ബിഗ് ബോസ്സിന്റെ പ്രേക്ഷകര്‍ ഓരോ ആഴ്‍ചയിലെയും അവസാന ദിവസത്തേയ്‍ക്ക് ഉറ്റുനോക്കാറുണ്ട്. ലാലേട്ടൻ വരുന്നതും  ആ ദിവസത്തിലാണ്. ആരൊക്കെയാകും പുറത്തുപോകുകയെന്ന് അറിയുന്നതും അന്ന് തന്നെ. വോട്ടുകളുടെ അടിസ്ഥാനത്തില്‍ ആരൊക്കെ രക്ഷപ്പെടുന്നുവെന്നും അറിയാം. എവിക്ഷൻ പട്ടികയില്‍ പെട്ടവരില്‍ ഒരാളുടെ മാത്രം കാര്യം വ്യക്തമാക്കി സസ്‍പെൻസില്‍ നിര്‍ത്തിയാണ് ലാലേട്ടൻ ഇന്നത്തെ രംഗം അവസാനിപ്പിച്ചത്.

എവിക്ഷൻ പട്ടികയില്‍ പെട്ടവരെ കുറിച്ചായിരുന്നു മോഹൻലാല്‍ ആദ്യം ചോദിച്ചത്. ടാസ്‍ക്കില്‍ ലഭിച്ച അവസരത്തെ കുറിച്ചും മോഹൻലാല്‍ ആരാഞ്ഞു. ഒരു ടാസ്‍ക്കില്‍ എവിക്ഷൻ പ്രക്രിയയില്‍ നിന്ന് രക്ഷപ്പെടാനുള്ള സമ്മാനം ലഭിച്ചിരുന്നു. ആര്യ, ജസ്‍ല എന്നിവര്‍ക്കായിരുന്നു അവസരം ലഭിച്ചത്. അതില്‍ ജസ്‍ല അവസരം ഉപയോഗിച്ചിരുന്നു. അങ്ങനെ ജസ്‍ല എവിക്ഷൻ ഘട്ടത്തില്‍ നിന്ന് ഒഴിവായി. ആര്യ പ്രേക്ഷകരുടെ വോട്ടും തീരുമാനവും നേരിടാമെന്നും തീരുമാനിച്ചു.

എന്തുകൊണ്ടാണ് അവസരം ഉപയോഗിക്കാം എന്ന് തീരുമാനിച്ചത് എന്ന് ജസ്‍ലയോട് മോഹൻലാല്‍ ചോദിച്ചു. നമുക്ക് അറിയില്ലല്ലോ എന്താണ് എന്ന്, അതുകൊണ്ട് ഉപയോഗിച്ചുവെന്നായിരുന്നു ജസ്‍ലയുടെ മറുപടി.

എന്നാല്‍ എവിക്ഷൻ ഘട്ടം നേരിടാം എന്ന് വിചാരിച്ച ആര്യയെ മോഹൻലാല്‍ അഭിനന്ദിക്കുകയും ചെയ്‍തു. പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടാതിരിക്കുമെങ്കില്‍ പോകാം എന്നുതന്നെ തീരുമാനിച്ചായിരുന്നു അവസരം ഉപയോഗിക്കാതിരുന്നത് എന്ന് ആര്യ പറഞ്ഞു. അതിനു ശേഷമായിരുന്നു എവിക്ഷൻ ഘട്ടത്തില്‍ ഉള്‍പ്പെട്ടവരോട് എഴുന്നേറ്റു നില്‍ക്കാൻ മോഹൻലാല്‍ പറഞ്ഞത്. അങ്ങനെ ആര്യയും, മഞ്ജു പത്രോസും, സൂരജും, വീണാ നായരും, രജിത് കുമാറും, പ്രദീപ് ചന്ദ്രനും എഴുന്നേറ്റുനിന്നു.  ഏഴുപേരില്‍ ആദ്യം ഒരാളെ തെരഞ്ഞെടുക്കാം എന്ന് മോഹൻലാല്‍ പറഞ്ഞു. ഒരാളുടെ കാര്‍ഡ് മോഹൻലാല്‍ തുറക്കുകയും ചെയ്‍തു. വീണാ നായരായിരുന്നു അത്. സേഫ് സോണില്‍ ആണെന്ന് കാര്‍ഡില്‍ എഴുതിയിരുന്നു.  വീണ വീട്ടില്‍ വേണമെന്നാണ് ആള്‍ക്കാര്‍ പറയുന്നത് എന്ന് മോഹൻലാല്‍ വ്യക്തമാക്കി. സന്തോഷമായി എന്ന് വീണാ നായരും പ്രതികരിച്ചു.

പുറത്താകാൻ ഒരാളുണ്ട് എന്ന് സൂചിപ്പിക്കുകയും ചെയ്‍തു മോഹൻലാല്‍. അത് നാളെ പറയാം എന്ന് പറഞ്ഞാണ് മോഹൻലാല്‍ വേദി വിട്ടത്.