ഏഴാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ്ബോസ് സീസണ്‍ രണ്ട്. ഷോ പകുതിയോടടുക്കുമ്പോള്‍ അവിടെ നടക്കുന്ന ചര്‍ച്ചകളും വേറെ ലെവലാവുകയാണ്. സ്വാഭാവികമായും ചര്‍ച്ചകളുടെ ഒരു വശത്ത്  രജിത്തും മറുവശത്ത് വീട്ടിലെ മറ്റേതെങ്കിലും അംഗങ്ങളും എന്നുള്ളതാണ് പതിവ്. ഈ പതിവ് തെറ്റിയില്ലെങ്കിലും ചര്‍ച്ചാവിഷയത്തില്‍ വലിയ പുതുമ വന്നിരിക്കുന്നു.  ജയിലില്‍ പോകുന്ന വിഐപികള്‍ സാദാ സെല്ലിലല്ല കിടക്കുന്നത് എന്നാണ് രജിത് കുമാര്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് ചര്‍ച്ചയിലേക്ക് മഞ്ജുവും പാഷാണം ഷാജിയും വീണയും മഞ്ജുവും ആര്‍ജെ സൂരജും എത്തുന്നത്. മന്ത്രിമാരൊക്കെ ജയിലില്‍ പോകുമ്പോള്‍ വിഐപി ട്രീറ്റ്മെന്‍റല്ലേ എന്നായിരുന്നു രജിത് പിന്നീട് പറഞ്ഞത്. അങ്ങനെ റൂളുള്ളതായി തനിക്ക് തോന്നുന്നില്ലെന്നായിരുന്നു വീണ പറഞ്ഞത്.

എന്നാല്‍ പിടിച്ചുപറിയും കൊലപാതകവും ഒക്കെ ചെയ്ത് ചെല്ലുന്നവരും രാഷ്ട്രീയത്തടവുകാരും വിചാരണ തടവുകാരും ഒരുപോലെയാണോ ജയിലില്‍ കഴിയുന്നത്. അവരെയൊക്കെ പ്രത്യേകമായി തിരിച്ച് പരിഗണിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം ഉണ്ടെന്നും രജിത് കുമാര്‍ പറയുന്നു. കൊലപാതകം ചെയ്ത് ജയിലില്‍ പോകുന്ന രാഷ്ട്രീയക്കാരനും സാധാരണക്കാരനും പ്രത്യേക ട്രീറ്റ്മെന്‍റാണെന്നാണോ പറയുന്നതെന്നായിരുന്നു മഞ്ജുവിന്‍റെ ചോദ്യം. ആണെന്ന് രജിത് ഉറപ്പിച്ചു പറയുകയും ചെയ്തു. ഭരണഘടന അങ്ങനെ അനുവദിച്ചുകൊടുക്കുന്നുണ്ടോ എന്ന് മഞ്ജു ചോദിക്കുന്നു. അങ്ങനെയാണ് ട്രീറ്റ്മെന്‍റ് എന്ന് രജിത് പറയുന്നു. തനിക്ക് ഇതിനെ കുറിച്ച് പൂര്‍ണമായും അറിയില്ല, എങ്കിലും ഇല്ലെന്നാണ് ഞാന്‍ മനസിലാക്കുന്നതെന്ന് ഷാജിയും പറഞ്ഞു.

തനിക്ക് വ്യക്തമായി അറിയാം, തിരുവനന്തപുരത്തല്ലേ ജീവിക്കുന്നത്. അവിടെ പോയി നോക്ക് കാര്യങ്ങള്‍ വ്യക്തമാകുമെന്നും രിജിത് വീണയോട് പറഞ്ഞു. ഭരണഘടനയെ കുറിച്ച് ചോദിച്ച മഞ്ജുവിനോട് താന്‍ ഭരണഘടനയെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി നിര്‍ദേശത്തെ കുറിച്ചാണ് പറഞ്ഞതെന്നും രജിത് പറയുന്നു. തടവുകാരില്‍ പ്രത്യേകം വിഐപി കാറ്റഗറി ഉണ്ടെന്ന് രജിത് പറഞ്ഞു. തെറ്റുചെയ്യാത്തവരെ ശിക്ഷിക്കാന്‍ സാധിക്കുമോ എന്നായിരുന്നു രജിത് ചോദിച്ചത്. കുറ്റം തെളിയിക്കപ്പെടാത്ത വിചാരണ തടവുകാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നും രജിത് പറഞ്ഞുവയ്ക്കുന്നു. ഇത്രയും പറഞ്ഞതില്‍ എന്താണ് ജയിലിലെ തടവുകാരെ സംബന്ധിച്ച യഥാര്‍ത്ഥ്യമെന്ന് അന്വേഷിച്ചതില്‍ നിന്ന് വ്യക്തമായ ചില കാര്യങ്ങള്‍ ഇവയാണ്.

