കഴിഞ്ഞ കുറച്ച് ഭാഗങ്ങളായി സംഘര്‍ഷഭരിതമായ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടില്‍. നാണയത്തുട്ടുകളുടെ മാതൃകകള്‍ മോഷ്‍ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കങ്ങള്‍. ഓരോ മത്സരാര്‍ഥിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇന്ന് ഫുക്രുവും രജിത് കുമാറും തമ്മില്‍ കയ്യാങ്കളി ഉണ്ടാകുകയും ഇരുവര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്‍തു. എന്നാല്‍ ക്ലൈമാക്സില്‍ തര്‍ക്കം ഒരു ട്വിസ്റ്റിലേക്കും എത്തിച്ചു ബിഗ് ബോസ്.

പാഷാണം ഷാജിയായിരുന്നു ബിഗ് ബോസിലെ ക്യാപ്റ്റൻ. പാഷാണം ഷാജിക്ക് രാവിലെ ഒരു നിര്‍ദ്ദേശം ലഭിച്ചു. പുതിയ ടാസ്‍ക്കിനെ കുറിച്ചുള്ളതായിരുന്നു നിര്‍ദ്ദേശം. രസകരമായ ടാസ്‍ക് ആയിരുന്നു അത്. ഓരോ ഉത്പന്നമായി കണ്ട് ബിഗ് ബോസ് വീട്ടിലുള്ളവരെ വില്‍ക്കാൻ ശ്രമിക്കാനായിരുന്നു ആര്യക്ക് നല്‍കിയ ടാസ്‍ക്. ടാസ്‍ക് നടക്കുന്നതിനിടയില്‍ തന്നെ രജിത് കുമാര്‍ എതിര്‍പ്പുപ്രകടിപ്പിച്ചിരുന്നു. രജിത് കുമാറിനെതിരെയുള്ള പരാമര്‍ശം ഉള്ളതിനാലായിരുന്നു എതിര്‍പ്പ്. ടാസ്‍ക് കഴിഞ്ഞ് ഗാര്‍ഡൻ ഭാഗത്ത് നിന്ന് വീട്ടിനുള്ളിലേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് ഫുക്രുവും രജിത് കുമാറും തമ്മില്‍ കയ്യാങ്കളിയുണ്ടായിരുന്നു. രാവിലെ കേട്ട പാട്ട് പാടി വാതില്‍പിടിച്ച് ഫുക്രു തമാശ കാണിക്കുകയായിരുന്നു. തനിക്ക് അകത്തുപോകണം എന്ന് പറഞ്ഞ് രജിത് കുമാര്‍ വാതില്‍ തുറക്കാൻ ശ്രമിച്ചു. ഫുക്രു തടയാനും. അത് ഉന്തുംതള്ളിലേക്കുമെത്തി.

വളരെ രൂക്ഷമായ തര്‍ക്കങ്ങളാണ് പിന്നീടുണ്ടായത്. വാതില്‍ പിടിച്ച ഫുക്രുവിനും തുറക്കാൻ ശ്രമിച്ച രജിത് കുമാറിനും പരുക്കേറ്റു. തനിക്ക് അകത്തുപോകണം അതിനാണ് വാതില്‍ തുറന്നത് എന്ന് രജിത് കുമാര്‍ പറഞ്ഞു. തന്നെ പിടിച്ചുമാറ്റിയത് എന്തിന് എന്ന് ഫുക്രുവും പറഞ്ഞു. സ്വന്തം വീട്ടിലെ വാതില്‍ അടച്ചാല്‍ മതി ഇത് എല്ലാവരുടെയും വീടാണ് എന്ന് രജിത് കുമാര്‍ പറഞ്ഞു. പരുക്കേറ്റ വിരലിന് മരുന്ന് വയ്‍ക്ക് എന്ന് ആരോ പറഞ്ഞപ്പോള്‍ പേപ്പട്ടി കടിച്ചുവെന്ന് വിചാരിച്ചോളാം എന്ന് ഫുക്രുവും പറഞ്ഞു. പരസ്‍പരം രൂക്ഷമായ അധിക്ഷേപങ്ങളായിരുന്നു രജിത് കുമാറും ഫുക്രുവും നടത്തിയത്. താൻ അന്തസ്സായി ഇറങ്ങിപ്പോകും എന്നും ഫുക്രു പറഞ്ഞു.

തര്‍ക്കത്തില്‍ ഒരു പരിഹാരമുണ്ടാക്കണം എന്ന് പാഷാണം ഷാജി ബിഗ് ബോസ്സിനോട് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ തുടര്‍ച്ചയാണ് നടക്കുന്നത് എന്നും പാഷാണം ഷാജി പറഞ്ഞു. ഫുക്രുവിനെയും രജിത് കുമാറിനെയും ചിലര്‍ പ്രശ്‍നങ്ങള്‍ പരിഹരിക്കാൻ പ്രേരിപ്പിക്കുന്നതും കാണാമായിരുന്നു. എന്നാല്‍ ഇരുവരും സ്വന്തം വാദത്തില്‍ ഉറച്ചുനിന്നു. സംഘര്‍ഷഭരിതമായ അന്തരീക്ഷമായിരുന്നു. അതിനിടയിലാണ് ബിഗ് ബോസ് രജിത് കുമാറിനെയും ഫുക്രുവിനെയും വിളിപ്പിച്ചത്.

വീട്ടില്‍ ഉണ്ടായത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ് എന്ന് ബിഗ് ബോസ് രജിത് കുമാറിനോടും ഫുക്രുവിനോടും പറഞ്ഞു. ആശയപരമായ സംവാദവും തര്‍ക്കങ്ങളും ആകാം ശാരീരികമായ കയ്യേറ്റങ്ങളോ വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുന്ന തരത്തിലോ ഉള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്നും ബിഗ് ബോസ് പറഞ്ഞു. പ്രശ്‍നങ്ങള്‍ പറഞ്ഞുതീര്‍ക്കാനും ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ബിഗ് ബോസ്സിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രജിത് കുമാറും ഫുക്രുവും തമ്മില്‍ കൈകൊടുത്തു. ഉമ്മയും കൊടുത്തു. കെട്ടിപ്പിടിച്ച് രണ്ടുപേരും പുറത്തേയ്‍ക്കും വന്നു. അങ്ങനെ വലിയ സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്ക് അവസാനമായി.