രിയങ്കരിയായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം തന്‍റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഞായറാഴ്ച വൈകിട്ട് ആറിനാണ് ബിഗ്ബോസ് രണ്ടാം സീസണിന് തുടക്കമാകുന്നത്. ആദ്യ സീസണിലേതുപോലെ മോഹന്‍ലാല്‍ തന്നെയാണ് അവതാരകന്‍. ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ഇത്തവണ ബിഗ് ബോസ് മലയാളത്തിന്‍റെ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്.