ഏറെ സംഘര്‍ഷത്തിലൂടെ ആയിരുന്നു ഇന്നലെ ബിഗ് ബോസ് ഹൗസ് കടന്നുപോയത്. പ്രശ്ന കലുഷിതമായിരുന്നു അന്തരീക്ഷം. ഒപ്പം കണ്ണ് രോഗത്തിന്‍റെ അലോസരങ്ങളും . ലക്ഷ്വറി ടാസ്കിന്‍റെ ഭാഗമായി മത്സരാര്‍ത്ഥികള്‍ സ്വന്തമാക്കിയ കോയിനുകളില്‍ രജിത്തിന്‍റെ മുഴുവനായും പവന്‍റെ കുറച്ചെണ്ണവും മോഷ്ടിക്കപ്പെട്ടു. എന്നാല്‍ ചികിത്സയ്ക്കായി എല്ലാവരെയും പുറത്തുകൊണ്ടുപോകണമെന്ന് ബിഗ് ബോസ് പറഞ്ഞപ്പോഴായിരുന്നു സംഭവം. ടാസ്ക് താല‍്ക്കാലികമായി നിര്‍ത്തിവച്ചുവെന്ന് തെറ്റിദ്ധരിച്ച രജിത്തും പവനും കോയിനുകള്‍ ബെഡില്‍ എല്ലാവരും കാണുന്ന തരത്തില്‍ ഇടുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം ബിഗ് ബോസ് മോഷ്ടിച്ചതിനെ കുറിച്ച് പ്രതിപാദിക്കാതെ മത്സര വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിന്‍റെ ചര്‍ച്ചകള്‍ വലിയ സംഘര്‍ഷത്തിലേക്കാണ് ബിഗ് ബോസ് വീടിനെ നയിച്ചത്.

സൂരജിന്‍റെ കയ്യില്‍ നിന്ന് കോയിനുകള്‍ തട്ടിപ്പറിക്കാന്‍ പവന്‍ ശ്രമിക്കുന്നതോടെയാണ് തര്‍ക്കങ്ങളുടെ തുടക്കം. ഓരോരുത്തരും പല സംഘങ്ങളായി തിരിഞ്ഞുസംസാരിക്കവെയാണ് ബഹളം കേട്ടത്. പവനും സൂരജും തമ്മില്‍ ചെറിയ കയ്യാങ്കളി. സൂരജിന്റെ നാണയങ്ങള്‍ പവൻ തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. സ്വന്തം കയ്യിലുള്ള നാണയം തട്ടിപ്പറിക്കുന്നത് ശരിയല്ല എന്ന് സൂരജ് വ്യക്തമാക്കി. സംഭവം പിന്നീട് എല്ലാവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തിലേക്ക് എത്തി. 

കയ്യില്‍ നിന്ന് തട്ടിപ്പറിക്കാന്‍ പവന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരെല്ലാവരും അത് ചെറുത്തു. പ്രദീപ് സൂരജിന്‍റെ കോയിനില്‍ പിടിച്ച പവന്‍റെ കൈ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഇതുകണ്ട ഫുക്രു പൊട്ടിത്തെറിക്കുകയായിരുന്നു. താന്‍ ആരോഗ്യം വച്ച് കളിക്കേണ്ട ഇവിടെ എന്നായിരുന്നു ഫുക്രു പറഞ്ഞത്. പവൻ ശകാരവാക്കുകള്‍ പറഞ്ഞതോടെ മറ്റുള്ളവരും രോഷാകുലരായി. 

ഉളുപ്പുണ്ടോ, നാണമുണ്ടോയെന്നൊക്കെ പവനിനോടും രജിത് കുമാറിനോടും മറ്റുള്ളവര്‍ ചോദിച്ചു. കുറച്ചുനാള്‍ ബഹുമാനിച്ചതില്‍ തനിക്ക് തന്നെ പരിഹാസം തോന്നുന്നുവെന്ന് സൂരജ് പറഞ്ഞു. അന്തസ്സ് വേണമെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. അതിനിടയില്‍ പവൻ കൈചൂണ്ടി ഓരോരുത്തരോടും സംസാരിക്കുകയും ചെയ്‍തു. അതോടെ ഫുക്രുവും വീണ നായരുമൊക്കെ പൊട്ടിത്തെറിച്ചു. ഒരു തീരുമാനമുണ്ടായിട്ടുമതി മുന്നോട്ടുപോക്ക് എന്നായിരുന്നു എല്ലാവരുടെയും നിലപാട്. പവൻ കയ്യൂക്കുകൊണ്ട് സംസാരിക്കുന്നു, മോശം വാക്കുകള്‍ പറയുന്നുവെന്നൊക്കെയായിരുന്നു എല്ലാവരുടെയും പരാതി. 

ഇതിനിടയില്‍ ഫുക്രു ഇങ്ങനെയാണെങ്കില്‍ ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഇതില്‍ നമ്മള്‍ സംസാരിക്കേണ്ടെന്നും മുകളില്‍ നിന്ന് തീരുമാനം വരട്ടെയെന്നും ഫുക്രു പറയുന്നുണ്ട്. ബിഗ്  ബോസേ എന്നെ ഇവിടെ കൊല്ലാന്‍ വേണ്ടി കൊണ്ടുവന്നതാണോ എന്നും ഫുക്രു ചോദിക്കുന്നുണ്ട്. ഇതിനൊരു തീരുമാനം വേണമെന്നും ഫുക്രു പറയുന്നു. ഒരാളെ പേടിച്ച് ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു ഫുക്രു പറ‍ഞ്ഞത്. നീയെന്തിനാടാ പേടിക്കുന്നത് ഇവനെയൊക്കെ എന്നായിരുന്നു വീണയുടെ ചോദ്യം. നാണമില്ലേ നിനക്കങ്ങനെ പറയാനെന്നും വീണ ഫുക്രുവിനോട് ചോദിച്ചു. ക്യാപ്റ്റനായ ഷാജി ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു.