ഈ വാരം എവിക്ഷനില്‍ പുറത്താവുക ചിലപ്പോള്‍ ആര്യയായിരിക്കാമെന്ന് ഫുക്രു. ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്‌ലി ടാസ്‌കിന് ശേഷം മോശം പ്രകടനത്തിനുള്ള ജയില്‍ ശിക്ഷയ്ക്കായി മത്സരാര്‍ഥികള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടത് രജിത്തും ഫുക്രുവും ആയിരുന്നു. ഹൗസില്‍ ഈയിടെയായി രണ്ടുപേരും പലപ്പോഴും തര്‍ക്കങ്ങളിലാണെങ്കിലും ഒരുമിച്ച് ജയിലില്‍ എത്തിയപ്പോള്‍ ഇരുവരും ഏറെ നേരം പല കാര്യങ്ങളും സംസാരിച്ചു. മത്സരാര്‍ഥികളില്‍ ചിലരെക്കുറിച്ചുള്ള തങ്ങളുടെ നിരീക്ഷണങ്ങളാണ് ഇരുവരും പ്രധാനമായും പങ്കുവച്ചത്. ഇക്കൂട്ടത്തില്‍ രജിത്തും ഫുക്രുവും കൂടുതല്‍ നേരം സംസാരിച്ചത് ആര്യയുടെ പേരാണ്. ഇതിനിടെയാണ് ആര്യ ചിലപ്പോള്‍ ഈ വാരം പുറത്തുപോകുമെന്ന തരത്തില്‍ ഫുക്രു പറഞ്ഞത്.

നോമിനേഷനില്‍ തനിക്കെതിരേ വോട്ട് ചെയ്ത ഒരാള്‍ ആര്യയാണെന്നും അവര്‍ മികച്ച മത്സരാര്‍ഥിയാണെന്നും ഫുക്രു രജിത്തിനോട് പറഞ്ഞു. എന്നാല്‍ അത് ഇപ്പോഴേ മനസിലായുള്ളോ എന്നായിരുന്നു രജിത്തിന്റെ പ്രതികരണം. അത് തനിക്ക് നേരത്തേ അറിയാവുന്ന കാര്യമാണെന്നും മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോ എന്ന് ഫുക്രുവും പറഞ്ഞു. പക്ഷേ തനിക്കെതിരെയും തിരിയുമെന്ന് ഇപ്പോഴാണ് മനസിലായതെന്നും ഫുക്രു പറഞ്ഞു. 'പക്ഷേ ഈ വട്ടം പുള്ളിക്കാരിക്ക് എലിമിനേഷന്‍ ഫ്രീ കാര്‍ഡ് ഉണ്ടായിരുന്നല്ലോ. കാര്‍ഡ് ഉപയോഗിക്കാത്തതിന് ചിലപ്പോള്‍ ഇത്തവണ പണി കിട്ടും', ഫുക്രു പറഞ്ഞു. 

 

എന്നാല്‍ ആര്യയ്ക്കുവേണ്ടി പുറത്ത് ഒരു മാര്‍ക്കറ്റിംഗ് ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു രജിത്തിന്റെ പ്രതികരണം. എന്തൊക്കെ ആയാലും ഇവിടെ നടക്കുന്നതൊക്കെ ജനം കണ്ടുകൊണ്ടിരിക്കുകയല്ലേയെന്ന് ഫുക്രുവും മറുപടി പറഞ്ഞു. ബിഗ് ബോസ് ജീവിതത്തിനിടെ ആര്യ അവതരിപ്പിക്കുന്ന ന്യായ വാദങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു ഫുക്രുവിനോടുള്ള രജിത്തിന്റെ മറ്റൊരു ചോദ്യം. 'അവര്‍ ന്യായം കണ്ടെത്തുന്ന വിധം നീ ശ്രദ്ധിച്ചിട്ടുണ്ടോ? ന്യായമൊക്കെ വിദഗ്ധമായിട്ടാണ് ചുരണ്ടി എടുക്കുന്നത്. പക്ഷേ പൊട്ടത്തരമാണ് പലതും', രജിത് പറഞ്ഞു. ആര്യ ഇനി തന്നെ ചെല്ലപ്പേര് വിളിച്ചുകൊണ്ട് വരുന്നത് കാണട്ടെയെന്ന് ഫുക്രു ആത്മഗതമായും പറഞ്ഞുനിര്‍ത്തി. 

മത്സരാര്‍ഥികള്‍ക്ക് സ്വന്തം സ്ഥാനം നിര്‍ണയിക്കാനുള്ള ടാസ്‌കില്‍ ഒന്നാമതെത്തിയ ആര്യയ്ക്ക് സമ്മാനമായി ബിഗ് ബോസ് 'നോമിനേഷന്‍ ഫ്രീ കാര്‍ഡ്' നല്‍കിയിരുന്നു. എലിമിനേഷനില്‍ വരുന്ന ഒരു തവണ വോട്ടിംഗിലേക്ക് പോകാതെ അപ്പോള്‍ത്തന്നെ ഒഴിവാക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ കഴിഞ്ഞ തവണ എലിമിനേഷനില്‍ വന്നപ്പോഴും ആര്യ കാര്‍ഡ് ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇതേ കാര്‍ഡ് മുന്‍പ് ലഭിച്ചിരുന്ന ജസ്ല കഴിഞ്ഞ തവണ തന്നെ കാര്‍ഡ് ഉപയോഗപ്പെടുത്തി നോമിനേഷനില്‍ നിന്ന് മുക്തയായിരുന്നു.