ബിഗ് ബോസ് വീട്ടില്‍ ഓരോ മത്സരാര്‍ഥിയും തമ്മില്‍ രൂക്ഷമായ പോരാട്ടത്തിലാണ്. എങ്ങനെയും ഒന്നാമത് എത്തുക അല്ലെങ്കില്‍ ഗ്രാൻഡ് ഫിനാലെയിലെങ്കിലും സ്ഥാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഓരോരുത്തരും മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ബിഗ് ബോസ് വീട്ടില്‍ പലപ്പോഴും കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്യാറുണ്ട്. ഇനി പോരാട്ടം ഒന്നുകൂടി കടുക്കും എന്ന സൂചന നല്‍കി ബിഗ് ബോസ് വലിയൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടാസ്‍ക്കില്‍ ഏറ്റവും കൂടുതല്‍ പോയന്റ് കിട്ടുന്ന ആള്‍ക്ക് നേരിട്ട് ഗ്രാൻഡ് ഫിനാലെയില്‍ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്നാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്.

ഓരോ ആഴ്‍ചയിലെയും ടാസ്‍ക് പ്രഖ്യാപിക്കുന്ന വേളയിലാണ് ബിഗ് ബോസ് ഓഫര്‍ പ്രഖ്യാപിച്ചത്. സ്വര്‍ണ ഖനിയുമായി ബന്ധപ്പെട്ടതായിരുന്നു ഇന്ന് നല്‍കിയ ടാസ്‍ക്. സ്വര്‍ണ ഖനിയില്‍ നിന്ന് സ്വര്‍ണം കുഴിച്ചെടുക്കാനായിരുന്നു നിര്‍ദ്ദേശം. ആക്റ്റീവിറ്റി ഏരിയയില്‍ തയ്യാറാക്കിയ സ്വര്‍ണ ഖനിയില്‍ നിന്ന് സ്വര്‍ണം കുഴിച്ചെടുക്കാം. അത് മോഷണം പോകാതെ സൂക്ഷിക്കണം. അങ്ങനെ ഓരോ ഘട്ടത്തിലും സ്വര്‍ണം സ്വന്തമാക്കുകയും വേണം. പക്ഷേ ലക്ഷ്വറി ടാസ്‍ക്കുകളില്‍ ലഭിക്കുന്ന പോയന്റ് മാത്രമല്ല ഇനി ഉണ്ടാകുക എന്നും ബിഗ് ബോസ് പ്രഖ്യാപിച്ചു. ഇന്നേയ്‍ക്ക് പന്ത്രണ്ടാമത്തെ ആഴ്‍ചയില്‍ ഏറ്റവും കൂടുതല്‍ പോയന്റ് കിട്ടുന്ന ആള്‍ക്ക് നേരിട്ട് ഗ്രാൻഡ് ഫിനാലെയില്‍ പങ്കെടുക്കാൻ അവസരം കിട്ടുമെന്നാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് ഇനി ബിഗ് ബോസ് വീട്ടില്‍ മത്സരം രൂക്ഷമാകും എന്ന് ഉറപ്പ്.