ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിന്റെ വരും എപ്പിസോഡുകളിലും പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിതത്വങ്ങള്‍. ഈ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരാര്‍ഥികളില്‍ ഒരാളായ രജിത് കുമാറിനും കണ്ണിനസുഖമാണെന്ന തരത്തിലാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ. ദൃശ്യങ്ങളില്‍ രജിത് കുമാറിന്റെ കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ മുഖത്ത് നീരിറക്കവുമുണ്ട്. മറ്റ് മത്സരാര്‍ഥികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതും ക്യാപ്റ്റന്‍ ബിഗ് ബോസിനോട് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതും പ്രൊമോയില്‍ കാണാം.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഇതിനകം ഏഴ് പേര്‍ക്കാണ് കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടത്. പരീക്കുട്ടി പെരുമ്പാവൂരിനാണ് ആദ്യം കണ്ണിനസുഖം ഉണ്ടായത്. ചികിത്സയ്ക്കുവേണ്ടി ഹൗസിന് പുറത്ത് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ പരീക്കുട്ടി പിന്നാലെ എവിക്ഷനിലൂടെ പുറത്താവുകയായിരുന്നു. രഘു, അലസാന്‍ഡ്ര, രേഷ്മ, പവന്‍, സുജോ എന്നിവര്‍ക്കാണ് പിന്നീട് കണ്ണിനസുഖം പിടിപെട്ടത്. ഇവരെ ബിഗ് ബോസ് ചികിത്സയ്ക്കായി ഹൗസില്‍ നിന്ന് മാറ്റുകയും ചെയ്തു.

എന്നാല്‍ പവന്‍ മാത്രമാണ് പിന്നീട് ഹൗസിലേക്ക് തിരിച്ചെത്തിയത്. ബാക്കിയുള്ള നാല് പേരെയും ബിഗ് ബോസ് അസുഖം പൂര്‍ണമായും ഭേദമാകാത്തതിനാല്‍ വീടുകളിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. പുതിയ പ്രൊമോയില്‍ രജിത് കുമാറിനൊപ്പം പവന്‍ ജിനോ തോമസിനും എന്തോ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന സൂചനയുണ്ട്. ഇത്തരമൊരു പ്രൊമോ പുറത്തുവന്നതോടെ അങ്ങേയറ്റം ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേമികള്‍.