രജിത് കുമാര്‍ പറയുന്നതിലൊക്കെ കാര്യമുണ്ടെങ്കിലും പറയുന്ന രീതി അവ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നതുപോലെയാണെന്നായിരുന്നു വീണ നായരുടെ അഭിപ്രായം.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഇതിനകം ശ്രദ്ധ നേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് രജിത് കുമാര്‍. പ്രഭാഷകന്‍ എന്ന നിലയില്‍ മുന്‍പ് പലപ്പോഴും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുള്ള രജിത് ആദ്യദിനം മുതല്‍ ജീവിതത്തില്‍ പാലിക്കേണ്ടപല ചിട്ടകളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. എന്നാല്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പലരും രജിത് പറയുന്നതിനോട് തങ്ങള്‍ക്കുള്ള വിയോജിപ്പ് തുറന്നുതന്നെ പറയുന്നുണ്ട്. ജീവിതത്തില്‍ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചുള്ള രജിത്തിന്റെ അഭിപ്രായങ്ങളോട് ചൊവ്വാഴ്ച എപ്പിസോഡില്‍ എതിര്‍പ്പുയര്‍ത്തിയത് മൂന്ന് പേരാണ്. ആര്‍ ജെ രഘു, ആര്യ, വീണ നായര്‍ എന്നിവര്‍.

'മൂപ്പര് പറയുന്നത് എല്ലാം സത്യാ. പക്ഷേ അതൊക്കെ ആശ്രമ ജീവിതം നയിക്കുന്നവര്‍ക്കേ പറ്റൂ' എന്നായിരുന്നു ആര്‍ ജെ രഘുവിന്റെ കമന്റ്. തൊട്ടടുത്തിരുന്ന ആര്യയോട് രഘു പറഞ്ഞുതുടങ്ങി, 'നിങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റ് ആണ്. രാവിലെ ഏഴ് മണിക്ക് പോയാല്‍ ചിലപ്പോള്‍ രാത്രി 12ന് ആവും തിരിച്ചുവരുന്നത്. ഞാനും ജോലി ചെയ്യുന്ന ആളാണ്. രാവിലെ അഞ്ചരയ്ക്ക് പോയാല്‍ ഡ്യൂട്ടി കഴിയുമ്പോഴാണ് തിരിച്ചുവരിക. നമ്മളൊക്കെ പലപല മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. പക്ഷേ മൂപ്പര് (രജിത്തിനെ ചൂണ്ടിക്കൊണ്ട്) പറയുന്നത് ആശ്രമ ജീവിതം നയിക്കുന്ന ഒരാള്‍ക്കേ ചെയ്യാന്‍പറ്റൂ', രഘു പറഞ്ഞു.

രജിത് കുമാര്‍ പറയുന്നതിലൊക്കെ കാര്യമുണ്ടെങ്കിലും പറയുന്ന രീതി അവ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നതുപോലെയാണെന്നായിരുന്നു വീണ നായരുടെ അഭിപ്രായം. ജീവിതം വളരെ ശ്രദ്ധയോടെ ജീവിച്ചിട്ടൊന്നും കാര്യമില്ലെന്ന് ആര്യയും പറഞ്ഞു. അത്തരത്തിലുള്ള ജീവിതം ജീവിച്ചിരുന്ന സ്വന്തം സഹോദരന്‍ ലിവര്‍ സിറോസിസ് ബാധിച്ച് മരിച്ച കാര്യം പറഞ്ഞ് വികാരാധീനയായാണ് ആര്യ സംസാരിച്ചത്.