100 ദിവസത്തേക്ക് ലോകവുമായുള്ള ബന്ധം മുറിച്ച്, ഒരു വീട്ടില്‍ അപരിചിതരായ മറ്റ് മത്സരാര്‍ഥികള്‍ക്കൊപ്പം കഴിയുക എന്നതാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ഓരോ മത്സരാര്‍ഥിക്ക് മുന്നിലും വെക്കുന്ന ചലഞ്ച്. ദിവസങ്ങള്‍ മുന്നോട്ടുപോകുന്തോറും ഇവര്‍ക്കിടയിലെ സൗഹൃദവും ശത്രുതയുമൊക്കെ മാറിമറിഞ്ഞ് പോകും. അത്തരത്തില്‍ ബന്ധങ്ങളിലുണ്ടാവുന്ന രസതന്ത്രങ്ങളൊക്കെ പ്രേക്ഷകരെ സംബന്ധിച്ച് കൗതുകക്കാഴ്ചയാണ്. ബിഗ് ബോസ് സീസണ്‍ രണ്ട് ഏഴാം വാരത്തില്‍ മുന്നോട്ട് പോകുമ്പോള്‍ രണ്ട് പേര്‍ക്കിടയില്‍ അടുത്തിടെ സംഭവിച്ച അടുപ്പം മറ്റ് മത്സരാര്‍ഥികളിലും പ്രേക്ഷകര്‍ക്കിടയിലും സംസാരവിഷയമാണ്. വീണയ്ക്ക് രജിത്തിനോടുള്ള അടുപ്പമാണ് അത്.

ഇന്ന് ആരംഭിച്ച വീക്ക്‌ലി ടാസ്‌കില്‍ ഒരേ ടീമില്‍ അംഗങ്ങളായിരുന്നു വീണയും രജിത് കുമാറും. ടാസ്‌കിന്റെ ഇടവേളകളില്‍ ഇരുടീമംഗങ്ങള്‍ക്കിടയിലും തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഫുക്രുവും വീണയും തമ്മിലും രജിത്തും ഫുക്രുവും തമ്മിലും ജസ്ലയും രജിത്തും തമ്മിലും തര്‍ക്കങ്ങള്‍ നടന്നു. ഫുക്രുവുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് ഇടയ്ക്ക് വീണ ഗെയിമില്‍നിന്ന് മാറിനില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടാസ്‌കിന്റെ ഇടവേളയില്‍ രജിത്തിനെ ജസ്ല കുറ്റപ്പെടുത്തിയപ്പോള്‍ രജിത്തിന്റെ ഭാഗത്തുനിന്ന് സംസാരിക്കുകയും ചെയ്തു വീണ.

 

മത്സരം ആരംഭിക്കാനുള്ള ബസര്‍ ശബ്ദിക്കുന്നതിന് മുന്‍പ് തടയാനായി രജിത് തന്റെ ദേഹത്ത് പിടിച്ചത് ശരിയായില്ലെന്ന് ജസ്ല പറഞ്ഞു. ഈ സംസാരം നടക്കുമ്പോള്‍ വീണയും സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അറിഞ്ഞുകൊണ്ട് അങ്ങനെ ആരെങ്കിലും പെരുമാറുമോ എന്നും ഗെയിമിനുവേണ്ടി ചെയ്തതായിരിക്കുമെന്നും വീണയാണ് മറുപടി പറഞ്ഞത്. മറ്റെന്തെങ്കിലും ഉദ്ദേശത്തോടെ ചെയ്‌തെന്ന് താനും ആരോപിച്ചില്ലെന്നും എന്നാല്‍ ചെയ്തത് ശരിയായില്ലെന്നാണ് പറഞ്ഞതെന്നും ജസ്ലയും മറുപടി പറഞ്ഞു. ജസ്ല അവിടെനിന്ന് പോയതിന് ശേഷം തര്‍ക്കമുണ്ടായപ്പോള്‍ തന്റെ ഭാഗത്തുനിന്ന് സംസാരിച്ചതിന് രജിത് വീണയോട് നന്ദിയും പറഞ്ഞു. വീട്ടില്‍ പോയതിന് ശേഷം ഇന്നത്തെ എപ്പിസോഡ് കാണുമ്പോള്‍ വീണ ചിലപ്പോള്‍ തന്നെ വിളിക്കുമെന്നും രജിത് പറഞ്ഞു. എന്നാല്‍ താന്‍ അല്ലെങ്കിലും ഫോണ്‍ ചെയ്യുമെന്നായിരുന്നു വീണയുടെ മറുപടി. 'ഞാനിവിടെ ആകെപ്പാടെ കാണാതെ പഠിച്ചുവച്ചിരിക്കുന്നത് നിങ്ങളുടെ നമ്പര്‍ മാത്രമല്ലേയുള്ളൂ..', വീണ രജിത്തിനോട് പറഞ്ഞു.