ബിഗ് ബോസ് ഹൗസില്‍ കുറച്ചു നാളുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും തര്‍ക്കങ്ങളിലും സംഘര്‍ഷങ്ങളിലും ഒരു വശത്തല്ലെങ്കില്‍ മറ്റൊരു വശത്ത് സജീവമായിരുന്നു പവന്‍. തുടക്കം മുതല്‍ തന്നെ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിമരുന്നിട്ടായിരുന്നു പവന്‍റെ എന്‍ട്രി. സുജോയും അലസാന്‍ഡ്രയും തമ്മിലുള്ള ബന്ധത്ത ചോദ്യം ചെയ്തുകൊണ്ടായിരുന്നു. സുജോയ്ക്ക് പുറത്ത് കാമുകിയുണ്ടെന്നും എന്തിനാണ് അലസാന്‍ഡ്രയുടെ പിന്നാലെ നടക്കുന്നതെന്നും ചോദിച്ചായിരുന്നു തര്‍ക്കം. അതു കയ്യാങ്കളിയുടെ വക്കുവരെയെത്തി.

പിന്നീട് പ്രധാനമായ ഒരു തല്ലുകൂടല്‍ നടന്നത് സൂരജും പവനും തമ്മിലായിരുന്നു തന്‍റെ കോയിനുകള്‍ മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ സൂരജിന്‍റെ കോയിനുകള്‍ തട്ടിപ്പറിച്ചതോടെയായിരുന്നു തുടക്കം. എന്നാല്‍ പ്രശ്നം മറ്റൊരു തരത്തിലേക്ക് പോയി. ഇങ്ങനെയാണെങ്കില്‍ ഇവിടെ നില്‍ക്കാന‍് താല്‍പര്യമില്ലെന്നും ഇയാളെ പേടിച്ച് ഇങ്ങനെ ജീവിക്കാനാകില്ലെന്നുമായിരുന്നു ഫുക്രു പറഞ്ഞത്. പലപ്പോഴും കയ്യാങ്കളി വരെ തര്‍ക്കങ്ങള്‍ എത്തുകയും ചെയ്തു.

ഇത്രയും പറഞ്ഞത് ഇന്നലത്തെ എപ്പിസോഡിലെ രസകരമായ മുഹൂര്‍ത്തം സൂചിപ്പിക്കാനാണ്. നടുവേദനയില്‍ പുളഞ്ഞ പവനെ മുഴുവന്‍ സമയം കൂടെനിന്ന ശുശ്രൂഷിച്ചത് ഫുക്രുവാണ്. വേദനയ്ക്ക് ആശ്വാസത്തിനായി നടുവിന് തടവാനും നെറ്റിയില്‍ മസാജ് ചെയ്യാനുമടക്കം ഫുക്രു മുന്നിലുണ്ടായിരുന്നു. രണ്ട് തവണ പവനെ താങ്ങിപ്പിടിച്ച് കണ്‍ഫഷന്‍ റൂമിലും സ്റ്റോര്‍ റൂമിലും എല്ലാം എത്തിച്ചത് ഫുക്രുവായിരുന്നു. പാഷാണം ഷാജിയും സഹായത്തിനുണ്ടെങ്കിലും കൂടെ നിന്ന് വെള്ളം വേണോ എന്ന് ചോദിക്കാനും നിരന്തരം കാര്യങ്ങള്‍ ചോദിച്ച് സമാധാനിപ്പിക്കാനും എല്ലാം ഫുക്രു ഉണ്ടായിരുന്നു. ഇന്നത്തെ ഒരു സോഷ്യല്‍ മീഡിയ കമന്‍റ് കടമെടുത്താല്‍ 'പവനെ പൊന്നുപോലെ നോക്കി ഫുക്രു' എന്നുതന്നെ പറയാം.