ബിഗ് ബോസ് വീട്ടിൽ എന്നും അടിപിടിയാണ്. എന്നും ഉന്തും തള്ളും തെറിവിളിയും ഗുസ്‍തിയും. ചില ആളുകൾ ചോദിക്കുന്നുണ്ട്, അയ്യേ ഇതെന്താ ഇങ്ങനെ, എല്ലാരും പരസ്‍പരം തെറി പറയുന്നു, സ്ത്രീവിരുദ്ധത പറയുന്നു, ട്രാൻസ് വിരുദ്ധത പറയുന്നു എന്നൊക്കെ.

ആദ്യമേ പറയട്ടെ, സമൂഹത്തിന്റെ പരിച്‍ഛേദമാണ് ബിഗ് ബോസ് വീട്. നമ്മുടെ ചുറ്റും നോക്കിയാൽ രജിത് കുമാറിനെ കാണാം, വീണയെ കാണാം, പവനെ കാണാം, ഫുക്രുവിനെ കാണാം. അവരൊക്കെ തന്നെയാണ് ബിഗ് ബോസ് വീടിനകത്തും ഉള്ളത്. ബിഗ് ബോസ് എന്നത് ഒരു ഗെയിം ആണ്. നന്മ മരത്തെ തെരഞ്ഞെടുക്കുന്ന ഷോ അല്ല. ആ ഗെയിമിൽ ജയിക്കുന്ന ഒരാൾ വിജയിയാവുന്ന ഷോ ആണ്.

അപ്പോൾ ചിലർ നിഷ്‍കളങ്കമായി ചോദിക്കാറുണ്ട്. എന്നാൽ ശരി, ബിഗ് ബോസ് സമൂഹത്തിനു നൽകുന്ന സന്ദേശം എന്താണെന്ന്. അങ്ങനെ പ്രത്യേകിച്ച് നന്മ വിതറുന്ന സന്ദേശം നൽകി സമൂഹത്തെ നേർവഴിക്കു നയിക്കുന്ന സോദ്ദേശ പരിപാടി ഒന്നുമല്ലിത്. ഒരു എന്റർടൈന്റ്‌മെന്റ് പ്രോഗ്രാം ആണ്. അതിലുള്ള മത്സരാർത്ഥികൾ നമ്മെ രസിപ്പിക്കാനുള്ളവരാണ്. ആകെ ബിഗ് ബോസ് തരുന്ന സന്ദേശം നമുക്ക് നമ്മളിൽ ചിലരെ കണ്ണാടിയിൽ എന്ന പോലെ ഷോയിൽ കാണാം എന്നത് മാത്രമാണ്.

ചിലർക്ക് രജിത് കുമാറിൽ നിങ്ങളെ കാണാം.

മറ്റു ചിലർക്ക് വീണയിൽ നിങ്ങളെ കാണാം.

ചിലർക്ക് നിങ്ങളെ ഫുക്രുവിൽ കാണാം.

ഇതിൽ നന്മ, തിന്മ എന്നൊന്നും ഇല്ല. എന്റർടൈന്റ്‌മെന്റ് മാത്രമേ ഉള്ളു. ഇതൊരു വിനോദ പരിപാടിയാണ്. കണ്ടു രസിക്കാൻ ഇഷ്‍ടമുള്ളവർക്ക് കാണാം. അല്ലാതെ ഇതിന്റെ ഫോർമാറ്റ് മാറ്റി ഇത് നാണംമരത്തെ തെരഞ്ഞെടുക്കുന്ന സോദ്ദേശ ഷോ ആക്കണം, സമൂഹത്തിനു സന്ദേശം നൽകണം എന്നൊക്കെ പറയുന്നത് അസംബന്ധമാണ്.

