ബിഗ് ബോസ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ആരാണ് പുറത്താകുകയെന്ന തീരുമാനം. ലാലേട്ടൻ വരുന്ന ദിവസമാണ് അക്കാര്യത്തില്‍ തീരുമാനം അറിയിക്കുകയും ചെയ്യുക. ബിഗ് ബോസ്സിലെ മോശം പ്രകടനം പുറത്താകലിലേക്ക് വഴി തെളിയിക്കുകയും ചെയ്യും. ബിഗ് ബോസ് വീട്ടിലുള്ളവര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരില്‍ നിന്നാണ് ആരാണ് പുറത്തുപോകേണ്ടത് എന്ന് വോട്ടെടുപ്പിലൂടെ പ്രേക്ഷകര്‍ തീരുമാനിക്കുക. അത്യന്തികം ആകാംക്ഷനിലനിര്‍ത്തിയായിരുന്നു ബിഗ് ബോസ് ഇന്ന് പുറത്തായത് ആരെന്ന് വ്യക്തമാക്കിയതും.

വീണാ നായര്‍ സേഫ് സോണിലെന്ന് കഴിഞ്ഞ ദിവസം തന്നെ ലാലേട്ടൻ വെളിപ്പെടുത്തിയിരുന്നു. ജയിലില്‍ പോകാൻ തയ്യാറായിനില്‍ക്കുന്ന ആര്യയെയും പുറത്താകലില്‍ നിന്ന് മാറ്റിനിര്‍ത്തി. ആരാകും ഇന്ന് പുറത്താകുകയെന്ന ആകാംക്ഷ വര്‍ദ്ധിക്കുകയും ചെയ്‍തു. വിധിയെഴുതി വെച്ച കാര്‍ഡിനു മുന്നില്‍ ഓരോരുത്തരോടും നില്‍ക്കാൻ ലാലേട്ടൻ പറഞ്ഞു. അവരവരുടെ പേര് എഴുതിവെച്ച കാര്‍ഡിനു മുന്നില്‍ ഓരോരുത്തരും നിന്നു. രജിത് കുമാര്‍, പ്രദീപ് ചന്ദൻ, മഞ്ജു പത്രോസ്, സൂരജ് എന്നിവരായിരുന്നു അവര്‍. കാര്‍ഡ് തുറന്നുനോക്കാൻ പറഞ്ഞു. രജിത് കുമാറും സൂരജും സേഫ് സോണില്‍. മഞ്ജു പത്രോസും പ്രദീപ് ചന്ദ്രനും ഡെയ്ഞ്ചര്‍ സോണിലും. എന്തായിരിക്കും സംഭവിക്കുകയെന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ പുറത്തുപോകാൻ സാധ്യതയുണ്ടെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ കണ്ണിന് അസുഖം ബാധിച്ച് വീട്ടില്‍ ആള്‍ക്കാര്‍ കുറവായതിനാല്‍ ഇത്തവണ ആരും പുറത്തുപോകാൻ സാധ്യത ഇല്ല എന്നും ചിലര്‍ പറഞ്ഞു.

തുടര്‍ന്ന് ഇരുട്ടുമുറിയിലേക്ക് മഞ്ജു പത്രോസിനെയും പ്രദീപ് ചന്ദ്രനെയും മാറ്റി. കണ്ണുകള്‍ മൂടാൻ നിര്‍ദ്ദേശിച്ചു. രണ്ടുപേര്‍ വന്ന് മഞ്ജു പത്രോസിനെയും പ്രദീപ് ചന്ദ്രനെയും ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് പുറത്തേയ്‍ക്ക് നടത്തി. ആരാണ് വന്നത് എന്ന് ഇരുവരും ചോദിക്കുന്നുണ്ടായിരുന്നു. എലീനയാണോ എന്ന് പ്രദീപ് ചന്ദ്രൻ സംശയം പ്രകടിപ്പിക്കുകയും ചെയ്‍തു. പേടിയാകുന്നുവെന്ന് മഞ്ജു പത്രോസും പറഞ്ഞു.

വീണ്ടും ലാലേട്ടൻ സ്‍ക്രീനില്‍ എത്തി. ഫുക്രുവിനോട് പുറത്തെ മുറിയിലേക്ക് പോകാൻ പറഞ്ഞു. ഫുക്രു അവിടെയത്തിയപ്പോള്‍ മഞ്ജു പത്രോസ് അവിടെയുണ്ടായിരുന്നു. കെട്ടിപ്പിടിച്ച് ഫുക്രു മഞ്ജുവിനെ വീണ്ടും വീട്ടിലേക്ക് നയിച്ചു. വീട്ടിലെത്തിയപ്പോള്‍ പ്രദീപ് ചന്ദ്രൻ എവിടെ എന്ന് മഞ്ജു ചോദിച്ചു. പ്രദീപ് ചന്ദ്രൻ എവിടെയും പോയില്ല, ഇവിടെയുണ്ട് എന്ന് ലാലേട്ടൻ പറഞ്ഞപ്പോഴാണ് ആരാണ് പുറത്തായത് എന്ന് പ്രേക്ഷകര്‍ക്ക് വ്യക്തമായത്. പ്രദീപ് ചന്ദ്രൻ വീട്ടില്‍ നിന്ന് പുറത്തേയ്‍ക്ക് വരികയും ചെയ്‍തു.

കുറെക്കാലം ബിഗ് ബോസ് വീട്ടില്‍ നിലനിര്‍ത്തിയതിന് നന്ദി പറയാനായിരുന്നു പ്രദീപ് ചന്ദ്രൻ കിട്ടിയ അവസരം ഉപയോഗിച്ചത്. നമ്മളെ വേണ്ടാത്തിടത്ത് നമ്മള്‍ നില്‍ക്കാതിരിക്കുകയാണ് നല്ലതെന്നും പ്രദീപ് ചന്ദ്രൻ പറഞ്ഞു. മോഹൻലാല്‍ പ്രദീപ് ചന്ദ്രനൊപ്പം ഫോട്ടോയെടുക്കണമെന്ന് പറഞ്ഞു. ഇരുവരും ഒന്നിച്ച് ഫോട്ടോ എടുത്തു. പ്രദീപ് ചന്ദ്രൻ പ്രേക്ഷകര്‍ക്ക് വീണ്ടും  നന്ദി പറഞ്ഞു.

തുടര്‍ന്ന് എല്ലാവിധ ആശംസകളും നേര്‍ന്ന് പ്രദീപ് ചന്ദ്രനെ മോഹൻലാല്‍ യാത്രയയ്‍ക്കുകയും ചെയ്‍തു.

പ്രദീപ് ചന്ദ്രൻ പോയതിനെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് ബിഗ് ബോസ് വീട്ടില്‍. പ്രദീപ് ചന്ദ്രൻ പോയതിന്റെ സങ്കടംപങ്കുവെച്ച് ചിലര്‍ കരയുന്നുമുണ്ടായിരുന്നു.