ജസ്ല മാടശ്ശേരിയെ താനിനി സ്വന്തം വൃത്തത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് രജിത് കുമാര്‍. ദയ അശ്വതിയോടുള്ള സൗഹൃദ സംഭാഷണത്തിനിടെയാണ് രജിത്തിന്റെ അഭിപ്രായപ്രകടനം. ദയ രജിത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള സംസാരം ആരംഭിക്കവെ അത് തടഞ്ഞുകൊണ്ട് ഉദാഹരണമായാണ് രജിത് ജസ്ലയോട് തനിക്ക് ഇപ്പോഴുള്ള നിലപാടിനെക്കുറിച്ച് പറഞ്ഞത്. 

ദയ രജിത്തിന്റെ വിവാഹക്കാര്യം സംസാരിച്ച് തുടങ്ങവെ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. 'എന്നെ കല്യാണം കഴിപ്പിച്ചിട്ട് നിനക്ക് എന്ത് കുന്തം കിട്ടാനാണ്? ആര് വിചാരിച്ചാലും ഒരു പെണ്ണിനെ എന്റെ മനസിലേക്ക് കയറ്റാന്‍ പറ്റില്ല.' ദയയുടെ ഒപ്പം ബിഗ് ബോസ് ആക്ടിവിറ്റികളിലൊക്കെ പങ്കെടുക്കുന്നത് ദയയുടെ ഇവിടെ കൂടുതല്‍ അടയാളപ്പെടട്ടെ എന്ന് ചിന്തിച്ചാണെന്നും രജിത് പറഞ്ഞു. 'നിന്റെ കൂടെ ഇവിടെ കറങ്ങിനടന്നത് ഞാന്‍ ഇവിടുന്ന് പോയാലും നീ ഔട്ട് ആവരുത് എന്നുള്ളതുകൊണ്ടാണ്', രജിത് പറഞ്ഞു. എന്നാല്‍ താന്‍ തന്റേതായ രീതിയിലാണ് ഹൗസില്‍ നില്‍ക്കുന്നതെന്നായിരുന്നു ദയയുടെ മറുപടി.

 

തുടര്‍ന്നാണ് ദയ തനിക്കൊപ്പം നില്‍ക്കുന്നത് താന്‍ അത് അനുവദിക്കുന്നതുകൊണ്ടല്ലേയെന്ന് രജിത് ചോദിച്ചത്. 'ഞാന്‍ നിന്നെ പിണക്കി, അകറ്റിനിര്‍ത്തിയിട്ടുണ്ടെങ്കില്‍ നീ എന്റെ പിറകെ നടക്കുമോ? ഇല്ല. നിനക്ക് കാണണോ ഞാന്‍ നിന്നെ പിണക്കി അകറ്റിനിര്‍ത്തുന്ന കാഴ്ച? ഇപ്പൊ ജസ്ല അകന്ന് നില്‍ക്കുന്നത് കണ്ടോ. ഇനി ജസ്ലയെ ഞാനെന്റെ വട്ടത്തിനകത്ത് പ്രവേശിപ്പിക്കില്ല', രജിത് പറഞ്ഞു. ക്ഷമയും മുന്‍കോപവുമടക്കം സ്വഭാവത്തിലെ ചില കാര്യങ്ങള്‍ മാറ്റിയാല്‍ ദയ മെച്ചപ്പെടുമെന്നും ദയവുചെയ്ത് താന്‍ കല്യാണം കഴിക്കാതെ ശ്വാസം മുട്ടിക്കഴിയുന്ന ആളാണെന്ന് കഥയുണ്ടാക്കരുതെന്നും രജിത് ദയയോട് പറഞ്ഞു.