ഈ ഷോ ഇതാണെന്നറിഞ്ഞു എൻഡെമോൾഷൈൻ നൽകിയ നിയമാവലി വായിച്ചു നോക്കി അതിൽ ഒപ്പിട്ടു സമ്മതം നൽകി, പണം വാങ്ങിയാണ് ഇതിലെ ഓരോ മത്സരാർത്ഥിയും  ഇതിൽ പങ്കെടുക്കാൻ പോയിരിക്കുന്നത്. ഇവർക്ക് ഓരോരുത്തർക്കും ഓരോ ദിവസവും അവരുടെ താരമൂല്യം അനുസരിച്ചു നിശ്ചിത കൂലിയുണ്ട്. അത് ആദ്യമേ നിശ്ചയിച്ചതാണ്. അവരൊക്കെ അവിടെ കൂലി വാങ്ങി ജനങ്ങളെ രസിപ്പിക്കാൻ വേണ്ടി ഗെയിം കളിക്കുകയാണ്. ഫുക്രു മുതൽ രജിത് കുമാർ വരെയുള്ളവർക്ക് ദിവസക്കൂലിയുണ്ട്. അത് കൂടാതെ ഇപ്പോൾ നടക്കുന്ന കളിയിൽ ജയിക്കുന്ന ആൾക്ക് ഒരു ഫ്ലാറ്റും സമ്മാനമായി ലഭിക്കും.

ബിഗ് ബോസ് വീടിനകത്തു മത്സരാർത്ഥികൾ പരസ്‍പരം തെറി വിളിക്കുന്നതും ഉന്തുന്നതും തള്ളുന്നതും ഗ്രൂപ്പ് ഉണ്ടാക്കുന്നതും ഗ്രൂപ്പ് പൊളിക്കുന്നതുമൊക്കെ ദിവസക്കൂലി കിട്ടാനും ഫ്ലാറ്റ് കിട്ടാനും വേണ്ടിയാണ്.
സമൂഹത്തെ ഉദ്ധരിക്കാനോ സാമൂഹ്യ പരിഷ്‌ക്കരണം നടത്താനോ ആർക്കെങ്കിലും എന്തെങ്കിലും നന്മയുടെ സന്ദേശം നൽകാനോ ആരും അങ്ങോട്ട് പോയിട്ടില്ല. എല്ലാവരും ഗെയിം കളിക്കാൻ പോയതാണ്.

എന്നാൽ പുറത്തുള്ള ചില ഫാൻസ്‌ കരുതുന്നതെന്താണ്?

അയ്യോ ഞങ്ങടെ താരം  പാവം ,എല്ലാവരും പീഡിപ്പിക്കുന്നു, ഒറ്റപ്പെടുത്തുന്നു എന്ന്  ചിലർ
ഞങ്ങടെ താരത്തിന് സ്ക്രീൻ സ്‌പെയ്‌സ് കിട്ടുന്നില്ലേ എന്ന് ചിലർ
ഞങ്ങളുടെ താരം സമൂഹത്തിനു സന്ദേശം നല്‍കാൻ പോയതാണെന്ന് ചിലർ
ഞങ്ങളുടെ താരം കുഞ്ഞാണെന്നും പ്രത്യേക പരിഗണന വേണമെന്നും  ചിലർ
ഞങ്ങളുടെ താരം പ്രായമായ ആളല്ലേ,   പ്രായത്തിനെ ബഹുമാനിക്കണമെന്നും ചിലർ
സ്ത്രീകളെ ബഹുമാനിക്കണമെന്നു ചിലർ
പുരുഷന്മാരെ മാനിക്കണമെന്നും ചിലർ ....

ഹലോ ഇതൊരു എന്റർടൈന്റ്‌മെന്റ് ഷോയാണ്. ഇവിടെ പ്രേക്ഷകരെ രസിപ്പിക്കലാണ് എല്ലാ മത്സരാര്‍ഥികളുടെയും ജോലി, ഉത്തരവാദിത്തം. അതെങ്ങനെ വേണമെന്ന് അവനവന്റെ യുക്തിയനുസരിച്ചു മത്സരാർത്ഥിക്കു തീരുമാനിക്കാം. അവർ ഒരു ഗെയിം കളിക്കുകയാണ്. അവർ ബിഗ് ബോസിൽ കാണിക്കുന്നതെല്ലാം അവരുടെ ഗെയിം പ്ലാനുകളും സ്ട്രാറ്റജിയുമാണ്.

