ബിഗ് ബോസ് വീട്ടില്‍ സഭ്യത വിട്ട് സംസാരിക്കരുതെന്ന് മഞ്ജുവിനോട് കഴിഞ്ഞാഴ്ചയാണ് മോഹന്‍ലാല്‍ ശാസിച്ചുകൊണ്ട് സംസാരിച്ചത്. എന്നാല്‍ ഇതെല്ലാം മത്സരാര്‍ത്ഥികളില്‍ ചിലര്‍ മറന്നുവെന്നാണ് ഇന്നലത്തെ എപ്പിസോഡ് വ്യക്തമാക്കുന്നത്. ഈ ആഴ്ച പാചകവും വിളമ്പലുമടക്കമുള്ള ജോലിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത് രജിത്തിനെയും ദയയെയുമാണ്. ഈ അടുക്കളയില്‍ നിന്ന് തന്നെയാണ് ഇന്നലെ പ്രശ്നങ്ങള്‍ തുടങ്ങിയതും. 

ഭക്ഷണം കഴിക്കാന്‍ സ്വന്തമായി പ്ലേറ്റില്‍ ചപ്പാത്തിയെടുത്ത് കറിയെടുക്കാന്‍ പോയ ജസ്ലയോട് താന്‍ വിളമ്പിത്തരാമെന്നും കറി കുറവാണെന്നും രജിത് പറയുന്നു. പെട്ടെന്ന് ക്ഷുഭിതയായ ജസ്ല രജിത്തിനോട് പൊട്ടിത്തെറിക്കുകയും ചപ്പാത്തി തിരിച്ച് എടുത്ത പാത്രത്തിലേക്ക് വലിച്ചെറിഞ്ഞ് പുറത്തേക്കു പോവുകയും ചെയ്തു. ആര്യയും മറ്റുള്ളവരും വിളിച്ചിട്ടും ജസ്ല നിന്നില്ല. തുടര്‍ന്ന് ടോയ്‍ലെറ്റില്‍ പോയിരുന്ന ജസ്ലയോട്, എലീന അങ്ങോട്ട് ചെന്ന് സംസാരിച്ചു. പിന്നാലെയെത്തിയ പാഷാണം ഷാജിയും ജസ്ലയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രജിത്തിനെ അധിക്ഷേപിക്കുന്ന വാക്കുകളായിരുന്നു ഷാജി ഉപയോഗിച്ചത്. 

ഒരു ഫാമിലിയായി ജീവിക്കുന്നവര്‍ക്കേ കൂടപ്പിറപ്പിന് ഒരു സങ്കടമുണ്ടായാല്‍ അറിയുള്ളൂ... ഒരു പന്നിക്കൂട്ടില്‍ ജീവിക്കുന്നതു പോലെയാണ് അയാള്‍ ജീവിക്കുന്നത് എന്നായിരുന്നു ഷാജി ആദ്യം പറഞ്ഞത്. പിന്നാലെ ജസ്ല ഭക്ഷണമൊക്കെ കഴിച്ച ശേഷം സിറ്റൗട്ടില്‍ സംസാരിക്കുമ്പോള്‍ വളരെ മോശമായ രീതിയില്‍ വീണ്ടും ഷാജി സംസാരിച്ചു. അത് ഏറ്റുപിടിക്കുന്ന തരത്തിലായിരുന്നു മറ്റുള്ളവരും സംസാരിച്ചത്. 'നീ ഇത്രയും ഇവിടെ കാണിച്ചിട്ട് അയാള്‍ക്കൊരു സങ്കടവുമില്ല. അയാള്‍ പട്ടി ചന്തയ്ക്ക് പോയപോലെ വളര്‍ന്ന ആളാണ്.  എനിക്കയാളെന്താന്നറിയാമോ... പട്ടിത്തീട്ടമില്ലേ... നമ്മള്‍ ഒരിക്കല്‍ ചവിട്ടിയാല്‍ പിന്നെ ആ വശത്തേക്ക് പോകരുത്, കാല്‍ കഴുകി മറ്റൊരു വശത്തൂടെ മാറിപ്പോവുക' എന്നായിരുന്നു ഷാജി പറഞ്ഞത്.

സംഭവത്തിന് ശേഷം രജിത്തിനെ ഒറ്റപ്പെടുത്തണമെന്ന തരത്തിലായിരുന്നു ഷാജി മറ്റുള്ളവരോട് സംസാരിച്ചത്.
അടുക്കളയില്‍ ഇനി ആരും കയറി സഹായിക്കണ്ട, നാളെ വൈകി കഴിച്ചാല്‍ മതി എല്ലാരും എന്നും ഷാജി പറ‍ഞ്ഞു. ഷാജിയുടെ ഇത്തരം പരാമര്‍ശങ്ങളാണ് ബിബി കഫേയില്‍ പ്രേക്ഷകരില്‍ കൂടുതല്‍ ചോദിച്ചത്. പാഷാണം ഷാജിയുടെ പരാമര്‍ശത്തിന് രൂക്ഷമായ രീതിയിലാണ് ബിബി കഫേയില്‍ പ്രേക്ഷകര്‍ പ്രതികരിച്ചത്.