ഒരു റിയാലിറ്റി ഷോ എന്നതിലുപരി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ രണ്ട്. പാഷാണം ഷാജി രജിത്തിനെ അധിക്ഷേപിച്ച് സംസാരിച്ചതും വിവാദമായതും സോഷ്യല്‍ മീഡിയയില‍് വ്യാപക വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിന്‍റെയും എല്ലാം തുടക്കം ജസ്‍ലയും രജിത്തുമായിരുന്നു. ഇത്തവണ അടുക്കളയില്‍ നിയോഗിക്കപ്പെട്ട രജിത്തും ജസ്‍ലയും തമ്മിലുള്ള തര്‍ക്കമാണ് ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കും പദ്ധതികള്‍ക്കും ബിഗ് ബോസ് ഹൗസില്‍ രൂപം നല്‍കിയത്.

ഭക്ഷണം കഴിക്കാന്‍ സ്വന്തമായി പ്ലേറ്റില്‍ ചപ്പാത്തിയെടുത്ത് കഴിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു തര്‍ക്കത്തിന്‍റെ തുടക്കം. ചപ്പാത്തി എടുക്കുന്നത് നോക്കിനിന്ന രജിത് കറിയെടുക്കാന്‍ ഒരുങ്ങിയ ജസ്‍ലയോട് ഞങ്ങള്‍ എടുത്തു തരുമെന്നും ഞങ്ങളാണ് കുക്കിങ് എന്നും പറയുന്നു. അപ്പോള്‍ ചപ്പാത്തിയെടുക്കാന്‍ പാടില്ലേയെന്ന് ജസ്‍ല ചോദിക്കുന്നു. ഞങ്ങളല്ലേ സപ്ലൈ ചെയ്ത് കൊടുക്കേണ്ടതെന്ന് ക്യാപ്റ്റനായ പാഷാണം ഷാജിയോട് രജിത് ചോദിക്കുന്നു... ഇതിനിടയില്‍ ചപ്പാത്തി ദേഷ്യത്തോടെ പാത്രത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞുകൊണ്ട്...'ന്നാങ്ട് തിന്ന്... രണ്ട് ചപ്പാത്തിയെടുത്തതിനാണ് ഇങ്ങനെ പറയുന്നത്' ജസ്ല പറഞ്ഞു. ചപ്പാത്തി വലിച്ചെറിഞ്ഞ ജസ്‍ലയോട് നീയെന്തിനാ ഭക്ഷണം വലിച്ചെറിഞ്ഞതെന്ന് ഫുക്രു ചോദിക്കുന്നുണ്ട്. ഭക്ഷണം എടുത്തെറിയുമ്പോ പറയുന്നതിന്‍റെ വിഷമം നമുക്കും ഉണ്ടാകുമെന്ന് ജസ്ലയോട് ഫുക്രു പറയുന്നു. ആകെ പ്രകോപിതയായ ജസ്ല പുറത്തേക്ക് പോവുകയും ചെയ്തു.

ആര്യയും മറ്റുള്ളവരും വിളിച്ചിട്ടും ജസ്‍ല നിന്നില്ല. തുടര്‍ന്ന് ടോയ്‍ലെറ്റില്‍ പോയിരുന്ന ജസ്‍ലയോട്, എലീന അങ്ങോട്ട് ചെന്ന് സംസാരിച്ചു. പിന്നാലെയെത്തിയ പാഷാണം ഷാജിയും ജസ്ലയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഭക്ഷണം വലിച്ചെറിഞ്ഞ രീതി ശരിയായില്ലെന്നു തന്നെയായിരുന്നു എലീനയുടെയും പാഷാണം ഷാജിയുടെയും അഭിപ്രായം. ഇതിനിടയിലായിരുന്നു  രജിത്തിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഷാജി സംസാരിച്ചത്.

ഒരു ഫാമിലിയായി ജീവിക്കുന്നവര്‍ക്കേ കൂടപ്പിറപ്പിന് ഒരു സങ്കടമുണ്ടായാല്‍ അറിയുള്ളൂ... ഒരു പന്നിക്കൂട്ടില്‍ ജീവിക്കുന്നതു പോലെയാണ് അയാള്‍ ജീവിക്കുന്നത് എന്നായിരുന്നു ഷാജി ആദ്യം പറഞ്ഞത്. പിന്നാലെ ജസ്‍ല ഭക്ഷണമൊക്കെ കഴിച്ച ശേഷം സിറ്റൗട്ടില്‍ സംസാരിക്കുമ്പോള്‍ വളരെ മോശമായ രീതിയില്‍ വീണ്ടും ഷാജി സംസാരിച്ചു.  എനിക്കയാളെന്താന്നറിയാമോ... പട്ടിത്തീട്ടമില്ലേ... നമ്മള്‍ ഒരിക്കല്‍ ചവിട്ടിയാല്‍ പിന്നെ ആ വശത്തേക്ക് പോകരുത്, കാല്‍ കഴുകി മറ്റൊരു വശത്തൂടെ മാറിപ്പോവുക' എന്നായിരുന്നു ഷാജി പറഞ്ഞത്.

ഇന്നത്തെ ബിബി കഫേയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചൂണ്ടിക്കാട്ടിയതും ഇക്കാര്യങ്ങളായിരുന്നു. ജസ്‍ല ഭക്ഷണം വലിച്ചെറിഞ്ഞതും ഷാജി തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങളും ഏറെ വിമര്‍ശിക്കപ്പെട്ടു. ഭക്ഷണം വലിച്ചെറിഞ്ഞ ശേഷം ഒരു സീനുണ്ടാക്കി രക്ഷപ്പെടുകയായിരുന്നു എന്നായിരുന്നു ചിലര്‍ പറഞ്ഞത്. അതേസമയം ജസ്‍ലയ്ക്ക് ഭക്ഷണത്തിന്‍റെ വിലയറിയില്ലെന്നും ദേഷ്യം വന്നാല്‍ എന്തും ചെയ്യാനാകുമോ എന്നും മറ്റു ചിലര്‍ ചോദിക്കുന്നു. അതേസമയം തന്നെ ചെയ്ത കാര്യം തെറ്റാണെന്ന് ഓര്‍മിപ്പിച്ച എലീനയോടും ഷാജിയോടും തനിക്ക് അറിയാമെന്നും ബാംഗ്ലൂരില്‍ പഠിക്കുമ്പോ ഞാന്‍ അത് അറിഞ്ഞതാണെന്നും ജസ്‍ല പറയുകയും ചെയ്തിരുന്നു. ഇതും ചിലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.