തിരുവനന്തപുരം: 'ബിഗ് ബോസ്' രണ്ടാം സീസണിന്‍റെ വരവിനായി കാത്തിരിക്കുകയാണ് എല്ലാവരും. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരുടെ പ്രധാന ചോദ്യം ആരൊക്കെയാകും രണ്ടാം സീസണില്‍ ഏറ്റുമുട്ടാന്‍ എത്തുന്നത് എന്നാണ്. പലരുടെയും പേരുകള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങള്‍ വഴി 'ബിഗ് ബോസ്' അണിയറക്കാര്‍ ശേഖരിച്ചുകഴ‍ിഞ്ഞു.

ഇതിനെല്ലാം ഉപരിയായി നിരവധി ബിഗ് ബോസിലേക്ക് ആളുകളെ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതില്‍ രസകരമായ സജഷനുകളും ഉണ്ടായിരുന്നു. ര‍ഞ്ജിനി ഹരിദാസ് നിര്‍ദേശിച്ചത് സോളാര്‍ കേസില്‍ കോളിളക്കം സൃഷ്ടിച്ച സരിത നായരെയായിരുന്നു. അങ്ങനെ  ഓരോരുത്തരുടെയും സജഷന്‍സ് പലതായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് ഒന്നാം സീസണിലെ ഏറ്റവും പ്രായം കൂടിയ താരവും മികച്ച മത്സരാര്‍ത്ഥിയുമായിരുന്ന അരിസ്റ്റോ സുരേഷ് ധര്‍മജനെ ബിഗ് ബോസിലേക്ക് നിര്‍ദേശിച്ചിരിക്കുകയാണ്. ബിഗ് ഹൗസില്‍ ഏറ്റവും വലിയ രസികനായിരിക്കും ധര്‍മജനെന്നായിരുന്നു 'ടൈംസ് ഓഫ് ഇന്ത്യ'ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് പറഞ്ഞത്.

തമാശയെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ധര്‍മജന്‍.  മറ്റു മത്സരാര്‍ത്ഥികള്‍ക്ക് ഏറ്റവും വലിയ രസം ധര്‍മജന്‍ തന്നെയായിരിക്കും. അദ്ദേഹം ഏറ്റവും യോജിച്ച ആളാണ് ബിഗ് ബോസിലെന്നും സുരേഷ് പറയുന്നു. ബിഗ് ബോസില്‍ വരുന്നവര്‍ക്ക് ഉപദേശവും സുരേഷ് നല്‍കി. കമല്‍ ഹാസനെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.  സമൂഹത്തിലേക്ക് ഒരു കണ്ണാടി തിരിച്ചുവച്ചതുപോലെയാണ് ബിഗ്ബോസ് ഹൗസ്.

അകത്ത് നടക്കുന്നതെല്ലാം സമൂഹം കാണുകയും വിലയിരുത്തുകയും ചെയ്യും. ദേഷ്യം വന്നാല്‍ അത് കാണിക്കുക, അത് പ്രശസ്തിക്ക് വേണ്ടിയാവരുതെന്നും കമല്‍ ഹാസന്‍ പറഞ്ഞത് സുരേഷ് ഓര്‍മപ്പെടുത്തി. ബിഗ് ഹൗസിലെ ഓണാഘോഷവും അതിന്റെ ഓര്‍മകളും സുരേഷ് ഓര്‍ത്തെടുത്തു. മോഹന്‍ലാലിനൊപ്പമുള്ള ആ ആഘോഷം വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു,.