ബിഗ് ബോസിലെ ഏറ്റവും ആവേശയും ആകാംക്ഷയും ജനിപ്പിക്കുന്ന എപ്പിസോഡുകളാണ് മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ശനി, ഞായര്‍ എപ്പിസോഡുകള്‍. അതാത് വാരം എലിമിനേഷന്‍ ലിസ്റ്റില്‍ എത്തിയവരില്‍ ആരാണ് പുറത്തേക്ക് പോകുന്നതെന്ന് പ്രഖ്യാപിക്കുന്നത് ഈ ദിവസങ്ങളിലാണ്. മിക്കവാറും ഞായറാഴ്ചയാണ് എലിമിനേഷന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവാറുള്ളതെങ്കിലും ചിലപ്പോള്‍ അത് ശനിയാഴ്ചകളിലും സംഭവിക്കാം. അതിന് ഉദാഹരണമായിരുന്നു കഴിഞ്ഞ വാരത്തിലെ എലിമിനേഷന്‍. തെസ്‌നി ഖാന്‍ പുറത്തായ വിവരം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു. എന്നാല്‍ ഈ വാരം ആരാണ് പുറത്തേക്ക് പോവുക? ബിഗ് ബോസ് പ്രേക്ഷകരും മത്സരാര്‍ഥികളും ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഞായറാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ മറുപടി പറഞ്ഞു.

അഞ്ച് പേരാണ് ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. രേഷ്മ, വീണ നായര്‍, ദയ അശ്വതി, പ്രദീപ് ചന്ദ്രന്‍, ജസ്ല മാടശ്ശേരി എന്നിവര്‍. ഇതില്‍ ദയ അശ്വതി ഈ വാരം സുരക്ഷിതയാണെന്ന് മോഹന്‍ലാല്‍ ഇന്നലെ അറിയിച്ചിരുന്നു. ഈ വാരം ഏറ്റവും കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയത് ദയ ആണെന്ന വിവരവും മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. കണ്ണിനസുഖം മൂലം രേഷ്മ നിലവില്‍ ഹൗസിന് പുറത്താണ്. എലിമിനേഷന്‍ ലിസ്റ്റിലുള്ള മറ്റ് മൂന്നുപേരോട് എണീറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം.

 

പ്രദീപ്, ജസ്ല, വീണ എന്നിവരോട് ഇപ്പോള്‍ പുറത്തുപോയാല്‍ ഏറ്റവുമധികം സങ്കടപ്പെടുന്നത് ആരാവുമെന്ന് ചോദിക്കുകയായിരുന്നു മോഹന്‍ലാല്‍. പ്രദീപ് മാത്രമാണ് കൈ ഉയര്‍ത്തിയത്. കാരണം ചോദിച്ചപ്പോള്‍ സങ്കടം ഉണ്ടാവുമെന്നും പുറത്ത് താന്‍ ഉടന്‍ എത്തിയേ പറ്റൂ എന്ന് പറഞ്ഞ് കാത്തിരിക്കാന്‍ ഇല്ല എന്നത് ഒരു കാരണമാണെന്ന് പ്രദീപ് പറഞ്ഞു. എന്തുകൊണ്ട് സങ്കടപ്പെടില്ല എന്ന് വീണയോടും ജസ്ലയോടും ലാല്‍ ചോദിച്ചു. താന്‍ മുന്‍പും വിശദീകരിച്ചിട്ടുള്ളതുപോലെ തുടര്‍ന്നാലും തന്റെ സെന്‍സിറ്റീവ് സ്വഭാവത്തോട് തന്നെയാവും തുടരുകയെന്നും അത് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും വീണ പറഞ്ഞു. ഇപ്പോള്‍ പുറത്ത് പോകേണ്ടിവന്നാലും താന്‍ സന്തുഷ്ടയായിരിക്കുമെന്നും താന്‍ അങ്ങനെയാണ് ജീവിതത്തെ എടുക്കാറെന്നും ജസ്ലയും പറഞ്ഞു. 

പ്രദീപിനോടും വീണയോടും ആദ്യം ഇരിക്കാന്‍ പറഞ്ഞശേഷം വീണയോടും മറ്റുള്ളവരോടും മോഹന്‍ലാല്‍ ആ സര്‍പ്രൈസ് പങ്കുവച്ചു. ഈ വാരം എലിമിനേഷന്‍ ഇല്ല എന്ന വിവരം! തന്റെ കൈയിലുള്ള ബിഗ് ബോസിന്റെ സന്ദേശം മോഹന്‍ലാല്‍ എല്ലാവരെയും ഉയര്‍ത്തി കാണിക്കുകയും ചെയ്തു. അതില്‍ 'നോ എവിക്ഷന്‍' എന്ന് എഴുതിയിരുന്നു. കൈയടികളോടെയാണ് മിക്ക മത്സരാര്‍ഥികളും മോഹന്‍ലാലിന്റെ വാക്കുകളെ വരവേറ്റത്. ബാക്കിയുള്ളവര്‍ കണ്ണിനസുഖമൊക്കെ മാറിവന്നതിന് ശേഷം നമുക്ക് ഇനി എവിക്ഷന്‍ നടത്താമെന്നും മോഹന്‍ലാല്‍ പറഞ്ഞു.