ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് അന്‍പതാം എപ്പിസോഡിലേക്ക് അടുക്കുകയാണ്. ഇപ്പോള്‍ തുടരുന്ന ഏഴാം വാരത്തിലെ ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്‌ലി ടാസ്‌ക് ആയിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്നത്. നാല് പേര്‍ വീതമുള്ള രണ്ട് ടീമുകളായി നടത്തപ്പെട്ട മത്സരത്തില്‍ രജിത്, പാഷാമം ഷാജി, വീണ, ആര്യ എന്നിവര്‍ അംഗങ്ങളായ ബി ടീം ആണ് വിജയികളായത്. വിജയിച്ച ടീമില്‍നിന്ന് അടുത്ത വാരത്തിലേക്കുള്ള ക്യാപ്റ്റന്‍സി ടാസ്‌കില്‍ പങ്കെടുക്കാന്‍ അവര്‍തന്നെ മൂന്ന് പേരെ തെരഞ്ഞെടുക്കണമെന്ന് ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ് വന്നു.

എന്നാല്‍ ഈ അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ത്തന്നെ രജിത് താന്‍ ആ പട്ടികയില്‍നിന്ന് സ്വയം പിന്മാറാന്‍ ആഗ്രഹിക്കുകയാണെന്നും മുന്‍പ് ആര്യയ്ക്ക് വാക്ക് കൊടുത്തതുപോലെ ജയില്‍ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും അറിയിച്ചു. കഴിഞ്ഞവാരം സ്വിച്ച് കാര്‍ഡ് ഉപയോഗിച്ച് രജിത്തിന്റെ ജയില്‍ശിക്ഷ ആര്യ സ്വയം ഏറ്റെടുത്തിരുന്നു. ഇത് സമ്മതിച്ച ബിഗ് ബോസ് ബി ടീമിലെ മറ്റ് മൂന്നുപേരെ ക്യാപ്റ്റന്‍സി ടാസ്‌കില്‍ പങ്കെടുക്കുന്നതിനുവേണ്ടി തെരഞ്ഞെടുത്തു. പിന്നീട് വീക്ക്‌ലി ടാസ്‌കില്‍ മോശം പ്രകടനം നടത്തിയ രണ്ടുപേരെ തെരഞ്ഞെടുക്കാനും ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. 

 

ഇതില്‍ കൂടുതല്‍ പേരും ആവര്‍ത്തിച്ചത് ഫുക്രുവിന്റെയും രജിത്തിന്റെയും പേരുകളാണ്. സൂരജ്, മഞ്ജു, ജസ്ല, ആര്യ എന്നിവര്‍ ഫുക്രുവിന്റെയും രജിത്തിന്റെയും പേരുകള്‍ മോശം പ്രകടനക്കാരുടെ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്തു. വീണ ഫുക്രുവിനൊപ്പം ജസ്ലയുടെ പേരാണ് പറഞ്ഞത്. ഷാജി സൂരജിന്റെയും ജസ്ലയുടെയും പേരുകള്‍ പറഞ്ഞപ്പോള്‍ ഫുക്രു രജിത്തിനെയും ജസ്ലയെയും രജിത് മഞ്ജുവിനെയും തന്നെത്തന്നെയും നോമിനേറ്റ് ചെയ്തു. മഞ്ജുവിന്റെ പക്കല്‍ ജയില്‍ ഫ്രീ കാര്‍ഡ് ഉള്ളതിനാലാണ് ആ പേര് പറയുന്നതെന്നും രജിത് പൊതുവായി അറിയിച്ചു. തുടര്‍ന്ന് ഏറ്റവുമധികം വോട്ടുകള്‍ നേടിയ ഫുക്രുവിനെയും രജിത്തിനെയും ജയിലിലേക്ക് അയയ്ക്കാന്‍ ബിഗ് ബോസ് തീരുമാനിക്കുകയായിരുന്നു.