ബിഗ് ബോസ് വീട്ടില്‍ ഇന്ന് സംഘര്‍ഷഭരിതമായിരുന്നു രംഗങ്ങള്‍. കഴിഞ്ഞ ദിവസത്തെ ലക്ഷ്വറി ടാസ്‍ക്കിന്റെ തുടര്‍ച്ച ഇന്നുമുണ്ടായിരുന്നു. ഓരോ മത്സരാര്‍ഥിയും അവരവരുടെ പ്രകടനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ടാസ്‍കില്‍ ലഭിച്ച നാണയങ്ങള്‍ സൂക്ഷിക്കാൻ ഓരോരുത്തരും കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നാല്‍ പവന്റെയും രജിത് കുമാറിന്റെയും നാണയങ്ങള്‍ മോഷണം പോയത് കാര്യങ്ങള്‍ സംഘര്‍ഷത്തിലാക്കി.

എല്ലാവരും കണ്ണ് പരിശോധനയ്‍ക്ക് പോകേണ്ടതുണ്ട് എന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. ടാസ്‍ക് തിരികെ വന്നിട്ട് തുടരുമെന്നുമായിരുന്നു ബിഗ് ബോസ് പറഞ്ഞത്. എല്ലാവരും പരിശോധനയ്‍ക്ക് പോകാൻ തയ്യാറാവുകയും ചെയ്‍തു. അതിനിടയിലാണ് രജിത് കുമാറിന്റെ നാണയങ്ങള്‍ മഞ്ജു പത്രോസ് മോഷ്‍ടിച്ചത്. നാണയങ്ങള്‍ ഒളിപ്പിക്കാൻ വീണ നായര്‍ സഹായിക്കുകയും ചെയ്‍തു. തന്റെ നാണയങ്ങള്‍ നഷ്‍ടപ്പെട്ടത് തിരിച്ചറിഞ്ഞെങ്കില്‍ ടാസ്‍ക് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ് അതുകൊണ്ട് ആശങ്കപ്പെടാനില്ല എന്ന ബോധ്യത്തിലായിരുന്നു രജിത് കുമാര്‍. അതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയും ചെയ്‍തപ്പോള്‍ പവനിന്റെ കുറച്ച് നാണയങ്ങള്‍ വീണാ നായരും മോഷ്‍ടിച്ചു. അവ ഒളിപ്പിക്കാൻ മഞ്ജു പത്രോസ് സഹായിക്കുകയും ചെയ്‍തു. നാണയങ്ങള്‍ മോഷ്‍ടിക്കപ്പെട്ടത് മനസ്സിലാക്കിയ പവൻ ശബ്‍ദമുയര്‍ത്തി സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്‍തു. അതിനിടയില്‍ എല്ലാവരോടും ചികിത്സയ്‍ക്ക് പോകാൻ ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. എല്ലാവരും പോകുകയും ചെയ്‍തു.

തിരിച്ചുവന്നപ്പോള്‍ എല്ലാവരും മത്സരത്തിന്റെ ചിന്തയിലായിരുന്നു. പവൻ ആകട്ടെ കട്ടക്കലിപ്പിലും. രജിത് കുമാര്‍ പവനെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പവനെ അതൊന്നും ശാന്തനാക്കിയില്ല. ജസ്‍ലയാണ് നാണയങ്ങള്‍ മോഷ്‍ടിച്ചത് എന്ന കണക്കുകൂട്ടലിലായിരുന്നു പവൻ. തന്റെ നാണയങ്ങള്‍ തിരികെവച്ചില്ലെങ്കില്‍ പ്രശ്‍നം വഷളാവുമെന്ന് പവൻ പറയുകയും ചെയ്‍തിരുന്നു. പവനും ജസ്‍ലയും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്‍തിരുന്നു. രണ്ടുപേരും ശകാരവാക്കുകള്‍ പരസ്‍പരം പറയുകയും ചെയ്‍തിരുന്നു. അത് മറ്റുള്ളവര്‍ ഏറ്റുപിടിക്കുകയും ചെയ്‍തിരുന്നു. എന്ത് വഷളത്തരമായിട്ടാണ് ഇവനെയൊക്കെ വളര്‍ത്തിവലുതാക്കിയത് എന്ന് ആര്യ ചോദിച്ചിരുന്നു.

