ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് അന്‍പതാം ദിവസത്തിലേക്ക് അടുക്കുകയാണ്. പതിനേഴ് മത്സരാര്‍ഥികളുമായാണ് ഷോ ആരംഭിച്ചതെങ്കില്‍ പലരും സ്വാഭാവികമായ എലിമിനേഷനിലൂടെ പുറത്തായി. അതിലേറെപ്പേര്‍ക്ക് അപ്രതീക്ഷിതമായി ഹൗസിനുള്ളില്‍ പടര്‍ന്ന കണ്ണിനസുഖം മൂലവും പുറത്തുപോകേണ്ടിവന്നു. ഷോ ഏഴാം ആഴ്ച പൂര്‍ത്തിയാക്കാനൊരുങ്ങുമ്പോള്‍ നിലവില്‍ എട്ട് മത്സരാര്‍ഥികള്‍ മാത്രമാണ് ഹൗസിനുള്ളില്‍ ഉള്ളത്. കണ്ണിനസുഖം മൂലം മാറിനില്‍ക്കുന്ന ആരെങ്കിലും തിരിച്ചെത്തുമോ, വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഇനിയും ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളൊക്കെ വരും ദിനങ്ങളില്‍ വ്യക്തമാവും. അതേസമയം ഇത്രയും ദിവസത്തെ ബിഗ് ബോസ് വാസം മത്സരാര്‍ഥികളില്‍ പലരും പല രീതിയിലാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. വൈകാരികമായി ദുര്‍ബലരെന്ന് തോന്നുന്ന മത്സരാര്‍ഥികള്‍ വീട്ടില്‍ പോകണമെന്ന് പറയുമ്പോള്‍ ചിലര്‍ രണ്ടും കല്‍പ്പിച്ച് നില്‍ക്കുന്നു എന്ന മട്ടിലാണ്. ബിഗ് ബോസ് ഹൗസിലെ ഏറ്റവും ഇമോഷണലായ മത്സരാര്‍ഥികളില്‍ ഒരാളായി കരുതപ്പെടുന്ന മഞ്ജു പത്രോസ് ഇന്നത്തെ എപ്പിസോഡില്‍ ഒറ്റയ്ക്ക് ബെഡ്‌റൂമില്‍ കിടക്കുമ്പോള്‍ ബിഗ് ബോസിനോട് ഇക്കാര്യം അവതരിപ്പിച്ചു. തനിക്ക് വീട്ടില്‍ പോകണമെന്നും പ്രിയപ്പെട്ടവരെ കാണണമെന്നുമുള്ള കാര്യം.

 

ബിഗ് ബോസിലേക്ക് വരുമ്പോള്‍ രണ്ടാഴ്ച നില്‍ക്കുമെന്നേ പ്രതീക്ഷയുണ്ടായിരുന്നുള്ളുവെന്നും വീട്ടിലേക്ക് പോകണമെന്നും മഞ്ജു പറഞ്ഞു. 'എനിക്ക് ഇവിടെ തുടരണ്ട, വീട്ടില്‍ വിടണം. എനിക്കെന്റെ ബെര്‍ണാച്ചന്റെയടുത്ത് ഇരിക്കണം. അമ്മച്ചിയെയും പപ്പയെയും കാണണം. സുനിച്ചന്റെ ഒച്ച കേള്‍ക്കണം. സിമിയെ കാണണം. രണ്ടേരണ്ട് ആഴ്ചയേ ഞാന്‍ പ്രതീക്ഷിച്ചിട്ടുള്ളൂ ബിഗ് ബോസ്. അന്‍പത് ദിവസം ആവാന്‍ പോവുന്നു. അതോ അന്‍പത് ദിവസം കഴിഞ്ഞോ? അറിഞ്ഞൂടാ. മതി', മഞ്ജു മറ്റുള്ളവരുടെ അസാന്നിധ്യത്തില്‍ ബിഗ് ബോസിനോട് അപേക്ഷിച്ചു.

അതേസമയം ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ മഞ്ജുവും ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍ ഹൗസിലുള്ള എട്ട് പേരില്‍ ആറ് പേരും ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. മഞ്ജുവിന് പുറമെ രജിത് കുമാര്‍, വീണ നായര്‍, ജസ്ല മാടശ്ശേരി, ഫുക്രു, ആര്യ എന്നിവരാണ് എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. രജിത് കുമാര്‍ ഒരാഴ്ചയൊഴികെ (ക്യാപ്റ്റന്‍ ആയിരുന്ന സമയത്ത് മാത്രം) എല്ലാത്തവണയും എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചപ്പോള്‍ ഫുക്രു ആദ്യമായാണ് എലിമിനേഷനില്‍ എത്തുന്നത്. ഇതില്‍ ആര് പോകുമെന്ന് ശനി, ഞായര്‍ എപ്പിസോഡുകളില്‍ അറിയാം.