ബിഗ് ബോസ് വീട് കഴിഞ്ഞ ദിവസം സംഘര്‍ഷഭരിതമായിരുന്നു. ലക്ഷ്വറി ടാസ്കിലൂടെ നേടിയ കോയിനുകള്‍ സംരക്ഷിക്കാന്‍ കഴിയാതെ പോയ രജിത്തിന്‍റെയും പവന്‍റെയും വാദങ്ങളായിരുന്നു വീടിനെ ശബ്ദമുഖരിതമാക്കിയത്. എന്നാല്‍ ഇതാദ്യമായി രജിത് കുമാറിന് തന്‍റെ വാദങ്ങളില്‍ അടിതെറ്റി. പലപ്പോഴും ഇത്തരം തര്‍ക്കങ്ങളും സംസാരങ്ങളും ഉണ്ടാകുമ്പോള്‍ രജിത് ബിഗ് ബോസില്‍ നിന്ന് നീതി ലഭിക്കുമെന്ന് വാദിച്ച് ജയിക്കുകയും ചെയ്യുമായിരുന്നു. അന്ന് പാചകവാതകത്തിന്‍റെ സംഭവത്തില്‍ സുരേഷുമായുള്ള തര്‍ക്കവും മറ്റ് വാദങ്ങളുമെല്ലാം സാധൂകരിക്കാന്‍ രജിത്തിന് സാധിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങള്‍ രജിത്തിന്‍റെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിക്കുന്നതായിരുന്നു. ഓരോ മത്സരാര്‍ഥിയും അവരവരുടെ പ്രകടനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം ടാസ്‍കില്‍ ലഭിച്ച നാണയങ്ങള്‍ സൂക്ഷിക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നാല്‍ പവന്റെയും രജിത് കുമാറിന്റെയും നാണയങ്ങള്‍ മോഷണം പോയത് കാര്യങ്ങളാണ് സംഘര്‍ഷത്തിലേക്കും തര്‍ക്കങ്ങളിലേക്കും നയിച്ചത്.

എല്ലാവരും കണ്ണ് പരിശോധനയ്‍ക്ക് പോകേണ്ടതുണ്ട് എന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു. ടാസ്‍ക് തിരികെ വന്നിട്ട് തുടരുമെന്നുമായിരുന്നു ബിഗ് ബോസ് പറഞ്ഞത്. എല്ലാവരും പരിശോധനയ്‍ക്ക് പോകാൻ തയ്യാറാവുകയും ചെയ്‍തു.  അതിനിടയിലാണ് രജിത് കുമാറിന്റെ നാണയങ്ങള്‍ മഞ്ജു പത്രോസ് മോഷ്‍ടിച്ചത്. നാണയങ്ങള്‍ ഒളിപ്പിക്കാൻ വീണ നായര്‍ സഹായിക്കുകയും ചെയ്‍തു. തന്റെ നാണയങ്ങള്‍ നഷ്‍ടപ്പെട്ടത് തിരിച്ചറിഞ്ഞെങ്കില്‍ ടാസ്‍ക് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ് അതുകൊണ്ട് ആശങ്കപ്പെടാനില്ല എന്ന ബോധ്യത്തിലായിരുന്നു രജിത് കുമാര്‍. 

അതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയും ചെയ്‍തപ്പോള്‍ പവന്റെ കുറച്ച് നാണയങ്ങള്‍ വീണയും മോഷ്‍ടിച്ചു. അവ ഒളിപ്പിക്കാൻ മഞ്ജു പത്രോസ് സഹായിക്കുകയും ചെയ്‍തു. നാണയങ്ങള്‍ മോഷ്‍ടിക്കപ്പെട്ടത് മനസ്സിലാക്കിയ പവൻ ശബ്‍ദമുയര്‍ത്തി സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്‍തു. അതിനിടയില്‍ എല്ലാവരോടും ചികിത്സയ്‍ക്ക് പോകാൻ ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. എല്ലാവരും പോവുകയും ചെയ്‍തു.

തിരിച്ചുവന്നപ്പോള്‍ എല്ലാവരും മത്സരത്തിന്റെ ചിന്തയിലായിരുന്നു. പവൻ ആകട്ടെ കട്ടക്കലിപ്പിലും. രജിത് കുമാര്‍ പവനെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പവനെ അതൊന്നും ശാന്തനാക്കിയില്ല. ജസ്‍ലയാണ് നാണയങ്ങള്‍ മോഷ്‍ടിച്ചത് എന്ന കണക്കുകൂട്ടലിലായിരുന്നു പവൻ. തന്റെ നാണയങ്ങള്‍ തിരികെവച്ചില്ലെങ്കില്‍ പ്രശ്‍നം വഷളാവുമെന്ന് പവൻ പറയുകയും ചെയ്‍തിരുന്നു. പവനും ജസ്‍ലയും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്‍തു. എന്ത് വഷളത്തരമായിട്ടാണ് ഇവനെയൊക്കെ വളര്‍ത്തിവലുതാക്കിയത് എന്ന് ആര്യ ചോദിച്ചിരുന്നു.

ബിഗ് ബോസ്സിന്റെ നിര്‍ദ്ദേശാനുസരണം എല്ലാവരും ഒത്തുകൂടി. ഓരോരുത്തരോടും അവരവരുടെ കയ്യില്‍ ഉള്ള നാണയത്തിന്റെ എണ്ണവും പോയന്റും പറയാൻ പറഞ്ഞു. എന്നാല്‍ തന്റെ കയ്യിലെ നാണയം ടാസ്‍ക് നിര്‍ത്തിവച്ച സമയത്ത് മോഷണം പോയെന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ പോയന്റ് മാത്രം പറയാന്‍ ബിഗ് ബോസ് രജിത് കുമാറിനോട് നിര്‍ദ്ദേശിച്ചു. പോയന്റൊന്നുമില്ലെന്ന് രജിത് കുമാര്‍ പറഞ്ഞു. 

എല്ലാവരും സ്വന്തം പോയന്റുകള്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ ബിഗ് ബോസ് മത്സരഫലം പ്രഖ്യാപിക്കുകയും ചെയ്‍തു. ഫുക്രുവായിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാമത് പാഷാണം ഷാജി. തൊട്ടടുത്ത് സൂരജും. കഴിഞ്ഞ ദിവസം പവനായിരുന്നു വിജയി. അവരവരുടെ കയ്യിലുള്ള നാണയം മോഷണം പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും എന്തും സംഭവിക്കാമെന്നും ബിഗ് ബോസ് വ്യക്തമാക്കി. ഇതോടെ ടാസ്ക് നിര്‍ത്തിവച്ചുവെന്ന് ചിന്തിച്ച് കോയിനുകള്‍ നഷ്ടപ്പെടുത്തിയ രജിത്തിന്‍റെ കണക്കൂകൂട്ടലുകളെല്ലാം പിഴച്ചു. തുടര്‍ന്നുള്ള തര്‍ക്കങ്ങളിലെല്ലാം ബിഗ് ബോസിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്യാതെ തന്നെ കണ്ണ് പരിശോധനയ്ക്കായി പുറത്തുപോകേണ്ട പ്രത്യേക സാഹചര്യത്തില്‍ സഹോദരങ്ങളെ വിശ്വസിച്ചുവെന്ന സേഫായ വാദത്തിലേക്ക് രജിത്ത് മാറിയെന്നതും ശ്രദ്ധേയമാണ്.