ബിഗ് ബോസില്‍ ഏറ്റവും ആവേശകരമായ എപ്പിസോഡുകള്‍ സംഭവിക്കുക ശനിയും ഞായറുമാണ്. എലിമിനേഷനുകളും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുമൊക്കെ സംഭവിക്കാന്‍ സാധ്യതയുള്ള എപ്പിസോഡുകളില്‍ അവതാരകനായെത്തുന്ന മോഹന്‍ലാലിന്റെ സാന്നിധ്യവും പ്രത്യേകതയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് ബിഗ് ബോസിന്റെ സംപ്രേഷണ സമയക്രമം. എന്നാല്‍ ഈയാഴ്ച അതില്‍ വ്യത്യാസമുണ്ട്. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സിന്റെ സംപ്രേഷണവും ഇന്നും നാളെയുമാണെന്നതാണ് കാരണം.

22-ാമത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സിന്റെ സംപ്രേഷണം ഇന്നും നാളെയും വൈകിട്ട് ഏഴ് മുതലാണ്. അതിന് ശേഷം സാധാരണയില്‍ നിന്നും ഒരു മണിക്കൂര്‍ വൈകിയാവും ബിഗ് ബോസിന്റെ സംപ്രേഷണം. അതായത് സാധാരണ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9ന് ആരംഭിക്കുന്ന ബിഗ് ബോസ് വാരാന്ത്യ എപ്പിസോഡുകള്‍ ഈയാഴ്ച രാത്രി പത്തിനാണ് തുടങ്ങുക.

അതേസമയം ആറ് പേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഫുക്രു, രജിത് കുമാര്‍, ജസ്ല മാടശ്ശേരി, ആര്യ, വീണ, മഞ്ജു പത്രോസ് എന്നിവരാണ് ഇത്തവണത്തെ ലിസ്റ്റില്‍ ഉള്ളത്. ലിസ്റ്റില്‍ ഈ വാരം ഇടംപിടിക്കാതിരുന്ന രണ്ടേരണ്ടുപേര്‍ പാഷാണം ഷാജിയും ആര്‍ജെ സൂരജും മാത്രമാണ്. ലിസ്റ്റിലുള്ള ആരാണ് ഈ വാരം പുറത്താവുകയെന്ന് ഇന്നത്തെയും നാളത്തെയും എപ്പിസോഡുകളില്‍ അറിയാം.