ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് അന്‍പതാം ദിവസത്തിലേക്ക് അടുക്കുമ്പോള്‍ ടാസ്‌കുകളിലൊക്കെ മത്സരാര്‍ഥികള്‍ക്കിടയില്‍ വാശി കൂടിയിട്ടുണ്ട്. ഇന്നലെ ആരംഭിച്ച ഈ വാരത്തിലെ ലക്ഷ്വറി ബജറ്റ് ടാസ്‌ക് മത്സരാര്‍ഥികളുടെ കായികക്ഷമത കൂടി പരീക്ഷിക്കുന്ന ഒന്നായിരുന്നു. എ, ബി എന്നീ രണ്ട് ടീമുകളായി ഇന്നലെ ആരംഭിച്ച ഗെയിം ഇന്നും തുടര്‍ന്നു. ഫുക്രു, വീണ, ജസ്ല, സൂരജ് എന്നിവര്‍ അടങ്ങിയ ടീം എ ഇന്നലെ 'ഹീറോസ്' ആയിരുന്നെങ്കില്‍ ഇന്ന് 'വില്ലന്മാര്‍' ആയിരുന്നു. 

എന്നാല്‍ ഇന്നലത്തേതില്‍നിന്ന് വ്യത്യസ്തമായിരുന്നു ഇന്നത്തെ ഗെയിമിന്റെ രീതി. പ്രവര്‍ത്തനരഹിതമായ ഒരു മിസൈലിന്റെ മാതൃക ഗാര്‍ഡന്‍ ഏരിയയില്‍ ബിഗ് ബോസ് വച്ചിരുന്നു. ഈ മിസൈല്‍ മുന്‍പ് നായകന്മാര്‍ ഇവരില്‍നിന്ന് അപഹരിച്ചതാണെന്നായിരുന്നു സങ്കല്‍പം. ഇതിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒരു പാനലും സമീപത്തായി വച്ചിരുന്നു. വില്ലന്മാര്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന പ്ലഗ് പിന്നുകള്‍ പാനലില്‍ ആവശ്യാനുസരണം ഘടിപ്പിക്കുക എന്നതായിരുന്നു മത്സരം. അവരെ ഇതിന് അനുവദിക്കാതിരിക്കുക എന്നതായിരുന്നു ഹീറോസിന്റെ ടാസ്‌ക്. നാല് ടാസ്‌ക് ബസറുകളില്‍ നാല് പിന്നുകളാണ് വില്ലന്മാര്‍ക്ക് പാനലില്‍ ഘടിപ്പിക്കേണ്ടിയിരുന്നത്. ഒരു പ്ലഗ്ഗ് ഘടിപ്പിച്ചാല്‍ നാനൂറ് ലക്ഷ്വറി പോയിന്റുകള്‍ക്ക് സമമായ ഓരോ പോയിന്റുകളും ലഭിക്കുമെന്നായിരുന്നു ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ്.

 

ആദ്യ ബസര്‍ ശബ്ദിച്ചപ്പോള്‍ ആവേശത്തോടെ പാഞ്ഞടുത്ത വില്ലന്മാരായ എ ടീമിനെ അതേ ആവേശത്തോടെ തടഞ്ഞുനിര്‍ത്തി ഹീറോസ് ആയിരുന്ന ടീം ബി. ഇന്നലത്തേതുപോലെ രജിത്, പാഷാണം ഷാജി, ആര്യ, വീണ എന്നിവരായിരുന്നു ടീം ബിയില്‍. വീണയും ആര്യയും പാനല്‍ കെട്ടിപ്പിടിച്ച് നിലത്തിരുന്നപ്പോള്‍ പ്ലഗ് ഘടിപ്പിക്കാന്‍ വന്നവരെ തുരത്തുകയായിരുന്നു പാഷാണം ഷാജിയും രജിത്തും ചേര്‍ന്ന്. എന്നാല്‍ മത്സരത്തിന്റെ ആദ്യ റൗണ്ടിനിടെ മഞ്ജുവിന് പരുക്കേറ്റു. പാനലിനടുത്തേക്ക് എത്താന്‍ ശ്രമിച്ച മഞ്ജുവിനെ ഷാജി പിടിച്ച് തള്ളുകയും മഞ്ജു വീഴുകയുമായിരുന്നു. നിലത്തുനിന്ന് എണീക്കാന്‍ തന്നെ വിഷമിച്ച മഞ്ജുവിനെ ഒപ്പമുള്ളവര്‍ ചേര്‍ന്ന് കണ്‍ഫെഷന്‍ റൂമില്‍ എത്തിച്ചു. ബിഗ് ബോസിന്റെ നിര്‍ദേശപ്രകാരം ഡോക്ടര്‍മാര്‍ എത്തി മഞ്ജുവിനെ പരിശോധിക്കുകയും ആവശ്യമായ പരിചരണം നല്‍കുകയും ചെയ്തു. കാല്‍മുട്ടിനാണ് മഞ്ജുവിന് പരിക്കേറ്റത്.

പിന്നീട് ടീമംഗങ്ങളായ ഫുക്രുവും ജസ്ലയുമെത്തി മഞ്ജുവിനെ കണ്‍ഫെഷന്‍ റൂമില്‍നിന്ന് വിളിച്ചുകൊണ്ടുവരികയായിരുന്നു. വിശ്രമം ആവശ്യമുണ്ടെന്നും ശ്രദ്ധിക്കണമെന്നും പറഞ്ഞാണ് ബിഗ് ബോസ് മഞ്ജുവിനെ കണ്‍ഫെഷന്‍ റൂമില്‍നിന്ന് തിരിച്ചയച്ചത്. തുടര്‍ന്നുള്ള റൗണ്ടുകളില്‍ പങ്കെടുക്കാതെ മഞ്ജു ഗെയിമില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ എന്തുപറഞ്ഞെന്ന മറ്റുള്ളവരുടെ ചോദ്യത്തിന് കുറച്ചുനേരം നോക്കിയതിന് ശേഷം വേദന നിലനില്‍ക്കുകയാണെങ്കില്‍ അസ്ഥിരോഗവിദഗ്ധനെ വിളിക്കാമെന്ന് പറഞ്ഞെന്നും മഞ്ജു അവരെ അറിയിച്ചു. അതേസമയം താന്‍ കാരണം മഞ്ജുവിന് പരിക്കേറ്റതില്‍ അസ്വസ്ഥനായിരുന്നു ഷാജി. ഗെയിമിനിടയിലും പലതവണ ഷാജി മഞ്ജുവിന്റെ സുഖവിവരം അന്വേഷിക്കുകയും ചെയ്തു.