ബിഗ് ബോസ് ഹൗസിലും പുറത്തുമായി ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകളാണ് സുജോ, അലസാന്‍ഡ്ര എന്നിവരുടേത്. ബിഗ് ബോസ് ഹൗസിനകത്തുള്ള ഇരുവരുടെയും പേരുകള്‍ ചര്‍ച്ചയാകുന്നതില്‍ അതിശയമൊന്നുമില്ല. എന്നാല്‍ അവരേക്കാള്‍ ഏറെ ആരാധകരെ സൃഷ്ടിക്കുകയും മലയാളികളുടെ സ്നേഹ പാത്രമാവുകയും ചെയ്ത ഒരാളാണ് സുജോയുടെ സുഹൃത്ത് കൂടിയായ സ‍ഞ്ജന. സുജോയുമായി പ്രണയത്തിലാണെന്ന് സഞ്ജന പറയുമ്പോള്‍ ബിഗ് ബോസ് വീട്ടില്‍ അത് നിഷേധിക്കുകയാണ് സുജോ. അതേസമയം തന്നെ സുഹൃത്ത് പവനും സഞ്ജനയ്ക്കുവേണ്ടി ബിഗ് ബോസ് വീട്ടില്‍ സംസാരിക്കുന്നു. പവന്‍റെ വെളിപ്പെടുത്തലോടെയാണ് വിഷയം കൂടുതല്‍ ചൂടുപിടിച്ചത്.

കണ്ണിന് അസുഖം ബാധിച്ച് സുജോയും അലസാന്‍ഡ്രയും താല്‍ക്കാലികമായി വീടിന് പുറത്താണെങ്കിലും ചര്‍ച്ചകളില്‍ നിന്ന് ഇവരും ഈ വിഷയവും മാറിയിട്ടില്ല. അടുത്തിടെ സഞ്ജന ഇന്‍സ്റ്റഗ്രാമിലിട്ട ഒരു കുറിപ്പിലാണ് കൂടുതല്‍ ചര്‍ച്ചകള്‍ തുടരുന്നത്. സഞ്ജന ബിഗ് ബോസിലേക്ക് വരണമെന്നും സുജോയെ പൊളിച്ചടുക്കണമെന്നുമൊക്കെയുള്ള കമന്‍റുകള്‍ക്കെല്ലാം സഞ്ജന മറപടി നല്‍കുന്നുണ്ട്. അതിനിടയില്‍ ബിഗ് ബോസിലേക്ക് സഞ്ജന വരുന്നുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന്, അത് സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ല എന്നായിരുന്നു മറുപടി.

തന്‍റെ പേരില്‍ നിരവധി ഫേക്ക് അക്കൗണ്ടുകളുണ്ടെന്നും അത്തരം പ്രചാരണങ്ങളില്‍ നിന്ന് പിന്മാറണമെന്നുമുള്ള സഞ്ജനയുടെ പോസ്റ്റിന് താഴെയാണ് മലയാളികള്‍ കമന്‍റുകളുമായി എത്തിയത്. നിങ്ങള്‍ സുജോ ചേരില്ല, നിങ്ങള്‍ ഓസം ആണ് ... എന്ന ഒരാളുടെ കമന്‍റിന് ദൈവം അവിടെയുണ്ട് എന്നായിരുന്നു സഞ്ജനയുടെ മറുപടി. ഈ കമന്‍റും ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍ മലയാളി പ്രേക്ഷകര്‍.