ബിഗ് ബോസ് വീട്ടില്‍ സര്‍പ്രൈസുകളും എവിക്ഷനും അടക്കം വലിയ കോലാഹലം നടക്കുന്ന സമയമാണ് വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ദിവസങ്ങള്‍. വലിയ മത്സരങ്ങളും, പുറത്താക്കലുകളും ചില സര്‍പ്രൈസുകളുമടക്കം ബിഗ് ബോസ് വീട് പൂര്‍ണമായ ഊര്‍ജത്തിലേക്കെത്തും ഈ ദിവസങ്ങളിലാണ്. ഇപ്പോഴിതാ ആറാം ആഴ്ചയുടെ അവസാനത്തില്‍ രണ്ടാം ദിവസം മോഹന്‍ലാല്‍ എത്തിയത്  പുതിയൊരു കളിയുമായാണ്. ചില സിനിമ ഡയലോഗുകള്‍ മോഹന്‍ലാല്‍ പറയുന്നു. അത് ഏതൊക്കെ സിനിമകളിലാണെന്ന് പറയുകയും ആ ഡയലോഗ് വീട്ടിലെ ആരോടെങ്കിലും പറയുകയും ചെയ്യാനായിരുന്നു ഗെയിം പറഞ്ഞത്.

ഫുക്രുവിന് ലഭിച്ചത് 'ഇതെന്‍റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസാണ് ഇത് ചവിട്ടിപ്പൊട്ടിച്ചാല്‍ നിന്‍റെ കാല് ഞാന്‍ വെട്ടും" എന്ന ഡയലോഗായിരുന്നു. ഈ ഡയലോഗ് ആരോടാണ് പറയേണ്ടതെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ രജിത്തിനെയായിരുന്നു ഫുക്രു തെരഞ്ഞെടുത്തത്. അതിന് കാരണമായി പറഞ്ഞത് ഞങ്ങള്‍ രണ്ടും ഗ്ലാസും തമ്മിലുള്ള ഒരു ബന്ധം കൊണ്ടാണെന്നും വ്യക്തിവൈരാഗ്യം കൊണ്ടല്ലെന്നും ഫുക്രു പറഞ്ഞു. അതിനിടയില്‍ ആ ഗ്ലാസെങ്ങാന്‍ പെട്ടിച്ചാല്‍ നിന്‍റെ കാല് ഞാന്‍ ചവിട്ടിപ്പൊട്ടിക്കുമെന്ന് മോഹന്‍ലാലും പറഞ്ഞു. അതേ ഡയലോഗ് ഫുക്രു രജിത്തിനോട് പറഞ്ഞപ്പോള്‍ രജിത് ചിരിച്ച് കൈകൊട്ടിക്കൊണ്ടാണ് സ്വീകരിച്ചത്.

നാട്ടുരാജാവ് എന്ന ചിത്രത്തിലെ.. നിനക്കൊന്നുമറിയില്ല, നീ കുട്ടിയാണ് എന്ന ഡയലോഗായിരുന്നു രജിത്തിന് ലഭിച്ചത്.  അത് ഫുക്രുവിനോടായിരുന്നു രജിത് പറഞ്ഞത്. അത്യാവേശത്തോടെയായിരുന്നു രജിത്തിന്‍റെ ഡയലോഗ്. സാധാരണ ജസ്‍ലയെയാണ് തെരഞ്ഞെടുക്കാറെന്നും എന്നാല്‍ ഇത്തവണ ഫുക്രുവിനെയാണ് തെരഞ്ഞെടുക്കുന്നത് എന്നും പറഞ്ഞായിരുന്നു രജിത് ആ ഡയലോഗ്പറഞ്ഞത്.

അതേസമയം രജിത്തിനോടു തന്നെയാണ് ജസ്‍ലയും ഡയലോഗ് പറഞ്ഞത്. നരസിംഹത്തിലെ ഇടഞ്ഞ കൊമ്പന്‍റെ കൃഷ്ണമണിക്ക് തോട്ടി കേറ്റി കളിക്കല്ലേ ചവിട്ടിത്താഴ്ത്തും നിന്ന ഞാന്‍ എന്നതായിരുന്നു ജസ്‍ലയ്ക്ക് ലഭിച്ചത്. ഈ ഡയലോഗ് രജിത്തിനോട് പറയാനുള്ള കാരണായി ദേഷ്യത്തോടെ ജസ്‍ല പറഞ്ഞത്, പലപ്പോഴും കുട്ടികളെന്ന് പറഞ്ഞ് നമ്മളെ പുച്ഛിച്ചുകൊണ്ടിരിക്കുകയാണെന്നതായിരുന്നു. ഇതൊക്കെ കുറച്ച് വോള്‍ട്ടേജ് കൂടിയതാണെന്നായിരുന്നു മോഹന്‍ലാല്‍ കമന്‍റായി പറഞ്ഞത്.