ആ അച്ഛനും അമ്മയും എന്ത് വിഷമിക്കുന്നുണ്ടാകുമെന്ന് വീണയും പറഞ്ഞിരുന്നു. ഭാര്യയുടെ ചിലവില്‍ കഴിയുന്നയാളെന്നും ചിലര്‍ പരിഹസിച്ചു. അതിനിടയിലാണ് ബിഗ് ബോസ്സിന്റെ നിര്‍ദ്ദേശാനുസരണം എല്ലാവരും ഒത്തുകൂടിയത്. ഓരോരുത്തരോടും അവരവരുടെ കയ്യില്‍ ഉള്ള നാണയത്തിന്റെ എണ്ണവും പോയന്റും പറയാൻ പറഞ്ഞു. എന്നാല്‍ തന്റെ കയ്യിലെ നാണയം ടാസ്‍ക് നിര്‍ത്തിവച്ച സമയത്ത് മോഷണം പോയെന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ പോയന്റ് പറയൂവെന്നാണ് ബിഗ് ബോസ് രജിത് കുമാറിനോട് നിര്‍ദ്ദേശിച്ചത്. പോയന്റില്ല എന്ന് രജിത് കുമാര്‍ പറഞ്ഞു. എല്ലാവരും സ്വന്തം പോയന്റുകള്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ ബിഗ് ബോസ് മത്സരഫലം പ്രഖ്യാപിക്കുകയും ചെയ്‍തു. ഫുക്രുവായിരുന്നു ഒന്നാം സ്ഥാനത്ത്. പിന്നീട് പാഷാണം ഷാജി. തൊട്ടടുത്ത് സൂരജ്. കഴിഞ്ഞ ദിവസം പവനായിരുന്നു വിജയി. അവരവരുടെ കയ്യിലുള്ള നാണയം മോഷണം പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും എന്തും സംഭവിക്കാമെന്നും ബിഗ് ബോസ് വ്യക്തമാക്കി.

ഓരോരുത്തരും പല സംഘങ്ങളായി തിരിഞ്ഞുസംസാരിക്കവെയാണ് ബഹളം കേട്ടത്. പവനും സൂരജും തമ്മില്‍ ചെറിയ കയ്യാങ്കളി. സൂരജിന്റെ നാണയങ്ങള്‍ പവൻ തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. സ്വന്തം കയ്യിലുള്ള നാണയം തട്ടിപ്പറിക്കുന്നത് ശരിയല്ല എന്ന് സൂരജ് വ്യക്തമാക്കി. സംഭവം പിന്നീട് എല്ലാവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തിലേക്ക് എത്തി. പവൻ ശകാരവാക്കുകള്‍ പറഞ്ഞതോടെ മറ്റുള്ളവരും രോഷാകുലരായി. ഉളുപ്പുണ്ടോ, നാണമുണ്ടോയെന്നൊക്കെ പവനിനോടും രജിത് കുമാറിനോടും മറ്റുള്ളവര്‍ ചോദിച്ചു. കുറച്ചുനാള്‍ ബഹുമാനിച്ചതില്‍ തനിക്ക് തന്നെ പരിഹാസം തോന്നുന്നുവെന്ന് സൂരജ് പറഞ്ഞു. അന്തസ്സ് വേണമെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. അതിനിടയില്‍ പവൻ കൈചൂണ്ടി ഓരോരുത്തരോടും സംസാരിക്കുകയും ചെയ്‍തു. അതോടെ ഫുക്രുവും വീണാ നായരുമൊക്കെ പൊട്ടിത്തെറിച്ചു. ഒരു തീരുമാനമുണ്ടായിട്ടുമതി മുന്നോട്ടുപോക്ക് എന്നായിരുന്നു എല്ലാവരുടെയും നിലപാട്. പവൻ കയ്യൂക്കുകൊണ്ട് സംസാരിക്കുന്നു, മോശം വാക്കുകള്‍ പറയുന്നുവെന്നൊക്കെയായിരുന്നു എല്ലാവരുടെയും പരാതി. ഇന്നത്തെ ഭാഗത്തിന്റെ അവസാനത്ത് പാഷാണം ഷാജി പ്രശ്‍നങ്ങള്‍ പറഞ്ഞുതീര്‍ക്കാൻ ശ്രമിക്കുന്നതും കാണാമായിരുന്നു.