നിയമം എല്ലാവര്‍ക്കും ഒരുപോലെയാണോ?

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ രാഷ്ട്രപതിയൊഴികെയുള്ള പൗരന്മാര്‍ക്കെല്ലാം നിയമം ഒരേപോലെ ബാധകമാണ്. ചില പ്രിവിലേജുകളും പ്രോട്ടോക്കോളുകളും അവരെ അറസ്റ്റ് ചെയ്യുന്നതിലും മറ്റ് നടപടിക്രമങ്ങളിലും സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് ഉണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടവര്‍ എല്ലാവരെയും നിയമം കുറ്റവാളിയായി തന്നെയാണ് കാണുന്നത്. വിചാരണ തടവുകാരെ പ്രത്യേകം പരിഗണിക്കുന്ന രീതിയും നിയമത്തിലില്ല. കുറ്റകൃത്യങ്ങളുടെ കാഠിന്യവും, സുരക്ഷയും അടക്കമുള്ള പ്രശ്നങ്ങള്‍ അനുസരിച്ച് തടവുകാരെ വിന്യസിക്കാറുണ്ട്. ഇത് ജയില്‍ അധികൃതരുടെ പരിഗണനയ്ക്ക് വിധേയമാണ്.

ജയിലില്‍ വിഐപി തടവറയുണ്ടോ?

കേരളത്തിലെ ജയിലുകളെ കുറിച്ചാണ് രജിത് കുമാര്‍ എടുത്ത് പറഞ്ഞത്.  എന്നാല്‍ നിയമപരമായി എവിടെയും വിഐപി തടവറകള്‍ എന്ന രീതി ഇന്ത്യയിലില്ല. (നേരത്തെ പറഞ്ഞതിന് സമാനമായി സുരക്ഷ, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയവ പരിഗണിച്ച് ജനപ്രതിനിധികള്‍ , രോഗികള്‍ തുടങ്ങിയവര്‍ക്ക് കോടതിയുടെയോ, സര്‍ക്കാരിന്‍റേയോ നിര്‍ദേശ പ്രകാരം ബി ക്ലാസ് തടവറകള്‍ അനുവദിക്കാമെന്ന് മാത്രം). കേരളത്തില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യപ്പെടുന്ന വിചാരണത്തടവുകാരെയും സി കാറ്റഗറി തടവുകാരായാണ് കണക്കാക്കുന്നത്. ഇവര്‍ക്ക് പ്രത്യേക പരിഗണന ജയിലില്‍ ഇല്ല.(ജയിലില്‍ ജോലി ചെയ്യണമെന്ന് നിര്‍ബന്ധമില്ല). ഇവരെയും മറ്റ് തടവുകാര്‍ക്കൊപ്പമാണ് താമസിപ്പിക്കുന്നത്.

ബി ക്ലാസ് തടവുകാര്‍ക്ക് പരമാവധി ലഭിക്കാവുന്ന സൗകര്യങ്ങള്‍

നിലവിലെ നിയമം അനുസരിച്ച ബി ക്ലാസ് തടവുകാര്‍ക്ക് (കോടതിയോ സരര്‍ക്കാരോ നിര്‍ദേശിക്കുന്നവര്‍ക്ക്) ലഭിക്കാവുന്ന പരമാധി സൗകര്യങ്ങളില്‍ ഒന്ന് കിടക്കാന്‍ കട്ടില്‍ ലഭിക്കുമെന്നതാണ്. മറ്റൊന്ന് ഫാന്‍, എഴുതാന്‍ സൗകര്യത്തില്‍ ഒരു മേശ, ടോയ്‍ലെറ്റ് സംവിധാനം അടുത്ത് ലഭിക്കും( ഇതും ആരോഗ്യവും പ്രായവും ഒക്കെ പരിഗണിച്ച് കോടതിയോ സര്‍ക്കാരോ നിര്‍ദേശിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍). എന്നാല്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഒരു പരിഗണനയും ലഭിക്കില്ല. ജയിലില്‍ നിന്ന കൊടുക്കുന്ന ഭക്ഷണം മാത്രമായിരിക്കും ഇവര്‍ക്കും ലഭിക്കുക.