ബിഗ് ബോസ് വളരെ സജീവമായി പ്രേക്ഷകപ്രീതിയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ചില മത്സരാര്‍ഥികള്‍ അസുഖബാധിതരായതാണ് ചെറിയ കല്ലുകടിയായത്. ആള്‍ക്കാരുടെ എണ്ണം കുറവെങ്കിലും ബിഗ് ബോസ് വീട്ടിലെ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും തുടരുകയും ചെയ്യുന്നു. കണ്ണിന് അസുഖത്തെ തുടര്‍ന്ന് അഞ്ചുപേരെ ബിഗ് ബോസ് വീട്ടില്‍ നിന്ന് ചികിത്സയ്‍ക്കായി മാറ്റിത്താമസിപ്പിച്ചിരുന്നു. എന്നാല്‍ അവരില്‍ നാല് പേര്‍ക്കും വിദഗ്ദ്ധ ചികിത്സ ആവശ്യമായെന്നും ഒരാള്‍ തിരിച്ചെത്തുമെന്നും ബിഗ് ബോസ് അറിയിച്ചത് വീട്ടില്‍ സങ്കടത്തിനും സന്തോഷത്തിനും കാരണമായി.

എല്ലാവരും കൂടിയിരിക്കുമ്പോഴായിരുന്നു ബിഗ് ബോസ് പ്രഖ്യാപനം നടത്തിയത്. നാല് പേര്‍ക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമായി വന്നെന്നും അതിനാല്‍ അവര്‍ സ്വന്തം വീടുകളിലേക്ക് പോയെന്നും ബിഗ് ബോസ് അറിയിച്ചു. ഒരാള്‍ തിരിച്ചെത്തുമെന്നും പറഞ്ഞു. തുടര്‍ന്ന് പവൻ തിരിച്ചെത്തുകയും ചെയ്‍തു. രഘു, അലസാൻഡ്ര, സുജോ, രേഷ്‍മ എന്നിവരാണ് സ്വന്തം വീടുകളിലേക്ക് പോയത്. നാല് പേര്‍ സ്വന്തം വീടുകളിലേക്ക് പോയെന്ന വാര്‍ത്ത ബിഗ് ബോസ് വീട്ടില്‍ സങ്കടമുണ്ടാക്കി. മഞ്ജു പത്രോസ് കരയുകയും ചെയ്‍തു. എന്തായാലും അവര്‍ തിരിച്ചുവരുമെന്നാണ് ആര്യ പറഞ്ഞത്. അതേസമയം ബിഗ് ബോസ് വീട്ടില്‍ തിരിച്ചെത്തിയ പവനോട് മറ്റുള്ളവര്‍ കാര്യം തിരക്കി. എന്നാല്‍ താൻ ഒറ്റയ്‍ക്കായിരുന്നുവെന്നും മറ്റ് നാലുപേരെ കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു പവൻ പറഞ്ഞത്. രഘു രോഗത്തിന് പ്രാധാന്യം നല്‍കിയില്ലെന്നും അതാണ് മറ്റുള്ളവര്‍ക്കും വരാൻ കാരണമെന്നും പാഷാണം ഷാജി പിന്നീട് ചര്‍ച്ചയില്‍ പറഞ്ഞു. രഘുവിന് ഉറക്കം കുറവാണ് അതിനാല്‍ പാതിരാത്രിയിലും മറ്റുള്ളവരോട് ചര്‍ച്ച ചെയ്യുകയാണ് പതിവെന്നും പാഷാണം ഷാജി പറഞ്ഞു. അതേസമയം സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയവര്‍ക്ക് വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് വരാനാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.