ബിഗ് ബോസ്സില്‍ ഓരോ മത്സരാര്‍ഥിയും അന്തിമ വിജയത്തിനായി തന്നെയാണ് പോരാടുന്നത്. ഒന്നാമത് എത്താൻ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ ഓരോരുത്തരും ശ്രമിക്കുന്നു. ഇണക്കങ്ങളും പിണക്കങ്ങളും മാറിമാറി വരുന്നതും സ്വാഭാവികം. എന്നാല്‍ മത്സരവിജയത്തിനു വേണ്ടിയും സ്‍നേഹം കൊണ്ടുമൊക്കെ മത്സരാര്‍ഥികള്‍ ഓരോ സംഘമായി മാറാറുമുണ്ട്. ഒരു കുടുംബമായി പരമാവധി മുന്നോട്ടുപോകുമെന്നതിന്റെ സൂചനയാണ് തല്‍ക്കാലത്തേയ്‍ക്ക് എങ്കിലും മത്സാര്‍ഥികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ എന്നാണ് കഴിഞ്ഞ ഭാഗങ്ങളില്‍ വ്യക്തമായത്.

ഒരു ടാസ്‍ക്കിന്റെ ഭാഗമായി തനിക്ക് കിട്ടിയ അവസരം ആര്യ ഉപയോഗിച്ചതു തന്നെ ഒത്തൊരുമയുടെ സൂചനയായി കാണാം. അത് ബുദ്ധിയുടെ സൂക്ഷ്‍മതയായിട്ടും വിലയിരുത്തുന്നുമുണ്ട്. പക്ഷേ എല്ലാവരും മത്സരത്തിന്റെ വശം ഉള്‍ക്കൊണ്ടുതന്നെ പരമാവധി ഒത്തൊരുമിച്ച് പോകണമെന്നാണ് ലാലേട്ടൻ നിര്‍ദ്ദേശിച്ചത്. തുടര്‍ന്നായിരുന്നു ആര്യ തനിക്ക് കിട്ടിയ അവസരം രജിത് കുമാറിനെ ജയില്‍വാസത്തില്‍ നിന്ന് രക്ഷിക്കുന്നതിനു വേണ്ടി ഉപയോഗിച്ചത്. ഒന്നുങ്കില്‍ ഭരിക്കാം അല്ലെങ്കില്‍ ജയിലില്‍ പോകാം എന്നതാണ്  ആര്യക്ക് കിട്ടിയ സ്വിച്ച് പോയന്റ് കൊണ്ടുള്ള ഗുണം എന്ന് മോഹൻലാല്‍ പറഞ്ഞു. അതിന്റെ മാര്‍ഗ്ഗങ്ങളും മോഹൻലാല്‍ തന്നെ വിശദീകരിച്ചു. ക്യാപ്റ്റൻസിയെ കുറിച്ചാണ് മോഹൻലാല്‍ ആദ്യം സൂചിപ്പിച്ചത്. ക്യാപ്റ്റൻസിക്കായി ഏറ്റവും കൂടുതല്‍ പോയന്റ് ലഭിച്ചത് യഥാക്രമം പാഷാണം ഷാജി, മഞ്ജു പത്രോസ്, പ്രദീപ് ചന്ദ്രൻ എന്നിവര്‍ക്കാണ്. ഏറ്റവും കുറവ് പോയന്റ് ലഭിച്ച് ജയിലില്‍ പോകാൻ സാധ്യതയുള്ളത് യഥാക്രമം രജിത് കുമാറും ജസ്‍ലയുമാണ്. പാഷാണം ഷാജിയെ മാറ്റി ക്യാപ്റ്റൻസിക്കായി മത്സരിക്കാം, അല്ലെങ്കില്‍ രജിത് കുമാറിനോ ജസ്‍ലയ്‍ക്കോ പകരമായി ജയില്‍ പോകുകയോ ചെയ്യാം എന്നതാണ് ആര്യക്ക് സ്വിച്ച് പോയന്റ് കൊണ്ടു കിട്ടാവുന്ന കാര്യങ്ങള്‍ എന്ന് മോഹൻലാല്‍ വ്യക്തമാക്കി.

