ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ പരസ്പരം വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കാവുന്ന ഒന്നിലധികം ഗെയിമുകളും ടാസ്‌കുകളും കഴിഞ്ഞയാഴ്ച ഉണ്ടായിരുന്നു. അഞ്ച് പേര്‍ കണ്ണിനസുഖം മൂലം പുറത്തുനില്‍ക്കുമ്പോള്‍ അത്തരം ഗെയിമുകള്‍ ആവര്‍ത്തിക്കുന്ന കാഴ്ചയാണ് ബിഗ് ബോസില്‍. തിങ്കളാഴ്ച എപ്പിസോഡിലും അത്തരത്തില്‍ കൗതുകകരമായ ഒരു ഗെയിം ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ വച്ചു. 'എങ്ങനെ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാകാമെന്ന്' ഓരോ മത്സരാര്‍ഥിയോടും ബിഗ് ബോസിലെ മറ്റംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരമായിരുന്നു ഇത്. പലപ്പോഴും പരസ്പരം തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ നടത്തിയ വിമര്‍ശനമായിരുന്നു ഇതിന്റെ ആകര്‍ഷകത്വം. അതില്‍ ഏറ്റവും കൗതുകമുണര്‍ത്തിയ ഒന്നായിരുന്നു രജിത്തിനോടുള്ള മഞ്ജുവിന്റെ വാക്കുകള്‍. രജിത്തുമായി പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് ലളിതമായ ഭാഷയില്‍ മഞ്ജു അവതരിപ്പിച്ചു. ഒരു കാര്യം കൂടി മഞ്ജു പറഞ്ഞു, ഇവിടെ വരുന്നതിന് മുന്‍പ് രജിത്തിനെ അറിയില്ലായിരുന്നുവെന്നും.

 

'കഴിഞ്ഞ ദിവസം ലാലേട്ടനോട് രജിത്തേട്ടന്‍ പറയുന്നത് കേട്ടു, എന്റെ വീഡിയോസ് കണ്ടിട്ട്, ഞാനൊരു സ്ത്രീവിരുദ്ധന്‍ ആണെന്ന് കരുതിയാണ് മഞ്ജു മുന്‍ധാരണയോടെ എന്നോട് പെരുമാറുന്നതെന്ന്. ഈ നിമിഷം വരെ സത്യമായിട്ടും എനിക്ക് നിങ്ങള്‍ ആരാണെന്ന് മനസിലായിട്ടില്ല. ഞാന്‍ നിങ്ങളുടെ ഒരൊറ്റ വീഡിയോയും കണ്ടിട്ടില്ല. ഇവിടെ വന്നപ്പോള്‍ വലിയ താടിയൊക്കെ ഉണ്ടായിരുന്ന ഒരാളാണെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ ഞാനും തലയാട്ടി എന്നത് ശരിയാണ്. കാരണം ഇത്രയും ഫേമസ് ആയ ഒരാളെ അറിയില്ലെന്ന് പറയുന്നത് എന്റെ ഒരു കുറവായിട്ട് എനിക്ക് തോന്നി. കണ്ടിട്ടുണ്ടെന്ന് ഞാന്‍ ആര്യയോടോ മറ്റൊ പറഞ്ഞിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. നിങ്ങള്‍ ആരാണെന്ന് ഇനി ഇവിടെനിന്ന് ചെന്നിട്ട് വേണം എനിക്ക് കണ്ട് മനസിലാക്കാന്‍. ശരിക്കും രജിത്തേട്ടനാണ് ഒരു മുന്‍ധാരണയോടെ പെരുമാറിയിട്ടുണ്ടാവുക', മഞ്ജു പറഞ്ഞു. 

പലപ്പോഴും രജിത്തുമായി അഡ്ജസ്റ്റ് ചെയ്യാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ ചിലപ്പോഴൊക്കെ പ്രതികരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നുവെന്നും മഞ്ജു പറഞ്ഞു. 'പലപ്പോഴും ഞാന്‍ നിങ്ങളുമായി അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍, എന്റെയുള്ളില്‍ ഒരു പൊട്ടിത്തെറിതന്നെ ആരംഭിക്കുമ്പോള്‍ ഞാന്‍ അവിടുന്ന് മാറിപ്പോയിട്ടുണ്ട്. അടുക്കളയില്‍ ഡ്യൂട്ടി ഉണ്ടായിരുന്ന സമയത്ത് നടന്ന ഒരു സംഭവം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. നിങ്ങള്‍ ഒന്നും എന്നെ പറഞ്ഞിട്ടില്ല. ഒരാളെ വല്ലാതെ ഇന്‍സള്‍ട്ട് ചെയ്യുന്നത് കണ്ടപ്പോഴാണ് എനിക്ക് സഹിക്കാന്‍ പറ്റാതെ എന്റെ വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞത്. അത് എന്താണെന്ന് രജിത്തേട്ടനും വ്യക്തമായിട്ട് അറിയാം. രജിത്തേട്ടന്റെ മുഖത്ത് നോക്കിയിട്ട് നിങ്ങള്‍ ഉപ്പുമാങ്ങ പോലെയാണ് ഇരിക്കുന്നതെന്ന് പറയാനുള്ള മനസ് എന്തായാലും എനിക്ക് വരില്ല. എന്ത് ഗെയിമിന്റെ ഭാഗമാണെങ്കിലും അത് ഭയങ്കര വിഷമമാണ്. കാരണം എപ്പോഴും ഒരുമിച്ചിരിക്കുന്ന ഒരാള്‍, പുതിയ ഒരാള്‍ വന്നപ്പോഴേക്കും നീ അലുവാക്കട്ടി പോലെയാണ് ഇരിക്കുന്നതെന്ന് പറയുന്നത്.. രജിത്തേട്ടനെപ്പോലെ മുതിര്‍ന്ന ഒരാള്‍ക്ക് ചേര്‍ന്ന സ്വഭാവമായിട്ട് എനിക്കത് തോന്നിയില്ല. ദൈവത്തെയോര്‍ത്ത് അങ്ങനെ ചെയ്യരുത്. അപ്പൊ ഒരാളെ കണ്ടാല്‍ ബാക്കിയുളളവരെയെല്ലാം മറന്ന് അതിലേക്ക് ചാടിപ്പോകുന്ന ഒരു സ്വഭാവം പലപ്പോഴും എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട്', മഞ്ജു പറഞ്ഞു.

 

രജിത് ക്യാമറയോട് കാണിക്കുന്ന സ്‌നേഹം ഹൗസിലുള്ള മറ്റുള്ളവരോട് കാണിച്ചിരുന്നെങ്കില്‍ എന്ന പ്രതീക്ഷയും മഞ്ജു പങ്കുവച്ചു. 'എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് ഈ ക്യാമറയോട് കാണിക്കുന്ന സ്‌നേഹവും പരിഗണനയുമൊക്കെ ഇവിടെയുള്ള മറ്റ് മെംബേഴ്‌സിനോട് കാണിച്ചിരുന്നെങ്കില്‍ എന്നാണ്. അവിടെപ്പോയി ക്യമറയുടെ മുന്നില്‍ വളരെ സൗമ്യമായി, ഞാന്‍ ഇതാണ് ഉദ്ദേശിച്ചതെന്ന് പറയുമ്പൊ, ആ സൗമ്യത ഞങ്ങളോട് സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും കാണിച്ചാല്‍ നമുക്ക് സന്തോഷമാണ്', മഞ്ജു പറഞ്ഞവസാനിപ്പിച്ചു.