ബിഗ് ബോസ് രണ്ടാം സീസണ്‍ ഇതാ ഏഴാം ആഴ്ചയിലേക്ക് കടക്കുകയാണ്. ഇന്നലെ ആറാം ആഴ്ചയിലെ അവസാന ദിവസമായ ഞായറാഴ്ച മോഹന്‍ലാല്‍ എത്തിയ ദിവസമായിരുന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു എവിക്ഷനും മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. അങ്ങനെ ഏറെ ആകാംക്ഷകള്‍ സമ്മാനിച്ച ശേഷം ബിഗ് ബോസ് വീട്ടില്‍ നിന്നും പ്രദീപ് ചന്ദ്രന്‍ പുറത്തേക്ക് പോയി.

അപ്രതീക്ഷിതമായിരുന്നു ആ എവിക്ഷന്‍. പലപ്പോഴും ആര്‍ജെ സൂരജ് പുറത്തേക്ക് പോകുമെന്നായിരുന്നു കരുതിയിരുന്നതെങ്കില്‍  ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രദീപും മഞ്ജുവും ഡേഞ്ചറസ് സോണിലാണെന്ന് പ്രഖ്യാപനമുണ്ടായത്. സൂരജ് തന്നെ ഇക്കാര്യത്തില്‍ പറഞ്ഞത് താന്‍ പോകാന്‍ മെന്‍റലി തയ്യാറായിക്കഴിഞ്ഞിരുന്നു. ഞാന്‍ തന്നെയാണ് പോവുകയെന്നാണ് കരുതിയത് എന്നായിരുന്നു.

എവിക്ഷന്‍ പ്രക്രിയ പൂര്‍ത്തിയായി മോഹന്‍ലാല്‍ അടുത്താഴ്ചവരെ വിടപറഞ്ഞതിന് ശേഷം ശോകമൂകമായിരുന്നു ബിഗ് ബോസ് ഹൗസ്. എല്ലായിടത്തും പൊട്ടലും ചീറ്റലും പൊട്ടിക്കരച്ചിലും വിഷാദവും പ്രകടമായി. ലിവിങ് റൂമില്‍ തന്നെ ഇരുന്ന് ആര്യയും മഞ്ജുവും ഫുക്രുവും വീണയുമെല്ലാം പൊട്ടിക്കരയുകയായിരുന്നു. ഒന്നും മിണ്ടാതെ മുഖത്ത് വിഷാദം നിറച്ച് നില്‍ക്കുന്ന ഷാജിയെയും കാണാമായിരുന്നു.

'ഓരോ ആഴ്ചയും ഓരോരുത്തര് പോകും... ദൈവം തീരുമാനിക്കുന്നു.. ജനങ്ങള്‍ തീരുമാനിക്കുന്നു അവര്‍ പോകുന്നു'. എന്നായിരുന്നു രജിത് പറഞ്ഞത്. എങ്കിലും പ്രദീപ് എനിക്കൊരും വലിയ ആശ്വാസമായിരുന്നുവെന്നും രജിത് പറയുന്നുണ്ട്. ഏറ്റവും കൂടുതല്‍ വൈകാരികമായി പ്രതികരിച്ചത് ജസ്‍ലയായിരുന്നു. ആദ്യ ആഴ്ചയില്‍ വന്നപ്പോള്‍ ഞാന്‍ പ്രദീപേട്ടനെയാണ് നോമിനേറ്റ് ചെയ്തത്. അന്ന് തന്നോട് മിണ്ടാത്ത ഒരാളെന്ന നിലയിലായിരുന്നു അത്. പക്ഷെ പിന്നീട് അദ്ദേഹമായിരുന്നു എന്‍റെ പ്രധാന കമ്പനിയെന്നും ജസ്‍ല സൂരജിനോട് പറയുന്നത് കാണാമായിരുന്നു. പ്രദീപേട്ടനെ കാലനൊന്നുമല്ല കൊണ്ടുപയതെന്നായിരുന്നു ഷാജി മഞ്ജുവിനെയും സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞത്.