ആര്യ ഏത് കാര്യമാണ് തെരഞ്ഞെടുക്കുക. അത് ആര്യ പറയും മുമ്പേ മോഹൻലാല്‍ ഇടവേളയെടുത്തു. അതുകൊണ്ടു തന്നെ ആര്യ പിരിമുറക്കത്തിലായി. ആരാധകര്‍ ആകാംക്ഷയിലും. ആര്യ എന്താകും തെരഞ്ഞെടുക്കുകയെന്നത് എന്ന് അറിയാൻ മോഹൻലാലും ആകാംക്ഷയിലായിരുന്നു.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടെന്ന പോലെ ആര്യ എടുത്ത തീരുമാനം ജയിലില്‍ പോകാനായിരുന്നു. രജിത് കുമാറിന് പകരം ജയിലില്‍ പോകുന്നുവെന്നാണ് ആര്യ പറഞ്ഞത്. രജിത്തിന്റെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. അദ്ദേഹം മരുന്നൊക്കെ കഴിക്കുന്നുണ്ട്. വിശ്രമത്തിന്റെ ആവശ്യമുണ്ട്. ജയില്‍വാസം കുറച്ച് സമ്മര്‍ദ്ദമുള്ളതാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും എല്ലാം. അതുകൊണ്ട് അദ്ദേഹത്തിന് പകരം ഞാൻ പോകാം. തീരുമാനത്തെ കുറിച്ച് ആര്യ വിശദീകരിച്ചു. ആര്യയുടെ തീരുമാനത്തെ കുറിച്ചുള്ള രജിത് കുമാറിന്റെ പ്രതികരണവും മോഹൻലാല്‍ ചോദിച്ചു. ബുദ്ധിയുടെ സൂക്ഷ്‍മതയാണ്, അതേസമയം സ്‍നേഹത്തിന്റെയും എന്ന് രജിത് കുമാര്‍ പറഞ്ഞിരുന്നു. ഇന്നും അതിന്റെ തുടര്‍ച്ചയായ സംസാരമുണ്ടായി. തന്നെ രജിത് കുമാര്‍ തെറ്റിദ്ധരിച്ചുവെന്ന് ആര്യ പറഞ്ഞു. എന്നാല്‍ തനിക്ക് ഒരു അപേക്ഷയുണ്ട് എന്ന് രജിത് കുമാര്‍ പറഞ്ഞു. തന്നെത്തന്നെ ജയിലില്‍ വിടണമെന്നാണ് അപേക്ഷയെന്നും രജിത് കുമാര്‍ പറഞ്ഞു. തനിക്ക് വേണ്ടി ഒരാള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ തനിക്ക് ഇഷ്‍ടമല്ല എന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ ബിഗ് ബോസ്സിന് ഒരു നിയമമുണ്ട്, അതുകൊണ്ട് മാറ്റാനാകില്ല എന്ന് മോഹൻലാല്‍ പറഞ്ഞു. ഒരിക്കല്‍ ജയിലില്‍ കിടന്നില്ലേ, എന്തിനാണ് എപ്പോഴും ജയിലില്‍ കിടക്കണമെന്ന് ആഗ്രഹിക്കുന്നത് എന്തിനാണ് എന്നും മോഹൻലാല്‍ ചോദിച്ചു.


രജിത് കുമാറിനും ജസ്‍ലയ്‍ക്കും സര്‍പ്രൈസായി ഇന്ന് ഫോണ്‍ കോളുകളും മോഹൻലാല്‍ കേള്‍പ്പിച്ചിരുന്നു. രജിത് കുമാറിന്റെ വിദ്യാര്‍ഥികളായിരുന്നു വിളിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് നന്ദി പറഞ്ഞപ്പോള്‍ ആര്യക്ക് ഇതുവരെ കോളുകള്‍ വന്നില്ല എന്ന് രജിത് കുമാര്‍ സൂചിപ്പിച്ചു. എന്തുകൊണ്ടാണ് ആര്യയോട് ഇപ്പോള്‍ സ്‍നേഹം, പകരം ജയിലില്‍ പോകാൻ തയ്യാറായതുകൊണ്ടാണോയെന്ന് മോഹൻലാല്‍ ചോദിച്ചു. തനിക്ക് വേണ്ടി ആര്യ ത്യാഗം ചെയ്‍തതല്ലേ, അപ്പോള്‍ താനും ചെയ്യേണ്ടെ എന്ന് രജിത് കുമാര്‍ ചോദിച്ചു.തന്നെ സഹായിക്കുന്ന ഒരാള്‍ക്കുവേണ്ടി താൻ തിരിച്ചും ചെയ്‍തിരിക്കും, അതാണ് തന്റെ ശീലമെന്നും രജിത് കുമാര്‍ പറഞ്ഞു. വാക്കേണേ എന്ന് മോഹൻലാല്‍ പറഞ്ഞു. വാക്ക് എന്ന് രജിത് കുമാറും പറഞ്ഞു.