ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് അതിന്റെ പകുതി ദിനങ്ങളോട് അടുക്കുകയാണ്. കണ്ണിനസുഖം മൂലം മത്സരാര്‍ഥികളുടെ അപ്രതീക്ഷിത കൊഴിഞ്ഞുപോക്ക് സംഭവിച്ച ഷോയില്‍ നിലവിലുള്ളത് എട്ട് പേരാണ്. ഇന്നലെ നടന്ന നൈറ്റ് ടാസ്‌കിന് ശേഷം കൂടുതല്‍ പേര്‍ ഏറ്റവും കുറവ് മാര്‍ക്കിട്ട ജസ്ലയോടും സൂരജിനോടും രണ്ടിലൊരാള്‍ ഓപണ്‍ നോമിനേഷനിലേക്ക് പോകണമെന്ന് ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം സൂരജാണ് ഓപണ്‍ നോമിനേഷന്‍ സ്വമേധയാ സ്വീകരിച്ചത്. എന്നാല്‍ ഇന്നത്തെ എപ്പിസോഡിന്റെ തുടക്കത്തില്‍ ജയിലിലായിരുന്ന രജിത്തും ഫുക്രുവും ജസ്ലയ്ക്ക് ലഭിച്ച നോമിനേഷനെക്കുറിച്ച് സംസാരിച്ചു.

രാവിലെ കാപ്പിയുമായി പുറത്തിറങ്ങിയ ജസ്ലയെ അഭിവാദ്യം ചെയ്ത ശേഷം രജിത് ആണ് വിഷയം എടുത്തിട്ടത്. 'ഇന്നലത്തെ ടാസ്‌കും അതില്‍നിന്നുള്ള എലിമിനേഷനും കണ്ടപ്പോള്‍ എന്ത് പഠിച്ചു' എന്നായിരുന്നു രജിത്തിന്റെ ചോദ്യം. എന്നാല്‍ താനെന്തായാലും ഈയാഴ്ച പോകാന്‍ ഒരുങ്ങിനില്‍ക്കുകയാണെന്നും അല്ലാത്തപക്ഷം നമ്മളോട് ഭയങ്കര വെറുപ്പായിപ്പോവുമെന്നും ജസ്ല മറുപടി പറഞ്ഞു. തനിക്കൊപ്പം നിന്നിരുന്നെങ്കില്‍ ഒപ്പം നിന്ന് കാലുവാരാത്ത ഒരു സുഹൃത്തിനെ ലഭിച്ചേനെ എന്നായിരുന്നു രജിത്തിന്റെ പ്രതികരണം. 'ഇവിടെനിന്ന് പോയി മാനസികമായി സ്‌റ്റേബിള്‍ ആയതിനുശേഷം ആലോചിക്കുമ്പോള്‍ നിനക്ക് ഒരു കാര്യം മനസിലാവും. രജിത്തിനോട് സൗഹൃദം സ്ഥാപിച്ചിരുന്നുവെങ്കില്‍ കൂടെനിന്ന് കാലുവാരാത്ത ഒരു സുഹൃത്തിനെക്കൂടി കിട്ടിയേനെ. വന്ന ആഴ്ചയില്‍ത്തന്നെ നിനക്ക് ഞാന്‍ സൂചന തന്നതായിരുന്നു. ഇതുവരെ നിനക്കെതിരേ ഞാന്‍ നോമിനേഷന്‍ നടത്തിയിട്ടുമില്ല എന്നുള്ളത് മറ്റൊരു സത്യം', രജിത് പറഞ്ഞു. 

 

ജസ്ല അപ്പോള്‍ ആ വിഷയം വിട്ടെങ്കിലും കുറച്ചുകഴിഞ്ഞ് ജയിലിനടുത്ത് വന്നിരുന്ന് കാര്യങ്ങള്‍, വിശേഷിച്ചും ഇന്നലത്തെ ഓപണ്‍ നോമിനേഷനെക്കുറിച്ച് സംസാരിച്ചു. ഫുക്രുവിനോടാണ് സംസാരിച്ചതെങ്കിലും തൊട്ടടുത്തിരുന്ന രജിത്തും ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ചിലതിനൊക്കെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. 'ഇന്നലെ അവര്‍ പറഞ്ഞ കാരണങ്ങളൊക്കെ കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. ഞാന്‍ ഇമോഷണലി ഡൗണ്‍ ആണ് എന്ന്.. ഇവിടെയുള്ള ആരെക്കാളും ഇമോഷണലി സ്‌ട്രോംഗ് ഞാനാണെന്നാ എനിക്ക് തോന്നുന്നെ. സെന്റിമെന്റ്‌സ് വച്ച് ജനങ്ങളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഞാനിതുവരെ നോക്കിയിട്ടില്ല. അങ്ങനെ നില്‍ക്കുന്നത് വീണയും ആര്യയുമാണ്. ഫിനാന്‍ഷ്യല്‍ ബെനിഫിറ്റ്‌സിനുവേണ്ടി മാത്രം വന്നവരാണ് ഇവിടെ കൂടുതല്‍ ഉള്ളത്. പക്ഷേ ഞാന്‍ അങ്ങനെയല്ല. ഞാനൊരു സോഷ്യല്‍ എക്‌സ്‌പെരിമെന്റിന് വന്നതാണ്', ജസ്ല പറഞ്ഞു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ ഒരു സോഷ്യല്‍ എക്‌സ്‌പെരിമെന്റ് ആയാണ് കാണുന്നതെന്ന് നേരത്തേ മോഹന്‍ലാലിന്റെ ചോദ്യത്തിനുത്തരമായും ജസ്ല ഒരിക്കല്‍ പറഞ്ഞിരുന്നു.