ബിഗ് ബോസ് വീട്ടിലെ സൗഹൃദങ്ങള്‍ പലപ്പോഴും വീട്ടിന് പുറത്തേക്ക് എത്തിയതിന് നമ്മള്‍ സാക്ഷികളാണ്. കുറച്ചുദിവസങ്ങള്‍ ഒരുമിച്ച് കൂടെയുണ്ടായിരുന്നവരോടുള്ള ആത്മബന്ധം മാത്രമല്ല, സൗഹൃദം ജീവിതത്തിലേക്ക് പകര്‍ത്തിയവരാണ് കൂടുതല്‍. അതില്‍ മലയാളത്തിലെ ബിഗ് ബോസ് ആദ്യ സീസണില്‍ പേളി, ശ്രീനിഷ്, ഷിയാസ്, സാബു, അര്‍ച്ചന സുശീലന്‍, രഞ്ജിനി ഹരിദാസ് തുടങ്ങി, എല്ലാവരും ഏറിയും കുറഞ്ഞും അടുത്ത സൗഹൃദം ബിഗ് ബോസ് വീടിനു പുറത്തും കൊണ്ടുനടക്കുന്നവരാണ്. ബിഗ് ബോസ് സീസണ്‍ രണ്ടിലും സൗഹൃദത്തിന്‍റെ രസകരമായ ഒരു ഭാവി തുറന്നുവയ്ക്കുകയാണ് പ്രദീപ് പുറത്തേക്ക് പോയ വൈകാരിക നിമിഷങ്ങള്‍.

ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രദീപ് പറഞ്ഞത് ഇങ്ങനെ.. എല്ലാവരും മനസിലാക്കേണ്ടത്  ഇതൊരു ഗെയിമാണ് ആദ്യം അവിടെയുള്ളവരുടെ ഇഷ്ടം പിടിച്ചുപറ്റണം പിന്നീട് പുറത്തുള്ളവരുടെയും. നോമിനേറ്റ് ചെയ്യപ്പെടാതിരിക്കുക എന്നതാണ് ആദ്യത്തെ കാര്യം, ചെയ്യപ്പെട്ടാല്‍ ജനങ്ങളുടെ ഇഷ്ടത്തിനൊപ്പം പോകണം. നമ്മളെ വേണ്ടാത്ത ഒരിടത്തും നമ്മള്‍ നില്‍ക്കാന്‍ പാടില്ല, പോരണം, ആരായാലും പോരണം. ഇത്രയും ആള്‍ക്കാരെ ഒരുമിച്ച് കാണുന്നത് തന്നെ കുറേ ദിവസത്തിന് ശേഷമാണല്ലോ എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ അതെ എല്ലാവരെയും കൈവീശിക്കാണിച്ച് പ്രദീപ് നന്ദി പറഞ്ഞു. 

വീട്ടിലെ ആളുകളോട് പാട്ടുപാടാനോ എന്തെങ്കിലും ആഗ്രഹമുണ്ടോ എന്നും മോഹന്‍ലാല്‍ ചോദിച്ചു. മഞ്ജു ഒരു പാട്ടുപാടിയാല്‍ സന്തോഷമാണെന്ന് പ്രദീപും പറഞ്ഞു. 'താന്‍ തുടങ്ങ്.. ചെമ്പൂവേ.. തൂടങ്ങ്' എന്ന് മഞ്ജു പറഞ്ഞു. പിന്നാലെ പ്രദീപ് ചെമ്പൂവേ പൂവേ... എന്നു തുടങ്ങുന്ന പാട്ട് പാടി മഞ്ജുവും അത് ഏറ്റുപാടി, അപ്പോഴും വീടിനകത്തുള്ളവരില്‍ കൂടുതല്‍ പേരും കരയുകയായിരുന്നു. എല്ലാവരെയും കൈവീശിക്കാണിച്ച് പ്രദീപ് യാത്ര പറ‍ഞ്ഞു.

നമ്മള്‍ നേരത്തെ പ്ലാന്‍ ചെയ്തതുപോലെ ഇത് കഴിഞ്ഞിറങ്ങിയിട്ട് ഒരു പോക്കുണ്ട്. നമുക്ക് അടിച്ചുപൊളിക്കാം എന്നും പ്രദീപ് പറഞ്ഞു. അതേപോലെ ബിഗ് ബോസ് വീട്ടിലെ ഷാജി പറ‍ഞ്ഞതും ശ്രദ്ധേയമായിരുന്നു. അവനെ കാലനൊന്നുമല്ല കൊണ്ടുപോയത്. നമ്മളൊക്കെ കൊച്ചിയില്‍ അടിച്ചുപൊളിക്കില്ലേ, പ്രദീപിനെ കൊച്ചിയിലെ രാജാവാക്കില്ലേ നമ്മള്‍ എന്നായിരുന്നു പാഷാണം ഷാജി പറഞ്ഞത്.