ബിഗ് ബോസ് വീട്ടില്‍ ഫുക്രുവിന്‍റെ കണക്കുകൂട്ടലുകളാണ് ഇന്നലത്തെ എപ്പിസോഡില്‍ ഫുക്രു ജസ്‍ലയോട് പങ്കുവച്ചത്. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ ശരിയോ തെറ്റോ എന്നതും അതിനനസരിച്ച് ഫുക്രു ഗെയിം പ്ലാന്‍ ചെയ്യുമ്പോള്‍ ഏത് തരത്തിലാകും ബിഗ്  ബോസ് മുന്നോട്ടുപോവുക എന്നതുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഫുക്രുവും ജസ്‍ലയും തമ്മിലുള്ള സൗഹൃദത്തിന് ഗെയിമില്‍ സ്ഥാനമില്ല. അതേസമയം ഫുക്രുവിന്‍റെ ഗെയിമില്‍ തുടക്കം മുതല്‍ പ്രാധാന്യമുള്ളയാളായിരുന്നു വീണ. വീണയുമായുള്ള ബന്ധം അത്രത്തോളമായിരുന്നു.. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ എന്താണ്?...

'ഇപ്പോ ഇങ്ങേരെ തിരിഞ്ഞതും തള്ളിയതും ഞാനാ. ഇയാളുടെ നെഗറ്റീവ് എനിക്കുണ്ട്'. ഇയാളെനിക്ക് വോട്ട് ചെയ്തിട്ടില്ല.  സൂരജ് ചെയ്തിട്ടില്ല, സാജുച്ചേട്ടന്‍ ചെയ്തിട്ടില്ല.
വീണയും ആര്യയുമാണ് എനിക്കെതിരെ വോട്ട് ചെയ്തതെന്നായിരുന്നു ഫുക്രു ജസ്‍ലയുമായുള്ള സംഭാഷണത്തിനിടെ പറ‍ഞ്ഞത്. നിനക്കെതിരെ വോട്ട് ചെയ്തവര്‍ ആരൊക്കെയാണെന്ന് എനിക്കറിയാമെന്ന് ജസ്‍ല പറയുന്നു. ആര്യയും വീണയുമാണ് തനിക്ക് വോട്ട് ചെയ്തതെന്ന് ഫുക്രു ആവര്‍ത്തിക്കുമ്പോള്‍ മഞ്ജുവാണെന്നായിരുന്നു ജസ്‍ല പറഞ്ഞത്. എന്നാള്‍ ഫുക്രു ഇത് പൂര്‍ണമായും തള്ളി. എന്‍റെ കാര്യമാ പറയുന്നെ, മഞ്ജു എനിക്ക് ചെയ്യത്തില്ല. അതെനിക്ക് നൂറ് ശതമാനം ഉറപ്പാണെന്നും ഫുക്രു പറഞ്ഞു.

ഇവിടെ നീ ടോണ്‍ മാറ്റരുത്. നീ ആ നിലപാടില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ നിനക്ക് മുന്നോട്ടു പോകാം, എന്ന് ജസ്‍ല പറഞ്ഞപ്പോള്‍ എനിക്ക് ടോണ്‍ മാറ്റാന്‍ പറ്റത്തില്ലെന്ന് ഫുക്രു പറഞ്ഞു. ഗെയിം മുന്നോട്ടുപോകുമ്പോള്‍ നമ്മള്‍ സൈക്കോളജിക്കലായി വളരെ വീക്കാകുമെന്ന് ജസ്ല പറഞ്ഞു. ഈ എലിമിനേഷന്‍ എനിക്ക് ഡേഞ്ചറസാ. ഇവിടെയുള്ള എല്ലാവര്‍ക്കും ആദ്യ നോമിനേഷന്‍ അപകടമായിരുന്നെന്നും ഫുക്രു പറഞ്ഞു. ഇവിടെ ഫേക്കായി കളിക്കുന്നത് ആരാണെന്നറിയാമോ എന്നും ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ ഫുക്രു ചോദിച്ചു. വീണയാണെന്നാണ് ഫുക്രു പറഞ്ഞത്. വീണ ആര്യയും തമ്മില്‍ നോമിനേറ്റ് ചെയ്തുകാണുമെന്ന് ജസ്‍ല പറഞ്ഞു. ആദ്യം ചെയ്യുമെന്ന് പറഞ്ഞ് ഫുക്രു പിന്നീട് അവര്‍ തമ്മില്‍ ചെയ്യത്തില്ലായിരിക്കും പുറത്തിറങ്ങിയിട്ട് ആവശ്യമുള്ളതല്ലേ എന്ന് പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്. 

ഇത്തരത്തില്‍ ഇരുവരും ആളുകളെ കുറിച്ച് കണക്കുകൂട്ടിയതെല്ലാം തെറ്റാവുകയായിരുന്നു. ഫുക്രുവിനെ നോമിനേറ്റ് ചെയ്തത് രജിത് മാത്രമായിരുന്നു. എന്നാല്‍ രജിത് തന്നെ നോമിനേറ്റ് ചെയ്യില്ലെന്നാണ് ഫുക്രു നേരത്തെ പറഞ്ഞത്. അതേസമയം തന്നെ, നോമിനേറ്റ് ചെയ്തെന്ന് ഫുക്രു കണക്കുകൂട്ടുന്ന ആര്യയും വീണയും ഫുക്രുവിനെ നോമിനേറ്റ് ചെയ്തിട്ടുമില്ല. ഇത്തരത്തില്‍ ബിഗ് ബോസ് വീട്ടിലെ ആളുകളെ മനസിലാക്കുന്നതില്‍ ഫുക്രുവിന് പിഴച്ചുവെന്ന് തന്നെ പറയേണ്ടി വരും. 

ആദ്യ ഘട്ടത്തില്‍ കൂടെയുണ്ടായിരുന്ന വീണയുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ കൊണ്ട് അകന്നു നില്‍ക്കുകയാണ് ഫുക്രു. അതേസമയം തന്നെ മഞ്ജുവുമായി വീണയോടൊത്തുള്ളതുപോലുള്ള പഴയ ഒരു ബന്ധം സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. വീണയെ തഴഞ്ഞ് മുന്നോട്ടുപോകുമ്പോള്‍, പതുക്കെ ഇപ്പോള്‍ വീണ എടുക്കുന്ന നിലപാടിലേക്ക് മഞ്ജുവും വന്നാല്‍ ഈ എലിമിനേഷന്‍ കടന്നാലും അടുത്തതിലും ഫുക്രു നോമിനേറ്റ് ചെയ്യപ്പെടും. അത്തരത്തില്‍ ആളുകളെ തിരിച്ചറിയുന്നതില്‍ ഫുക്രുവിന് പറ്റിയ പിഴ,വരും എപ്പിസോഡുകളില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും ഇടവരുത്തുമെന്ന് തന്നെ കരുതാം.