'ഇനി വലിയ കളികളുമല്ല, കളികള്‍ വേറെ ലെവല്‍'  ആണെന്ന് ഉറപ്പ് നല്‍കിയാണ് മോഹന്‍ലാല്‍ ബിഗ് ബോസ് കാണാന്‍ പ്രേക്ഷകരെ ക്ഷണിച്ചിരിക്കുന്നത്

ചെന്നൈ: ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്‍റെ രണ്ടാം സീസണ് തുടക്കം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമ്പോള്‍ ബിഗ് ബോസിന്‍റെ രണ്ടാം പതിപ്പിനായി അക്ഷമരായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ബിഗ് ബോസ് രണ്ടാം പതിപ്പിനുള്ള അവസാന വട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. 'ഇനി വലിയ കളികളുമല്ല, കളികള്‍ വേറെ ലെവല്‍' ആണെന്ന് ഉറപ്പ് നല്‍കിയാണ് മോഹന്‍ലാല്‍ ബിഗ് ബോസ് കാണാന്‍ പ്രേക്ഷകരെ ക്ഷണിച്ചിരിക്കുന്നത്.

മത്സരാര്‍ത്ഥികളും അവര്‍ക്ക് നല്‍കുന്ന ടാസ്കുകളും വളരെ രസകരമായിരിക്കുമെന്ന് മോഹന്‍ലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത് തുടര്‍ച്ചയായി കാണുക എന്നുള്ളതാണ് കാര്യം. ഇടയ്ക്ക് വച്ച് കാണുന്നവര്‍ക്ക് മനസിലാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നൂറ് ദിവസത്തേക്ക് ബിഗ് ബോസ് വീട്ടില്‍ നടക്കുന്ന സംഭവബഹുലമായ കാര്യങ്ങള്‍ കാണാനും ആസ്വദിക്കാനുമാണ് മോഹന്‍ലാല്‍ പറയുന്നത്.

നൂറ് ദിവസങ്ങളുള്ള ഷോയില്‍ പതിനേഴ് മത്സരാര്‍ത്ഥികളാണുള്ളത്. വൈകിട്ട് ആറ് മണിക്ക് ലോഞ്ചിങ് എപ്പിസോഡില്‍, മത്സരാര്‍ത്ഥികളെ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. പുറം ലോകത്ത് നിന്ന് അകന്ന് മത്സരാര്‍ത്ഥികള്‍ കഴിയേണ്ട ആഡംബര ബംഗ്ലാവ് ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ തയാറായി കഴിഞ്ഞു.

24 മണിക്കൂറും തുറന്നിരിക്കുന്ന അറുപതിലധികം ക്യാമറാകണ്ണുകളും സജ്ജമായിട്ടുണ്ട്. സെലിബ്രിറ്റികള്‍ക്ക് പുറമേ സമൂഹത്തിന്‍റെ വിവിധ മേഖലയില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസ് ഹൗസിലുണ്ടാവുക. കേരളത്തിന്‍റെ പൈതൃക തനിമയിലുള്ള സെറ്റും, വ്യത്യസ്ഥ മത്സരരീതികളുമാണ് പ്രത്യേകത.