ബിഗ് ബോസ് രണ്ടാം സീസണിലെ അഞ്ചാം ആഴ്ചയെ ഒറ്റവാക്കില്‍ സംഘര്‍ഷഭരിതം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. തുടക്കം മുതല്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കങ്ങളുടെ പൂരമായിരുന്നു. വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ എത്തിയപ്പോഴും അത്ര രസത്തിലായിരുന്നില്ല കാര്യങ്ങള്‍. മഞ്ജുവിനോടും ജസ്ലയോടുമടക്കം പൊട്ടത്തെറിക്കുന്ന മോഹന്‍ലാലിനെയായിരുന്നു കണ്ടത്. ഇങ്ങനെ അഞ്ചാം ആഴ്ച കഴിഞ്ഞ് ആറാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് ഹൗസ്. മോഹന്‍ലാല്‍ ഒരാഴ്ചത്തേക്കായി യാത്രപറഞ്ഞ് പോയതിന് ശേഷവും വീട്ടിനുള്ളില്‍  നടന്ന കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് പാഷാണം ഷാജി പുതിയ ക്യാപ്റ്റനായി. അടുക്കളക്കാര്യങ്ങളും പ്ലേറ്റ് കഴുകലുമെല്ലാമായി ആളുകളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇത്തവണ അടുക്കളയില്‍ പാചകത്തിനെത്തുന്നത് രജിത് കുമാറാണ്. സഹായത്തിന് ദയയും. ഈ ആഴ്ചയിലെ ആദ്യ ദിനത്തിലെ പാട്ടെത്തിയതാണ് ഇപ്പോള്‍ പ്രൊമോ വീഡിയോയില്‍ പുറത്തുവന്നിരിക്കുന്നത്. അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോനിക്കായ് എന്ന പാട്ടായിരുന്നു ബിഗ് ബോസ് ഉണര്‍ത്തുപാട്ടായി വച്ചത്.

പുതിയ ആഴ്ചയില്‍ പുതിയ ഊര്‍ജവുമായി നില്‍ക്കുന്ന മത്സരാര്‍ത്ഥികളെയാണ് കാണുന്നത്. അടുക്കളയില്‍ പാചകം ചെയ്യുന്ന രജിത് കുമാര്‍ തൊട്ടരികില്‍ കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി ദോശ ചുടുന്ന ദയ. ഡാന്‍സിനിടയ്ക്ക് രജിത് കുമാറിനെ തമാശയില്‍ തട്ടുന്ന ദയ. ഉറക്കച്ചടവിലിരിക്കുന്ന ആര്യ, ഡാന്‍സുമായി പ്രദീപ്. കൊമ്പത്തുകയറി ഡാന്‍സ് സ്റ്റെപ്പുമായി ഫുക്രു, വേറെ ലെവല്‍ സ്റ്റെപ്പുമായി എലീനയും വീണയും. ഇത്തരത്തില്‍ രസകരമായ മുഹൂര്‍ത്തങ്ങളാണ് ഇന്നത്തെ എപ്പിസോഡില്‍ കാത്തിരിക്കുന്നത്.

കുക്കിങ്ങില്‍ എക്സ്പേര്‍ട്ടല്ലാത്ത തന്നെ അടുക്കള ജോലിയില്‍ നിര്‍ദേശിച്ചത് അനീതിയാണെന്ന് കഴിഞ്ഞ ദിവസം രജിത് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് തര്‍ക്കങ്ങളും ചര്‍ച്ചകളുമുണ്ടായി. എന്നാല്‍ അടുക്കളയില്‍ അതിരാവിലെ കുക്കിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദയയെയും രജിത്തിനെയുമാണ് പ്രൊമോയില്‍ കാണുന്നത്.