ഏറെ രസകരമായ ഒരെപ്പിസോഡായിരുന്നു ഈ ആഴ്ചയില്‍ എവിക്ഷനു മുമ്പ്  എത്തിയത്. പ്രണയദിനത്തിന്‍റെ ആര്‍ദ്രമായ നിരവധി ടാസ്കുകളും പാരസ്പര്യത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും നല്ല നിമിഷങ്ങളും ഇന്നലെ ബിഗ് ബോസ് വീട്ടില്‍ കണ്ടു. ഏറെ സംഘര്‍ഷങ്ങളും തമ്മിലടിയും നടന്ന വീട്ടില്‍ സമാധാനപരമായ ദിനം.
കണ്ണ് രോഗികളുടെ പുറത്തുപോക്കിന് പുറമെ നടുവിന് വേദനയുണ്ടായി പവനും കൂടി പോയതോടെ ബിഗ് ബോസ് ഹൗസിലെ അംഗസംഖ്യയ്ക്കൊപ്പം നല്ല ഗെയിമുകള്‍ക്കുള്ള അവസരങ്ങളും കൂടിയാണ് നഷ്ടമാകുന്നത്. പതിനാറോളം പേരുണ്ടായിരുന്ന വീട്ടില്‍ നേര്‍ പകുതിയോളമായി മത്സരാര്‍ത്ഥികള്‍ കുറഞ്ഞതിന്‍റെ ആലസ്യം പ്രതീക്ഷിച്ച ബിഗ് ബോസ് ഹൗസിനെ ഞെട്ടിക്കുന്നതായിരുന്നു ഇന്നലെ ജസ്‍ല നടത്തിയ പ്രകടനം.

മഞ്ജു അടുക്കളയില്‍ കെട്ടിവച്ചിരുന്ന സാധനങ്ങളുടെ കെട്ട് അഴിഞ്ഞു കിടക്കുന്നിടത്താണ് എല്ലാത്തിന്‍റെയും തുടക്കം. ആ കെട്ട് ആരാണ് അഴിച്ചതെന്ന് പാഷാണം ഷാജി മഞ്ജുവിനോടു ചോദിക്കുന്നു. അറിയില്ലെന്നും താന്‍ കെട്ടിവച്ചതാണെന്നും മഞ്ജു പറഞ്ഞു. അത് അവരാരെങ്കിലും പരിശോധിച്ചതാകുമെന്ന് പറഞ്ഞ് വീണ  പറയുന്നു. എന്നാല്‍ അവരാരും വന്നിട്ടില്ലെന്ന് രജിത് തറപ്പിച്ചു പറ‍ഞ്ഞു. മഞ്ജുവിനെ പറ്റിക്കാന്‍ മഞ്ഞപ്പൊടിയും അരിയും മുളകുമെടുത്ത് പരിഹാരം ചെയ്യാന്‍ ചെല്ലുന്ന ഷാജിയെയും ഫുക്രുവിനെയുമാണ് പിന്നെ കാണുന്നത്.

എന്നാല്‍ ഇതിന് പിന്നാലെ അകത്ത് ബെഡിലിരുന്ന ജസ്‍ല, തനിച്ചിരുന്ന് തലയാട്ടുകയും മുടിയഴിച്ച് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. തലവേദനയാണോ എന്ന് വീണ ചോദിച്ചപ്പോള്‍ അല്ലെന്ന് പറ‍ഞ്ഞു. എന്നാല്‍ വീണ അടുത്തേക്ക് ചെന്നപ്പോള്‍ ജസ്ല അക്രമാസക്തയായി. പിടിക്കാന്‍ വന്ന വീണയെയും മഞ്ജുവിനെയും തല്ലാനും തട്ടിമാറ്റാനും ശ്രമിച്ചു. ഒടുവില്‍ വീണയും മഞ്ജുവും ചേര്‍ന്ന് ജസ്‍ലയെ രണ്ടും കൈക്കും പിടിച്ച് ഒരുവിധത്തില്‍ കിടത്തി. അപ്പോഴും ജസ്‍ല കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ഇടയ്ക്ക് അകത്തേക്ക് കയറിവന്ന ഫുക്രുവിനോട് 'പോ... പുറത്തുപോ..' എന്നുപറഞ്ഞ് ജസ്ല അട്ടഹസിച്ചു. "നിനക്കെന്താണ് ജസ്‍ല' എന്നുപറ‍ഞ്ഞ് ഫുക്രു മാറിയെങ്കിലും വീണ്ടും ആരായാലും പോകാന്‍ പറയൂ എന്ന് പറഞ്ഞ് ജസ്ല അട്ടഹസിച്ചു. അതി ഭീകരമായ ഭാവത്തിലായിരുന്നു ജസ്‍ല അപ്പോള്‍. മുടിയഴിച്ചിട്ട് കണ്ണ് വിടര്‍ത്തി അലക്ഷ്യമായ നോട്ടവും, കണ്ണീരൊഴുക്കി ഒരു ഭ്രാന്തിയെ പോലെ മുറുമുറുക്കുകയും കരയുകയും മറ്റുള്ളവരോട് ആക്രമിക്കാന‍് ശ്രമിക്കുകയും ചെയ്യുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പലര്‍ക്കും മനസിലായില്ല.

