ബിഗ് ബോസ്സിലെ ഏറ്റവും ആകാംക്ഷ നിറഞ്ഞതും ആവേശം നിറഞ്ഞതുമാണ് എവിക്ഷൻ ഘട്ടവും ലക്ഷ്വറി ബജറ്റ് ടാസ്‍കും. എവിക്ഷൻ ഘട്ടം മത്സരാര്‍ഥികളെ സമ്മര്‍ദ്ധത്തിലാക്കുന്നതാണെങ്കില്‍ ലക്ഷ്വറി ബജറ്റ് ടാസ്‍ക് നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണ്. മത്സരത്തില്‍ ഇണക്കവും പിണക്കവുമെല്ലാം സ്വാഭാവികം. ലക്ഷ്വറി ബജറ്റ് ടാസ്‍ക്കില്‍ ഓരോ പോയന്റും നിര്‍ണ്ണായകമാണ്. ഇന്നത്തെ ഭാഗത്ത് വളരെ ആവേശം നിറഞ്ഞ ലക്ഷ്വറി ബജറ്റ് ടാസ്‍ക് ആയിരുന്നു.

ഗാര്‍ഡൻ ഏരിയയില്‍ നാണയത്തുട്ടുകളുടെ മാതൃകകള്‍ എറിയും, അതില്‍ ഓരോ പോയന്റുണ്ടാകും, അത് ഓരോരുത്തരും സ്വന്തമാക്കുക, സൂക്ഷിക്കുക, ക്യാപ്റ്റൻസിയെ അടക്കം അത് നിര്‍ണ്ണയിക്കും എന്നായിരുന്നു ബിഗ് ബോസ് ആദ്യം വ്യക്തമാക്കിയത്. ബസര്‍ മുഴങ്ങുമ്പോള്‍ മത്സരം തുടങ്ങുമെന്നും അറിയിച്ചു. ബസര്‍ മുഴങ്ങുകയും നാണയത്തുട്ടുകളുടെ മാതൃകകള്‍ വരികയും ചെയ്‍തു. ഓരോരുത്തരും വാശിയോടെ നാണയത്തുട്ടുകള്‍ സ്വന്തമാക്കാൻ തുടങ്ങുകയും ചെയ്‍തു. ദയാ അശ്വതിയുടെ കയ്യില്‍ നിന്ന് ഒരു നാണയത്തിന്റെ മാതൃക പവൻ തട്ടിപ്പറിക്കുകയും ചെയ്‍തു. അത് പിന്നീട് മത്സരത്തിനു ശേഷം വലിയ വാക്കുതര്‍ക്കത്തിനും കാരണമായി. ഒരു നാണയത്തിന്റെ മാതൃക കിട്ടിയതുകൊണ്ട് കാര്യമില്ല, ഇത് ഗെയിമാണ് എന്ന് പവൻ പറഞ്ഞു.  എന്നാല്‍ തന്നെ തരംതാഴ്‍ത്തുന്ന രീതിയിലാണ് പവൻ സംസാരിക്കുന്നത് എന്നും മുമ്പും അങ്ങനെ സംസാരിച്ചിട്ടുണ്ടെന്നും ദയാ അശ്വതി പറഞ്ഞു. ഒരെണ്ണം അധികം കിട്ടിയതുകൊണ്ട് നല്ലതാവട്ടെയെന്ന് ദയാ അശ്വതി പറഞ്ഞു. തന്നെ ശപിക്കണ്ട എന്ന് പറഞ്ഞ് നാണയ മാതൃക തിരികെ കൊടുക്കാൻ പവൻ തയ്യാറായി. എന്നാല്‍ ഇനി തനിക്ക് അത് വേണ്ടെന്നു ദയാ അശ്വതി പറഞ്ഞു. എങ്കില്‍ തന്റെ കയ്യില്‍ തന്നെ ഇരിക്കട്ടെയെന്ന് പവൻ പറഞ്ഞു. അതിനിടയില്‍, തന്റെ കയ്യില്‍ ഉള്ള നാണയ മാതൃകകള്‍ തരാമെന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ അര്‍ഹതയില്ലാത്തത് താൻ വാങ്ങിക്കില്ല എന്ന ദയ അശ്വതി പറഞ്ഞു. അതിനു ശേഷം വീണ്ടും നാണയ മാതൃകകള്‍ സ്വന്തമാക്കാനുള്ള മത്സരം നടന്നു. തുടര്‍ന്ന് എല്ലാവരും ബിഗ് ബോസ്സിന്റെ നിര്‍ദ്ദേശം കേള്‍ക്കാനായി ഒത്തുകൂടി. അതിനിടയില്‍ ദയാ അശ്വതിയും പവനും വീണ്ടും കൊമ്പുകോര്‍ത്തു. ബിഗ് ബോസ് മത്സരഫലം പ്രഖ്യാപിക്കാൻ തുടങ്ങിയപ്പോഴാണ് തര്‍ക്കം തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചത്. ഓരോരുത്തരും അവരവര്‍ക്ക് കിട്ടിയ നാണയ മാതൃകകളുടെ എണ്ണവും പോയന്റും വ്യക്തമാക്കി. തുടര്‍ന്നായിരുന്നു ഫലപ്രഖ്യാനം. ഏറ്റവും കൂടുതല്‍ പോയന്റുകള്‍ സ്വന്തമാക്കി, എണ്ണൂറു പോയന്റോടെ ഒന്നാമത് എത്തിയത് പവനായിരുന്നു. 730 പോയന്റുകളുമായി പാഷാണം ഷാജിയായിരുന്നു തൊട്ടുപിന്നില്‍ . 650 പോയന്റുകളുമായി ഫുക്രുവും തുടര്‍ന്ന് എത്തി.