ബിഗ് ബോസ് തെലുങ്ക് സീസണ്‍ 3ന് തുടക്കം. നാഗാര്‍ജ്ജുന അവതാരകനാവുന്ന ഷോയുടെ ആദ്യ എപ്പിസോഡ് ഞായറാഴ്ച സംപ്രേഷണം ചെയ്തു. അടുത്ത 100 ദിനങ്ങളിലായി 15 മത്സരാര്‍ഥികള്‍ ബിഗ് ബോസ് ഹൗസില്‍ എത്തും. സിനിമ, ടെലിവിഷന്‍, സംഗീത മേഖലകളില്‍ നിന്നും ഒപ്പം സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളും 15 പേരില്‍ ഇടംപിടിച്ചിട്ടുണ്ട്. 

പതിനഞ്ചില്‍ എട്ട് സ്ത്രീകളും ഏഴ് പുരുഷന്മാരുമാണുള്ളത്. 'ഉയ്യല ജമ്പള'യിലൂടെ ശ്രദ്ധ നേടിയ നടി പുനര്‍നവി ഭൂപാളം, തെലുങ്ക് സിനിമയിലെ താരദമ്പതികളായ വരുണ്‍ സന്ദേശ്, വിതിക ഷേരു, 'ജൂനിയര്‍ സാമന്ത' എന്നും വിളിപ്പേരുള്ള അഷു റെഡ്ഡി, വൈറലായ നിരവധി വീഡിയോ അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ മാധ്യമപ്രവര്‍ത്തകന്‍ ജാഫര്‍ ബാബു, നൃത്തസംവിധാനത്തില്‍ നിന്ന് സംവിധാനത്തിലേക്കെത്തിയ ബാബ ഭാസ്‌കര്‍, 'ഫണ്‍ ബക്കറ്റ്' എന്ന കോമഡി സിരീസിലൂടെ ശ്രദ്ധ നേടി സിനിമയില്‍ കോമഡി വേഷങ്ങളില്‍ എത്തിയ മഹേഷ് വിട്ട, ടെലിവിഷന്‍ അവതാരക ശ്രീമുഖി, മറ്റൊരു അവതാരക 'തീന്‍മാര്‍' സാവിത്രി, സ്വഭാവനടി ഹേമ, ടിവി താരങ്ങളായ അലി റെസ, രവികൃഷ്ണ, സീരിയല്‍ താരങ്ങളായ ഹിമജ റെഡ്ഡി, രോഹിണി നോനി, ഗായകന്‍ രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവരാണ് 15 മത്സരാര്‍ഥികള്‍.

ബിഗ് ബോസ് ഷോയുടെ നിയമമനുസരിച്ച് ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ഥികളുടെ ഇനിയുള്ള 100 ദിനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഓരോ വാരാന്ത്യത്തിലെയും എലിമിനേഷന്‍ റൗണ്ടില്‍ ഓരോരുത്തരായി പുറത്താവും. നൂറാം ദിനത്തില്‍ നടത്തുന്ന ഗ്രാന്‍ഡ് ഫിനാലെയിലാവും ടൈറ്റില്‍ വിജയിയെ തെരഞ്ഞെടുക്കുക.