ഇതെല്ലാം കണ്ടുനിന്ന മഞ്ജു അങ്ങേയറ്റം പേടിയോടെയും പരിഭ്രാന്തിയോടെയും നില്‍ക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് അവര്‍ ബിഗ് ബോസിനെ വിളിച്ചുകൊണ്ടിരുന്നു. ബിഗ് ബോസെന്താണ് ഇതൊക്കെ കണ്ടിട്ട് മിണ്ടാതിരിക്കുന്നതെന്നായിരുന്നു മഞ്ജുവിന്‍റെ ചോദ്യം. ആര്യ അവരെ ആശ്വസിപ്പിച്ചു. ഒരു പ്രേതസിനിമയിലേതെന്ന പോലെ പലപ്പോഴും ബിഗ് ബോസ് വീട്ടിലെ രംഗങ്ങള്‍ മാറി. ജസ്ല കൂടുതല്‍ ശക്തമായി അട്ടഹസിച്ചപ്പോള്‍... മഞ്ജു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയിരുന്നു.. 

ഇതിനിടയില്‍ പാഷാണം ഷാജി കയ്യില്‍ എന്തോ ഒഴിച്ചുകൊടുത്തു. കുടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം നിരസിച്ചെങ്കിലും ജസ്‍ല അത് കുടിച്ചു. അവിടെ ചാരിക്കിടന്നോളാന്‍ ഷാജി പറഞ്ഞു. അപ്പോഴും മഞ്ജു പ്രാര്‍ത്ഥന തുടരുന്നുണ്ടായിരുന്നു. ഇവരൊക്കെ ആ ബെഡിന്‍റെ അടുത്തല്ലേ കിടിക്കുന്നതെന്ന് പറഞ്ഞ പ്രദീപിനോട് ഇനി കുഴപ്പമില്ലെന്നു പറഞ്ഞു.പിന്നീട് ജസ്‍ലയാണ് ഇവിടത്തെ നെഗറ്റീവെന്ന് ഷാജി പറഞ്ഞു. അവള്‍ വന്നതുമുതലാണ് പ്രശ്നങ്ങളെല്ലാമെന്ന് ഫുക്രുവും പറഞ്ഞു.

കുറച്ചുസമയത്തിന് ശേഷം ഷാജി വിളിച്ചപ്പോള്‍ ഒന്നും അറിയത്ത പോലെ  ജസ്‍ല ലിവിങ് റൂമിലേക്ക് വന്നു. എന്താണ് പറ്റിയതെന്ന് പ്രദീപും മറ്റുള്ളവരും ചോദിച്ചപ്പോള്‍ കാല് വേദനിച്ചിട്ട് കിടക്കാന്‍ പോയതാണെന്ന് ഷാജി പറ‍ഞ്ഞു. കുറച്ചുനേരം പ്രദീപിനോട് സംസാരിച്ച് മഞ്ജുവും ഷാജിയും ഇരിക്കുന്നതിനിടയില്‍ ജസ്‍ല വന്നിരുന്നു. ഷാജിയെ നോക്കി ഒന്ന് ചിരിച്ച ശേഷം, ഇനി മഞ്ജുമ്മയ്ക്കൊരു ഉമ്മകൊടുത്തേയെന്ന് ഷാജി പറഞ്ഞു. പിന്നെ എല്ലാവരും പൊട്ടിച്ചിരിക്കുകയും ഷാജി, ഷാജി പാഷാണം ഷാജി എന്ന് വിളിക്കുകയും ചെയ്തപ്പോഴാണ് മഞ്ജുവിന് താന്‍ പറ്റിക്കപ്പെട്ടുവെന്ന് മനസിലാകുന്നത്.