ബിഗ് ബോസ് മലയാളം സീസണില്‍ ഏറെ ആവേശമുണ്ടാക്കുന്ന ടാസ്‌കുകളാണ് ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്‌ലി ടാസ്‌കുകള്‍. ചില ടാസ്‌കുകള്‍ ബുദ്ധി ഉപയോഗിച്ച് ജയിക്കേണ്ടതാണെങ്കില്‍ മറ്റുചിലത് മത്സരാര്‍ഥികളുടെ കായികക്ഷമത പരീക്ഷിക്കുന്നവ ആയിരിക്കും. ഇത്തവണത്തെ വീക്ക്‌ലി ടാസ്‌ക് അത്തരത്തില്‍ ഒന്നായിരുന്നു. നാല് പേര്‍ വീതമുള്ള രണ്ട് ടീമുകളായി തിരിഞ്ഞ് ചൊവ്വാഴ്ച ആരംഭിച്ച ടാസ്‌ക് ബുധനാഴ്ചയിലേക്കും നീണ്ടു. മത്സരത്തിന്റെ ആദ്യ റൗണ്ടിനിടെ കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് മഞ്ജു പത്രോസിന് ബിഗ് ബോസ് വൈദ്യപരിശോധന നല്‍കിയിരുന്നു. മൂന്നാം റൗണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ തന്റെ വലത് തോളിന് പരുക്കേറ്റതായി രജിത് കുമാറും മറ്റ് മത്സരാര്‍ഥികളെ അറിയിച്ചു.

പാനലിലേക്ക് യഥാക്രമം പ്ലഗ്ഗുകള്‍ കുത്തുവാന്‍ വരുന്ന 'എ' ടീം അംഗങ്ങളെ തടയുവാനായി നിന്ന രജിത്തും എ ടീം അംഗമായ സൂരജും തമ്മില്‍ പിടിവലി നടന്നിരുന്നു. ഇതിനിടെയാണ് പരുക്കേറ്റതെന്ന് മത്സരത്തിന് ശേഷം രജിത് പറഞ്ഞു. എന്നാല്‍ തോളിന് പരിക്കേറ്റെന്ന് രജിത് പറഞ്ഞത് വ്യാജമാണെന്നും അഭിനയമാണെന്നും ജസ്ല ഒരു ക്യാമറയുടെ മുന്നില്‍ ചെന്നുനിന്ന് ബിഗ് ബോസിനോട് ആരോപിച്ചു. വയസ്സായവരെ തൊടാന്‍ പാടില്ലെങ്കില്‍ മത്സരം നടക്കുമ്പോള്‍ അവരോട് മൂലയ്ക്കിരിക്കാന്‍ പറയണമെന്നും രജിത്തിനെ ഉദ്ദേശിച്ച് ജസ്ല മാടശ്ശേരി ബിഗ് ബോസിനോട് പറഞ്ഞു.

 

കൈയും കാലും തൊട്ടാല്‍ പൊട്ടുമെന്ന് പറയുന്ന ആളുകളോട് ദയവുചെയ്ത് ഗെയിമിലേക്ക് വരരുതെന്ന് പറയണം. അതല്ലാതെ ഇവിടെ കിടന്ന് ഓവര്‍ ആക്ഷന്‍സ്.. കൈയില്‍ തൊടുമ്പോഴേക്ക് എന്റെ ഷോള്‍ഡര്‍ പൊട്ടിയെന്ന് പറഞ്ഞ് കരയുക.. തൊടാന്‍ പാടില്ലെന്ന് നിയമമുള്ള ആളുകള്‍ ഈ ബിഗ് ബോസ് ഹൗസില്‍ ഉണ്ടെങ്കില്‍ അവരോട് മാറിനില്‍ക്കാന്‍ പറയുക. അത് ആ ടീമിന്റെ, അല്ലാത്തപക്ഷം ബിഗ് ബോസിന്റെ ഉത്തരവാദിത്തമാണ്. ആരും വെറുതെയിരിക്കുന്ന ആളെപ്പോയി എവിടെയും തൊടുന്നില്ല. ഗെയിമിലേക്ക് വരുന്ന, ടാസ്‌കില്‍ പങ്കെടുക്കുന്ന, ഇങ്ങോട്ട് അറ്റാക്ക് ചെയ്യുന്നവരെ മാത്രമേ നമ്മള്‍ തിരിച്ച് അറ്റാക്ക് ചെയ്യുന്നുള്ളൂ. അതുകൊണ്ട് ഇതുപോലെയുള്ള അമിതാഭിനയവും നാടകവുമൊക്കെ വീട്ടില്‍ കൊണ്ടുപോയി വെക്കാന്‍ പറയണം ബിഗ് ബോസ്. പ്ലീസ്.