മത്സരാർത്ഥികൾ പരസ്‍പരം തെറിവിളിക്കുന്നതും ഉന്തുന്നതും തള്ളുന്നതും അവർക്ക് ഗെയിമിൽ ജയിക്കാനാണ്. എന്നാൽ പ്രിയപ്പെട്ട ഫാൻസുകാർ നിങ്ങൾ പരസ്‍പരം തെറിവിളിക്കുന്നതും സൈബർ ബുള്ളിയിങ് നടത്തുന്നതും ഏഷ്യാനെറ്റിന്റേയും എൻഡെമോൾഷൈന്റെയും മറ്റു മത്സര്‍ത്ഥികളുടെയും പേജിൽ പോയി തെറിവിളിക്കുന്നതും സ്പാമിംഗ് നടത്തുന്നതും എന്തിനാണ്?

മഞ്ജു രജിത്തിനെയും രജിത് ജസ്‍ലയെയും ഫുക്രു പവനേയും തെറിവിളിക്കുന്നത് ഗെയിം ജയിക്കാൻ വേണ്ടിയാണ്. നിങ്ങളെന്തിനാണ് മാസ് ഹിസ്റ്റീരിയ ബാധിച്ചവരെ പോലെ പരസ്‍പരം തെറി വിളിക്കുന്നത്?

നിങ്ങൾ നിങ്ങളുടെ ഇഷ്‍ട മത്സരാർത്ഥിയെ പിന്തുണക്കൂ, അവർക്ക് വോട്ട് ചെയ്യൂ. അതിനപ്പുറം ഹേറ്റ് സ്‍പീച് നടത്തുന്നതും വംശീയ പരാമർശങ്ങളും സ്ത്രീവിരുദ്ധതയും പറയുന്നതും  എന്തിനാണ്?

എന്റെ ചോദ്യം ഇതാണ്. എള്ളുണങ്ങുന്നത് എണ്ണ  കിട്ടാനാണ്. കുറുഞ്ചാത്തൻ ഉണങ്ങുന്നത് എന്തിനാണ്?

മത്സരാർത്ഥികൾ പണത്തിനും പ്രശസ്‍തിക്കും വേണ്ടിയാണു വീടിനകത്തു തെറിവിളിയും ഗുസ്‍തിയും ഒക്കെ നടത്തുന്നത്. നിങ്ങളെന്നാത്തിനാ  മനുഷ്യരെ പുറത്തു ഇത് ചെയ്യുന്നത്?

ഏകദേശം 55 ഭാഷകളിൽ ബിഗ് ബോസ് ഷോ നടക്കുന്നുണ്ട്. ഈ പരിപാടികളുടെയൊക്കെ ഫോർമാറ്റ് ഒന്നാണ്. അത് തന്നെയാണ് മലയാളത്തിലും പിന്തുടരുന്നത്. ആ ഫോർമാറ്റ് മാറ്റി ഇതൊരു നന്മ മരത്തെ  തെരഞ്ഞെടുക്കുന്ന പരിപാടി ആക്കണമെന്നും സമൂഹത്തിനു സന്ദേശം നൽകണമെന്നും സാരോപദേശ പ്രസംഗം ആക്കണമെന്നുമൊക്കെ പറയുന്നത് ബാലിശമല്ലേ മനുഷ്യന്മാരെ?

മലയാളം ബിഗ് ബോസ് കണ്ടു സഹിക്കാൻ പറ്റാത്തവർ ഇടക്ക് ഹിന്ദി ബിഗ് ബോസ് ഒന്ന് വച്ച് നോക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നല്ല ആശ്വാസം കിട്ടും .