തമിഴ് ബിഗ് ബോസ് സീസണ്‍-3 വിജയിയായി മലേഷ്യയില്‍ നിന്നുള്ള ഗായകന്‍ മുകേന്‍ റാവു. 50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിച്ച സമ്മാനത്തുക. നര്‍ത്തകനും കൊറിയോഗ്രാഫറുമായ സാന്‍ഡിയാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്.

കമല്‍ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ മൂന്ന് 105 ദിവസങ്ങള്‍ നീണ്ടുനിന്നു. 16 മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോ ഫിനാലെ ഘട്ടത്തില്‍ എത്തിയപ്പോള്‍ നാല് പേരാണ് ശേഷിച്ചത്. ബിഗ് ബോസ് തമിഴ് മൂന്നാം സീസണില്‍ പ്രേക്ഷകരില്‍ നിന്ന് ആകെ ലഭിച്ച വോട്ട് 200 കോടിയ്ക്കടുത്ത് വരുമെന്ന് സ്റ്റാര്‍ വിജയ് ബിസിനസ് ഹെഡ് കൃഷ്ണന്‍ കുട്ടി പറഞ്ഞു. ഫൈനലിന് മാത്രമായി 20 കോടി വോട്ടുകള്‍ ലഭിച്ചെന്നും. 

വിജയിയായി പ്രഖ്യാപിക്കപ്പെട്ട മുകേന്‍ റാവുവിനേക്കാള്‍ ജനപ്രീതി നേടിയ മത്സരാര്‍ഥികള്‍ ഷോയില്‍ ഉണ്ടായിരുന്നു. ശ്രീലങ്കന്‍ മോഡലും യുവനടനുമായ തര്‍ഷന്‍ ആയിരുന്നു അതില്‍ ഒരാള്‍. എന്നാല്‍ ഫിനാലെയ്ക്ക് മുന്‍പുള്ള വാരാന്ത്യത്തില്‍ തന്നെ തര്‍ഷന്‍ പുറത്തായിരുന്നു. എന്നാല്‍ തന്റെ നിര്‍മ്മാണക്കമ്പനി രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ അദ്ദേഹവുമായി കരാറില്‍ ഏര്‍പ്പെടുകയാണെന്ന് ഫിനാലെ വേദിയില്‍ കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. ഷോയില്‍ ഉടനീളം ആരാധകരുണ്ടായിരുന്ന കെവിന്‍ എന്ന മത്സരാര്‍ഥിക്ക് 'ഗെയിം ചേഞ്ചര്‍' ടൈറ്റില്‍ ലഭിച്ചു. ഏറ്റവും അച്ചടക്കം പുലര്‍ത്തിയ മത്സരാര്‍ഥിക്കുള്ള സമ്മാനം ചേരന് ലഭിച്ചു.