ബിഗ് ബോസ് സീസണ്‍ ഒന്നില്‍ നമ്മള്‍ ഏറെ രസകരമായി ആസ്വദിച്ച് ഒരു പ്രണയമായിരുന്നു. പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം ഒടുവില്‍ പേളിഷായി വിവാഹത്തില്‍ എത്തി. ബിഗ് ബോസ് സീസണ്‍ രണ്ടിലും ചില പ്രണയങ്ങള്‍ മുളപൊട്ടിയിട്ടുണ്ട്. സുജോയും അലസാന്‍ഡ്രയും തമ്മിലും പ്രദീപും രേഷ്മയും തമ്മിലും പിന്നെ എല്ലാത്തിനും ഉപരിയായി രജിത്തേട്ടനോട് ദയയോടുള്ള പ്രണയവും ഒക്കെയാകുമ്പോള്‍ ബിഗ് ബോസ് വീട് ചൂടുപിടിച്ചിരിക്കുകയാണ്. 

ഇന്നത്തെ എപ്പിസോഡില്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ പോകുന്നത് ദയയുടെ ആവര്‍ത്തിച്ചുള്ള പ്രണയാഭ്യര്‍ത്ഥനയുടെ വിശേഷങ്ങളാണ്. ഒപ്പം ഇരുവരെയും ട്രോളാന്‍ ഒരുങ്ങി നില്‍ക്കുന്ന മറ്റ് മത്സരാര്‍ത്ഥികളുടെ രസക്കുറുമ്പുകളും കാണും. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത് അതാണ്.

വേണുവേട്ടാ... എന്നുവിളിച്ചുകൊണ്ട് ദയ ഒരു പേപ്പര്‍ രജിത്തിന് നേരെ നീട്ടുന്നതാണ് ദൃശ്യങ്ങളില്‍. എന്നാല്‍ അവരെ പരിഹസിച്ചുകൊണ്ട് 'എന്‍റെ വേണുവേട്ടാ...' എന്ന് വിളിച്ചുകൊണ്ട് തൊട്ടടുത്തായി പാഷാണം ഷാജിയുമുണ്ട്. 'പതിനാറ് വയസിന്‍റെം എന്‍റേ നിലവച്ച്, മാമാന്ന് വിളിക്കാന്‍ പറ‍ഞ്ഞതല്ലേ പലവട്ടം' എന്ന് രജിത് കുമാര്‍. 'മോഹങ്ങള്‍ മുരടിച്ചു മോതിരക്കൈ മരവിച്ചു' എന്ന പാട്ടായിരുന്നു ദയയുടെ മറുപടി.

എന്‍റെ കൊച്ചേ ചോറല്ലേ കഴിച്ചത് കുറച്ചുമുമ്പ് എന്നായിരുന്നു രജിത്തിന്‍റെ മറുപടി. പ്രണയത്തിന് കണ്ണില്ല മൂക്കില്ല പ്രായവുമില്ലെന്നായിരുന്നു ദയയുടെ കൗണ്ടര്‍. അപ്പോ ചേട്ടനെ കേറി പ്രേമിക്കാമെന്നാണോ എന്നായി വീണ. ഒടുവില്‍ പാഷാണം ഷൈലിയില്‍ ഡയലോഗെത്തി. ഈ മാഗിയാന്‍റിയെ കൊണ്ട് ഫെഡറിക് അങ്കിളിനെ കെട്ടിക്കുന്നതുകൊണ്ട് എന്താ പ്രശ്നം എന്നായിരുന്നു ഷാജിയുടെ ട്രോള്‍.