അഞ്ചാം ആഴ്ച കഴിയുന്നതിന്‍റെ വാരാന്ത്യത്തില്‍ എല്ലാ ആഴ്ചയിലേയും പോലെ മോഹന്‍ലാല്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കാണാനെത്തി. നിരവധി കാര്യങ്ങള്‍ പറഞ്ഞും ഓര്‍മിപ്പിച്ചും  ശാസിച്ചുമായിരുന്നു മോഹന്‍ലാലിന്‍റെ സംസാരം. വീട്ടില്‍ നടന്ന കാര്യങ്ങളെ കുറിച്ചുള്ള സംസാരം അവസാനിച്ചതിന് പിന്നാലെയാണ് ബിഗ് ബോസിന് പുറത്തുള്ളവരുടെ ചില ചോദ്യങ്ങളെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ചില ചോദ്യങ്ങള്‍ ചോദിച്ചത്. ചില പ്രസ്താവനകള്‍ പറഞ്ഞ് അത് ശരിയോ തെറ്റോ എന്ന് പറയാനായിരുന്നു നിര്‍ദേശം. ഒരാള്‍ ഇങ്ങനെയുള്ള ആളാണ് അത് ശരിയാണോ തെറ്റാണോ എന്ന് പറയണം. എന്തുകൊണ്ടാണ് ആണെന്ന് പറഞ്ഞതെന്നും അല്ലെന്ന് പറ‍ഞ്ഞതെന്നും പറയണം എന്നതായിരുന്നു ഗെയിം.

അക്കൂട്ടത്തില്‍ ഒരു ചോദ്യം ആര്യയുടെ മധ്യസ്ഥയാകല്‍ ബിഗ് ബോസ് ഹൗസിലെ നിലനില്‍പ്പിന് വേണ്ടി മാത്രമാണോ എന്നായിരുന്നു. ചോദ്യത്തിന് കൃത്യമായ പ്ലക്കാര്‍ഡ് പൊക്കാതിരുന്ന എലീനയോട് മോഹന്‍ലാല്‍ കയര്‍ത്തു. എന്താണെന്ന് മനസിലാക്കിയ ശേഷം കാര്‍ഡ് പൊക്കിയാല്‍ മതിയെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ചോദ്യം വ്യക്തമായില്ലെന്നായിരുന്നു എലീന പറഞ്ഞത്. എന്നാല്‍ സമയം കളയാനില്ലെന്ന് പറഞ്ഞ് മോഹന്‍ലാല്‍ മറ്റാളുകളോട് കാര്യം പറയാന്‍ പറഞ്ഞു.

സത്യമെന്ന് പറഞ്ഞ ഒരാള്‍ പറയൂ എന്ന് പറ‍ഞ്ഞ് മോഹന്‍ലാല്‍ ജസ്ലയുടെ പേര് പറഞ്ഞു. എന്നാല്‍ കാര്‍ഡ് സത്യമെന്നും അസത്യമെന്നും പറയാതെ നേരെ പിടിച്ചിരിക്കുകയായിരുന്നു ജസ്ല. നടുക്കാണോ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ അതെ നടുക്കാണ് എന്ന് ജസ്ല പറഞ്ഞു. എന്നാല്‍ ദേഷ്യത്തോടെ മോഹന്‍ലാല്‍ ജസ്ലയോട് 'അങ്ങനെ പറ്റില്ല, ഇന്‍ ബിറ്റിവീന്‍ ഇവിടെ കളിക്കാന്‍ പറ്റില്ല. ഇന്‍ ബിറ്റ്‍വീന്‍ എന്നൊക്കെ പറയുന്നത് വലിയൊരു സ്റ്റേജാണ്. അതിലേക്കൊന്നും നിങ്ങളെത്തിയിട്ടില്ല. എന്താണ് കുട്ടീ, നിങ്ങള്‍ വലിയ നിലപാടും കാര്യങ്ങളൊക്കെ ആയിട്ട് നമ്മളെ കളിയാക്കുന്നത് പോലെയല്ലേ...' എന്ന് പറഞ്ഞു.

ഒടുവില്‍ ജസ്ല സത്യമെന്ന് മറുപടി പറ‍ഞ്ഞു. കാര്യം പറയാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയും ചെയ്തു. ക്രിയേറ്റഡായ വഴക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ മീഡിയേറ്ററാകുമ്പോള്‍ അത് ഗെയിം കളിക്കുകയാണെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു ജസ്ല പറഞ്ഞത്. എന്നാല്‍ അല്ലെന്ന് പറഞ്ഞ ദയ, ആര്യ സ്വന്തം ക്യാരക്ടറായി തന്നെയാണ് ഷോയില്‍ നില്‍ക്കുന്നതെന്നും ഗെയിമിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും പറഞ്ഞു.